Site iconSite icon Janayugom Online

പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം ജൂണ്‍ 27ന്

പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം ജൂണ്‍ 27-ാം തീയതി തിങ്കളാഴ്ച ആരംഭിക്കുകയാണ്. 2021 മേയ് 24-ാം തീയതി ആദ്യ സമ്മേളനം ചേര്‍ന്ന പതിനഞ്ചാം കേരള നിയമസഭ ഇപ്പോള്‍ ഒരു വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയ്ക്ക് നാലു സമ്മേളനങ്ങളിലായി മൊത്തം 61 ദിനങ്ങളാണ് സഭ സമ്മേളിച്ചത്. കോവിഡ് പശ്ചാത്തലമായിരുന്നിട്ടുകൂടി ഇത്രയും ദിവസങ്ങള്‍ സമ്മേളിച്ചു എന്നത് മറ്റ് സംസ്ഥാന നിയമസഭകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെയേറെ മെച്ചപ്പെട്ട ഒരു പ്രകടനം തന്നെയായിരുന്നു. അതില്‍ തന്നെ 2021 ഒക്ടോബര്‍ 4 മുതല്‍ നവംബര്‍ 11 വരെ നടന്ന മൂന്നാം സമ്മേളനം ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. നിയമനിര്‍മ്മാണത്തിനു മാത്രമായി ചേര്‍ന്ന പ്രസ്തുത സമ്മേളനത്തില്‍ അന്ന് നിലവിലുണ്ടായിരുന്ന 34 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള 34 ബില്ലുകള്‍ സഭ ചര്‍ച്ച ചെയ്ത് പാസ്സാക്കുകയും ഒരു ബില്‍ (2021‑ലെ കേരള പൊതുജനാരോഗ്യബില്‍) വിശദമായ പരിശോധനയ്ക്കും തെളിവെടുപ്പിനുമായി ഒരു സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്തു. ആകെ 21 ദിവസങ്ങളിലായി 167 മണിക്കൂര്‍ സമയം സമ്മേളിച്ചുകൊണ്ടാണ് സഭ ഇത്രയധികം നിയമങ്ങള്‍ ചര്‍ച്ച ചെയ്തു പാസ്സാക്കിയത്.

കഴിഞ്ഞ നാല് സമ്മേളനങ്ങളിലായി സഭ മൊത്തം 48 ബില്ലുകള്‍ പാസ്സാക്കുകയും ചട്ടം 118 പ്രകാരമുള്ള 4 ഗവണ്മെന്റ് പ്രമേയങ്ങള്‍ പാസ്സാക്കുകയും ചെയ്തിട്ടുണ്ട് (ലക്ഷദ്വീപിലെ മനുഷ്യാവകാശ ലംഘനം, കോവിഡ് വാക്സിന്‍ സൗജന്യമാക്കുക, കേന്ദ്ര വൈദ്യുതിനയം പിന്‍വലിക്കുക, LIC ഓഹരിവില്‍പ്പന നിര്‍ത്തിവയ്ക്കുക). കൂടാതെ, കെ-റെയില്‍ പദ്ധതി മൂലം ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് ശ്രീ. പി.സി. വിഷ്ണുനാഥ് ചട്ടം 50 പ്രകാരം നോട്ടീസ് നല്കിയ നോട്ടീസിന്മേലും സഭ 2 മണിക്കൂര്‍ ചര്‍ച്ച നടത്തുകയുണ്ടായി.

2022 മേയ് 26-ാം തീയതി ബഹു. രാഷ്ട്രപതി ശ്രീ. രാംനാഥ് കോവിന്ദ് ഉദ്ഘാടനം നിര്‍വഹിച്ചതും ‘ആസാദി കാ അമൃത് മഹോത്സവി‘ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടതുമായ ‘പവര്‍ ഓഫ് ഡെമോക്രസി — നാഷണല്‍ വിമന്‍‌ ലെജിസ്ലേറ്റേഴ്സ് കോണ്‍ഫറന്‍സ് 2022’ എന്ന പരിപാടി ദേശീയതലത്തില്‍ത്തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. ലോക്‌സഭാംഗങ്ങള്‍, രാജ്യസഭാംഗങ്ങള്‍, ഇതര സംസ്ഥാനങ്ങളിലെ നിയമസഭകളിലേയും നിയമനിര്‍മ്മാണ കൗണ്‍സിലുകളി ലേയും അംഗങ്ങള്‍, വനിത സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരക്കം 19 സംസ്ഥാനങ്ങള്‍ / കേന്ദ്ര ഭരണ പ്രദേശങ്ങളില്‍നിന്ന് നൂറോളം ജനപ്രതിനിധികളും വനിതാ ജഡ്ജിമാരും ഉദ്യോഗസ്ഥരും വിവിധ മേഖലകളില്‍ ദേശീയ തലത്തില്‍ പ്രസിദ്ധരായ എഴുപതിലധികം വനിതാ പ്രതിനിധികള്‍ പ്രത്യേക ക്ഷണിതാക്കളായും സമ്മേളനത്തില്‍ പങ്കെടുത്തു. പ്രസ്തുത കോണ്‍ഫറന്‍സില്‍ അംഗീകരിക്കപ്പെട്ട പ്രസക്തമായ രണ്ട് പ്രമേയങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി.

സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്കാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2022 ജൂണ്‍ 17, 18 തീയതികളിലായി നിയമസഭാ മന്ദിരത്തില്‍വച്ച് നടത്തിയ മൂന്നാം ലോക കേരളസഭാ സമ്മേളനവും പ്രാതിനിധ്യം കൊണ്ടും ഉള്ളടക്കം കൊണ്ടും ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു. 62 വിദേശരാജ്യങ്ങളില്‍നിന്നും 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുമായി 300‑ല്‍ അധികം പ്രവാസികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ വ്യത്യസ്തങ്ങളായ പതിനൊന്ന് പ്രമേയങ്ങളും സഭ പാസ്സാക്കി.
2022–23 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസ്സാക്കുവാനായി ചേരുന്ന അഞ്ചാം സമ്മേളനം കലണ്ടര്‍ പ്രകാരം ജൂലൈ 27-ാം തീയതി അവസാനിക്കുന്നതാണ്. സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളില്‍ 13 ദിവസങ്ങള്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കായും 4 ദിവസങ്ങള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായും ധനകാര്യബില്‍ ഉള്‍പ്പെടെയുള്ള ബില്ലുകളുടെ പരിഗണനയ്ക്കായി 4 ദിവസങ്ങളും ഉപധനാഭ്യര്‍ത്ഥനയ്ക്കും ധനവിനിയോഗ ബില്ലുകള്‍ക്കുമായി 2 ദിവസങ്ങളും നീക്കിവച്ചിരിക്കുന്നു.

Eng­lish Summary:The Fifth Ses­sion of the Fif­teenth Ker­ala Leg­isla­tive Assem­bly will be held on June 27
You may also like this video

Exit mobile version