Site iconSite icon Janayugom Online

പി ടി 7നെ പിടികൂടാനുള്ള ആദ്യശ്രമം പരാജയം

ധോണി ജനവാസ മേഖലയിൽ ഭീതി പരത്തുന്ന പി ടി 7 എന്ന ഒറ്റയാനെ പിടികൂടാനുള്ള ദൗത്യസംഘത്തിന്റെ ആദ്യ ശ്രമം വിജയിച്ചില്ല. ധോണി വനമേഖലയിൽ ആനയെ കണ്ടെത്തിയെങ്കിലും ചെങ്കുത്തായ സ്ഥലത്തേക്ക് നീങ്ങി ആന നാലുമണിക്കൂറിൽ ഏറെയായി നിലയുറപ്പിച്ചതാണ് ദൗത്യം പരാജയപ്പെടാൻ കാരണം. സുരക്ഷിതസ്ഥലത്തെത്തിച്ച് മയക്കുവെടിവയ്ക്കാൻ സാധിക്കില്ലെന്ന് ദൗത്യസംഘം വിലയിരുത്തിയതോടെ ഇന്നലത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.

മയക്കുവെടിവയ്ക്കാൻ പാകത്തിനുള്ള സുരക്ഷിത സ്ഥലത്ത് ആദ്യം ആനയെ കണ്ടെത്തിയെങ്കിലും പൊടുന്നനെ ആന കുന്നിൻ ചെരുവിലേക്ക് മാറി. വനംവകുപ്പിന്റെ അഞ്ച് സംഘങ്ങൾ ആണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. സഹായത്തിന് എ­ത്തിയ ആരോഗ്യ ‑പൊലീസ്-റവന്യു ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ആരെയും കാട്ടിലേക്ക് കയറ്റിയില്ല. മുഖ്യ വനപാലകൻ ഗംഗാ സിങ്, സിസിഎഫ് കെ വിജയാനന്ദ്, ശ്രീനിവാസ് കുറെ, എസിഎഫ് ബി രഞ്ജിത്ത് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്.

മയക്കുവെടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായും നിയന്ത്രിച്ചത് ചീഫ് വെറ്ററിനറി ഓഫിസർ അരുൺ സക്കറിയയാണ്. വെറ്ററിനറി ഓഫിസർ ഡോ. അജേഷ് മോഹൻദാസും സംഘത്തിലുണ്ട്. ആനയെ വെടിവച്ച ശേഷം നിയന്ത്രിച്ച് കൂട്ടിൽ എത്തിക്കുന്നതിനായി കുങ്കി ആനകളായ സുരേന്ദ്രൻ, വിക്രം, ഭരതൻ എന്നിവയും സജ്ജരായിരുന്നു.

Eng­lish Sum­ma­ry: The first attempt to cap­ture PT 7 failed
You may also like this video

Exit mobile version