അഞ്ച് രാജ്യങ്ങളിലേക്ക് ഉക്രെയ‍്നിയന്‍ ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നിരോധനം പിന്‍വലിച്ച് യൂറോപ്യൻ യൂണിയൻ. ഉക്രെയ്‌നുമായി അതിർത്തി പങ്കിടുന്ന അഞ്ച് അംഗരാജ്യങ്ങളിലെ ഇറക്കുമതി നിരോധനം പിന്‍വലിക്കുന്നതായി യൂണിയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
പോളണ്ട്, ബൾഗേറിയ, ഹംഗറി, റൊമാനിയ, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്കുള്ള ഗോതമ്പ്, ചോളം, റാപ്സീഡ്, സൂര്യകാന്തി വിത്തുകൾ എന്നിവയുടെ ഇറക്കുമതിക്കാണ് നിരോധനമുണ്ടായിരുന്നത്. കയറ്റുമതി നിയന്ത്രിക്കുമെന്ന ഉക്രെയ‍്ന്റെ ഉറപ്പിനു പിന്നാലെയാണ് നിരോധനം നീക്കിയത്. കയറ്റുമതിയിലെ കുതിച്ചുച്ചാട്ടം ഒഴിവാക്കാനായി ലൈസൻസിങ് സംവിധാനം പോലുള്ള നടപടികൾ 30 ദിവസത്തിനുള്ളിൽ അവതരിപ്പിക്കാൻ ഉക്രെയ്ൻ സമ്മതിച്ചിരുന്നു. ഉക്രെയ്ൻ ഫലപ്രദമായ കയറ്റുമതി നിയന്ത്രണങ്ങൾ പ്രയോഗിക്കുന്നിടത്തോളം കാലം നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് യൂറോപ്യൻ യൂണിയൻ പറഞ്ഞു.
ധാന്യ കയറ്റുമതി നിരോധനം നീട്ടേണ്ടതില്ലെന്ന യൂറോപ്യൻ യൂണിയന്റെ തീരുമാനത്തെ ഉക്രെയ‍്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി സ്വാഗതം ചെയ്തു. പ്രാദേശിക വിപണികളിലെ വിലയിടിവിനെ തുടര്‍ന്ന് ഇറക്കുമതിക്കെതിരെ കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചതോടെയാണ് നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചത്. രാജ്യങ്ങൾ ഏകപക്ഷീയമായി നിരോധനം ഏർപ്പെടുത്തുന്നത് തടയാനായിരുന്നു യൂറോപ്യന്‍ യൂണിയന്‍ സ്വമേധയാ നിരോധനം പ്രഖ്യാപിച്ചത്. ഉല്പന്നങ്ങൾ മറ്റെവിടെയെങ്കിലും വിൽക്കുന്ന വ്യവസ്ഥയിൽ നിരോധനമേര്‍പ്പെടുത്തിയ രാജ്യങ്ങളിലൂടെ കയറ്റുമതി ചെയ്യാൻ ഉക്രെയ്ന് അനുവാദമുണ്ടായിരുന്നു.
അതേസമയം, പോളണ്ട്, സ്ലൊവാക്യ, ഹംഗറി എന്നീ രാജ്യങ്ങള്‍ ഉക്രെയ‍്നിയന്‍ ധാന്യ ഇറക്കുമതിയില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച സർക്കാർ ഉത്തരവനുസരിച്ച് ധാന്യങ്ങൾ, പച്ചക്കറികൾ, മാംസ ഉൽപ്പന്നങ്ങൾ, തേൻ എന്നിവയുൾപ്പെടെ 24 ഉക്രെയ്നിയൻ കാർഷിക ഉല്പന്നങ്ങൾക്ക് ഹംഗറി ദേശീയ ഇറക്കുമതി നിരോധനം ഏർപ്പെടുത്തി. ബൾഗേറിയ ആദ്യം എതിര്‍പ്പുന്നയിച്ചിരുന്നെങ്കിലും ആഭ്യന്തര ഭക്ഷ്യ വില കുറയ്ക്കാനുള്ള ശ്രമത്തിൽ നിരോധനം നീക്കല്‍ അംഗീകരിക്കുകായിരുന്നു. ആഭ്യന്തര ഇറക്കുമതിക്ക് മാത്രമാണ് മൂന്ന് രാജ്യങ്ങളുടെയും നിരോധനം ബാധകമാകുക.
ഭൂരിഭാഗം അംഗരാജ്യങ്ങളും നിരോധനം നീട്ടുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വർഷം റഷ്യ ഉക്രെയ്‌നിൽ സമ്പൂർണ അധിനിവേശം ആരംഭിച്ചതിന് തൊട്ടുപിന്നാലെ യൂറോപ്യൻ യൂണിയൻ ഉക്രേനിയൻ ഭക്ഷ്യവസ്തുക്കളുടെ ക്വാട്ടകളും താരിഫുകളും ഒഴിവാക്കിയിരുന്നു. യുദ്ധത്തിൽ തകർന്ന ഉക്രെയ‍്നിന്റെ സമ്പദ്‍വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സംഘത്തിന്റെ നീക്കം. കരിങ്കടൽ വഴി കയറ്റുമതി അനുവദിക്കുന്നതിനുള്ള കരാറില്‍ നിന്ന് റഷ്യ പിന്മാറിയതിനു ശേഷം സമീപ മാസങ്ങളിൽ കൂടുതൽ ഉക്രെയ‍്നിയന്‍ ധാന്യങ്ങള്‍ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലൂടെ കരമാർഗം എത്തിത്തുടങ്ങി. അധിനിവേശത്തിനുശേഷം ഉക്രെയ്നിൽ നിന്ന് 44 ദശലക്ഷം ടണ്ണിലധികം ധാന്യം കയറ്റുമതി ചെയ്യാൻ ബദല്‍ ചരക്കുപാതകള്‍ യൂറോപ്യന്‍ യൂണിയന്‍ ശക്തിപ്പെടുത്തിയിരുന്നു.
English Summary: The EU lifted the ban on the import of Ukrainian grains
You may also like this video