യുവാവിനെ കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നിൽ തള്ളിയ കേസിലെ പ്രതികളിലൊരാൾ ജയിൽ ചാടി. വിചാരണ തടവുകാരനായ കോട്ടയം പാറമ്പുഴ മോളയിൽ ബിനുമോനാണ് (38) ശനിയാഴ്ച പുലർച്ചെ കോട്ടയം ജില്ലാ ജയിലിൽ നിന്ന് ചാടിപ്പോയത്.
കഴിഞ്ഞ ജനുവരിയിൽ മുട്ടമ്പലം ഉറുമ്പനത്ത് ഷാൻ ബാബു (19)നെ കൊലപ്പെടുത്തി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിട്ട കേസിലെ അഞ്ചാംപ്രതിയായിരുന്നു ഓട്ടോ ഡ്രൈവറായ ബിനുമോൻ. ജയിലിൽ പാചക ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്ന ഇയാളെ മറ്റ് തടവുകാർക്കൊപ്പം രാവിലെ 4.30ന് സെല്ലിൽ നിന്നു പുറത്തിറക്കിയിരുന്നു. തുടർന്ന് പ്രാഥമികകാര്യകൃത്യങ്ങൾ നിർവഹിക്കാൻ പോയ ബിനു, 4.53 ഓടെ കടന്നുകളയുകയായിരുന്നു.
ജയിലിന്റെ കിഴക്ക് വശത്തെ മതിലിലേക്ക് പലക ചാരി ഇതിലൂടെ ചവിട്ടിക്കയറിയശേഷം മുകളിലൂടെ കടന്നുപോകുന്ന കേബിൾ വഴി തൂങ്ങി പുറത്തുകടന്നുവെന്നാണു സൂചന. പുറത്തുകടന്ന ബിനുമോൻ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപത്തെ ബസ് സ്റ്റോപ്പ് വരെ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ പൊലീസ് നായയും ഈ ബസ് സ്റ്റോപ്പ് വരെയെത്തിമടങ്ങി. ഇവിടെനിന്ന് എതെങ്കിലും വാഹനത്തിൽ കയറി ഇയാൾ പോയതാകാമെന്നാണ് പൊലീസ് നിഗമനം. ജയിലിനുള്ളിൽ പല്ലു തേക്കുമ്പോൾ ലുങ്കിയും ടീ ഷർട്ടും ധരിച്ചിരുന്ന ബിനുവിന്റെ സിസിടിവി ദൃശ്യത്തിൽ ജീൻസും ഷർട്ടും ധരിച്ചതായാണ് കാണുന്നത്.
ഇതിനിടെ ഇയാൾ കോട്ടയം കഞ്ഞിക്കുഴിയിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ എത്തിയിരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വീട്ടിൽ വന്നതായി സമ്മതിച്ച സുഹൃത്ത്, ബിനുമോന്‍ ജയിൽ ചാടി എത്തിയതാണെന്ന് അറിഞ്ഞതോടെ പൊലീസിൽ അറിയിക്കുമെന്നു പറഞ്ഞതായും ഇതോടെ ബിനു മുങ്ങിയെന്നുമാണ് മൊഴി നൽകിയിരിക്കുന്നത്.
അധികദൂരം ഇയാൾ പോയിട്ടില്ലെന്ന നിഗമനത്തിൽ കോട്ടയം നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ട്. ബിനുമോന്റെ ഭാര്യ വീടായ മീനടം കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലെത്തിയ പൊലീസ്, മേഖലയിലെ റബർ തോട്ടങ്ങളിലെ ഒഴിഞ്ഞ കെട്ടിടങ്ങളും പരിശോധിക്കുന്നുണ്ട്. ഒന്നിലേറെ തവണ ഇയാൾ ജാമ്യാപേക്ഷ നൽകിയിരുന്നുവെങ്കിലും കോടതി തള്ളിയിരുന്നു. കഴിഞ്ഞദിവസം ബിനുമോനെ സന്ദർശിക്കാനായി ഭാര്യ ജയിലിൽ എത്തിയിരുന്നു. ഷാൻ വധക്കേസിൽ പ്രതികളെ സഹായിച്ചുവെന്നതാണ് ബിനുവിനെതിരായ കുറ്റം.
English Summary: The fifth accused in the case of killing a young man in front of the station has escaped from jail
You may like this video also