Site iconSite icon Janayugom Online

കൂടുതല്‍ എന്‍ജിഒകളുടെ എഫ്സിആര്‍എ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനു വേണ്ടിയുള്ള രണ്ട് സര്‍ക്കാര്‍ ഇതര സംഘടനകളുടെ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്സ് ഇനീഷേറ്റീവ് (സിഎച്ച്ആര്‍ഐ), അപനേ ആപ് വിമണ്‍ വേള്‍ഡ്‌വൈഡ് ഇന്ത്യ (എഎഡബ്ല്യുഡബ്ല്യുഐ) എന്നിവയുടെ ലൈസന്‍സ് ആണ് റദ്ദാക്കിയത്. 

180 ദിവസങ്ങളായി സസ്പെന്‍ഡ് ചെയ്തിരുന്ന സിഎച്ച്ആര്‍ഐയുടെ ലൈസന്‍സ് ആണ് ഇപ്പോള്‍ റദ്ദാക്കിയത്. എന്‍ജിഒയ്ക്കെതിരെ നടത്തിവന്ന അന്വേഷണം പൂര്‍ത്തിയായതായും അവര്‍ക്ക് വിദേശ ധനസഹായം സ്വീകരിക്കുന്നത് തുടരാൻ അനുവദിക്കാനാവില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

2016ല്‍ ഒരു ബാങ്ക് അക്കൗണ്ട് തുറന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും ചില പദ്ധതികള്‍ക്കായി വിദേശ ഫണ്ട് സ്വീകരിച്ചതിന്റെ വിവരങ്ങളും സിഎച്ച്ആര്‍ഐ നല്‍കിയില്ലെന്നും മന്ത്രാലയം പറയുന്നു. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതിനെതിരെ എന്‍ജിഒ കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ ഉത്തരവ് ഉണ്ടായില്ല. വാർഷിക സാമ്പത്തിക റിട്ടേൺ സമർപ്പിക്കുന്നതിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയാണ് എഎഡബ്ല്യുഡബ്ല്യുഐക്കെതിരെയുള്ള നടപടി. ലൈംഗിക കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആണിത്. ന്യൂയോര്‍ക്കും കൊല്‍ക്കത്തയും ആസ്ഥാനമായാണ് സംഘടനയുടെ പ്രവര്‍ത്തനം.

ജനുവരിയില്‍ 5,900 എന്‍ജിഒകളുടെ എഫ്സിആര്‍എ രജിസ്ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നല്‍കിയിരുന്നില്ല. ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ഓക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ഇന്ത്യന്‍ യൂത്ത് സെന്റേഴ്സ് ട്രസ്റ്റ്, ജാമിയ മിലിയ ഇസ്‌ലാമിയ, ട്യൂബര്‍കൊളോസിസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള എന്‍ജിഒകളുടെ ലൈസന്‍സ് ആണ് പുതുക്കി നല്‍കാതിരുന്നത്.

Eng­lish Summary:The FCRA licens­es of more NGOs have been revoked by the Cen­tral Government
You may also like this video

Exit mobile version