Site iconSite icon Janayugom Online

റഷ്യൻ എണ്ണ ഇറക്കുമതി ഭാഗികമായി നിരോധിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍

റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ 90 ശതമാനവും വര്‍ഷാവസാനത്തോടെ നിരോധിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്റെ പ്രഖ്യാപനം. കടല്‍ മാര്‍ഗമുള്ള എണ്ണ ഇറക്കുമതിയേയാകും ഉപരോധം ബാധിക്കുക. പെെപ്പ് ലെെന്‍ വിതരണത്തിന് താല്കാലിക ഇളവ് നല്‍കിയതായും യൂണിയന്‍ എക്സിക്യൂട്ടിവ് മേധാവി ഉര്‍സുല വോണ്‍ അറിയിച്ചു.

റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും ഉപരോധത്തിന്റെ പരിധിയില്‍ വരുമെന്ന് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മെെക്കല്‍ പറഞ്ഞു. ഉക്രെയ്‍നുള്ള സാമ്പത്തിക സഹായ പാക്കേജിന്റെ ഭാഗമായി 97 ലക്ഷം ഡോളര്‍ നല്‍കാനും യോഗത്തില്‍ തീരുമാനമായി. 27 അംഗരാജ്യങ്ങളുടെയും പിന്തുണ ആവശ്യമായ പുതിയ ഉപരോധങ്ങൾ ഇന്ന് നടക്കുന്ന യോഗത്തില്‍ അംഗരാജ്യങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കും.

ഇറക്കുമതി നിരോധിക്കുന്നത് സമ്പദ്‍‍വ്യവസ്ഥ തകര്‍ക്കുമെന്ന ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണ്, പൈപ്പ്‌ലൈന്‍ വഴിയുള്ള എണ്ണ വിതരണത്തെ ഉപരോധത്തില്‍ നിന്ന് ഒഴിവാക്കിയത്. ഹംഗറിയുടെ എണ്ണ വിതരണ സുരക്ഷ ഉറപ്പാക്കിയാൽ മാത്രമേ പുതിയ ഉപരോധത്തെ പിന്തുണയ്ക്കാൻ കഴിയൂ എന്ന് ഓർബൻ വ്യക്തമാക്കിയിരുന്നു. ഹംഗറിയുടെ 60 ശതമാനം എണ്ണ ഇറക്കുമതിയും റഷ്യയെ ആശ്രയിച്ചാണുള്ളത്.

ഉപരോധങ്ങളുടെ ആറാം ഘട്ടത്തിലും വ്യക്തികളുടെ ആസ്തി മരവിപ്പിക്കലും യാത്രാ നിരോധനവും ഉൾപ്പെടും. റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ സ്ബെർബാങ്കിനെ സ്വിഫ്റ്റില്‍ നിന്ന് ഒഴിവാക്കും. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള മൂന്ന് മാധ്യമസ്ഥാപനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ സംപ്രേക്ഷണത്തിനും വിലക്കുണ്ട്.

യൂറോപ്യൻ യൂണിയന്റെ പ്രകൃതി വാതക ഇറക്കുമതിയുടെ 40 ശതമാനവും എണ്ണയുടെ 25 ശതമാനവും റഷ്യയിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ധന ഇറക്കുമതിയ്ക്കായി ഒരു ബില്യണ്‍ യൂറോ( 85 കോടി ഡോളര്‍) ആണ് പ്രതിദിനം യൂറോപ്യന്‍ യൂണിയന്‍ റഷ്യക്ക് നല്‍കുന്നത്. റഷ്യയുടെ പ്രധാന സാമ്പത്തിക സ്രോതസെന്ന നിലയില്‍, എണ്ണ ഇറക്കുമതിയിലൂടെയുളള റഷ്യയുടെ വരുമാനം കുറയ്ക്കുകയാണ് യൂറോപ്യന്‍ യൂണിയന്റെ ലക്ഷ്യം.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ റഷ്യയുടെ സമ്പദ് വ്യവസ്ഥയെ ഉപരോധങ്ങള്‍ ബാധിക്കുമെന്നും നേതാക്കള്‍ കണക്കുകൂട്ടുന്നു. എന്നാല്‍ ഇറക്കുമതിക്ക് ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്ന് റഷ്യ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഉപരോധം യൂറോപ്പിലെ എണ്ണ വിലയേയും രൂക്ഷമായി ബാധിക്കും. എണ്ണ ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം, ഒരു ബാരൽ ബ്രെന്റ് ക്രൂഡിന്റെ വില 124.10 ഡോളറായായണ് (98.59 പൗണ്ട്) ഉയര്‍ന്നത്.

Eng­lish summary;The Euro­pean Union (EU) has said it will par­tial­ly ban Russ­ian oil imports

You may also like this video;

Exit mobile version