Site iconSite icon Janayugom Online

പാലക്കാട് കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് തുടരുന്നു: മഹിളാ കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വിട്ടു

പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളുടെ കൊഴിച്ചില്‍ തുടരുന്നു. ഇത് പാര്‍ട്ടിയെ തെല്ലൊന്നുമല്ല കുഴയ്ക്കുന്നത്.കഴിഞ്ഞ ദിവസം മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും ഷൊര്‍ണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമായ ഒ പി കൃഷ്ണകുമാരിയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചശേഷം ജില്ലയിൽനിന്ന്‌ രാജിവയ്‌ക്കുന്ന ഒമ്പതാമത്തെ നേതാവാണ്‌ കൃഷ്‌ണകുമാരി. വെള്ളിനേഴി പഞ്ചായത്തിലെ കോൺഗ്രസ്‌–-ബിജെപി ബന്ധത്തിൽ പ്രതിഷേധിച്ചാണ്‌ രാജിയെന്ന്‌ അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ വെള്ളിനേഴി പഞ്ചായത്തിൽ കോൺഗ്രസ്‌ സീറ്റ്‌ ബിജെപി അനുഭാവിക്കുനൽകി സ്വതന്ത്രവേഷംകെട്ടിച്ച്‌ സംയുക്ത സ്ഥാനാർഥിയാക്കി.

അതിനെതിരെ അന്നുതന്നെ പ്രതിഷേധിച്ചു. എന്നാൽ അവഗണനയായിരുന്നു ഫലം. സ്വന്തംസീറ്റ്‌ നൽകി ബിജെപി അംഗത്തെ സൃഷ്ടിച്ചു. ഡിസിസി അംഗത്തിന്റെ ഒത്താശയോടെയായിരുന്നു അത്‌. രണ്ടാംവാർഡിൽ സംയുക്ത സ്ഥാനാർഥി ജയിച്ചു.ബിജെപിയുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച്‌ പലതവണ നേതൃത്വത്തോട്‌ സൂചിപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല.

2014 മുതൽ സഹകരണ ബാങ്കിൽ താൽക്കാലിക ജോലിക്കാരിയാണ്‌. നേതൃത്വം അവഗണിച്ചതിനാൽ ജോലി രാജിവച്ചു. എന്നിട്ടും ആരും കാര്യമെന്തെന്ന്‌ അന്വേഷിച്ചില്ല. ഇതോടെയാണ്‌ പാർടിയുമായുള്ള ബന്ധമുപേക്ഷിക്കാൻ തീരുമാനിച്ചത്‌. മൂന്നുതവണ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. വെള്ളിനേഴിയിലെ 13 വാർഡിലും കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാകും കൃഷ്ണകുമാരി അഭിപ്രായപ്പെട്ടു 

Exit mobile version