മഹാരാഷ്ട്രയില്‍ അയൽക്കാരന്റെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം ആയുധങ്ങളുമായി പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ദിൻഡോരി താലൂക്കിലെ നനാഷിയിലാണ് സംഭവം. അച്ഛനും മകനും ചേർന്ന് അയല്‍വാസിയെ കൊലപ്പെടുത്തിയ ശേഷം പൊലീസിൽ പിടി കൊടുത്തതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ഗുലാബ് രാമചന്ദ്ര വാഗ്മരെയെയാണ് 40കാരനായ സുരേഷ് ബൊക്കെയും മകനും ചേർന്ന് കൊലപ്പെടുത്തിയത്. സുരേഷ് ബൊക്കെയുടെ മകളെ ഒളിച്ചോടാൻ ഗുലാബ് വാഗ്മരെ സഹായിച്ചെന്നാരോപിച്ചായിരുന്നു കൊലപാതകമെന്ന് റിപ്പോർട്ട്. പ്രതികളുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ദീർഘ കാലമായി തർക്കത്തിലായിരുന്നുവെന്നും, ഡിസംബർ 31ന് പൊലീസ് സ്‌റ്റേഷനിൽ ഇരു കൂട്ടരും പരസ്‌പരം പരാതി നൽകിയതായും അതിന്റെ അടുത്ത ദിവസം സുരേഷ് ബൊക്കെയുടെ മകളെ ഒളിച്ചോടാൻ ഗുലാബ് വാഗ്മരെ സഹായിച്ചെന്നാരോപിച്ചാണ് കൊലപാതകം.
കോടാലിയും അരിവാളും ഉപയോഗിച്ചായിരുന്നു കൊലപാതകം. സംഭവത്തിൽ കോപാകുലരായ നാട്ടുകാർ സുരേഷ് ബൊക്കെയുടെ വീട്ടിലേക്ക് എത്തുകയും അവിടെയുണ്ടായിരുന്ന കാറിന് തീയിടുകയും ചെയ്തു. ഗ്രാമത്തൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ലോക്കൽ പൊലീസും സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സ് സേനയേയും വിന്യസിച്ചിട്ടുണ്ട്.