Site iconSite icon Janayugom Online

ഛത്തീസ്ഗഡിലെ കൊണ്ടപ്പള്ളിയില്‍ ആദ്യ മൊബൈൽ ടവർ സ്ഥാപിച്ചു

ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയില്‍ വിദൂര ഗ്രാമമായ കൊണ്ടപ്പള്ളിയില്‍ ആദ്യമായി ഒരു മൊബൈൽ ടവർ സ്ഥാപിച്ചു. മാവോയിസ്റ്റുകളുടെ കേന്ദ്രമായതിനാല്‍ മൊബൈൽ ടവർ‌ സ്ഥാപിക്കാന്‍ അവര്‍ അനുവദിച്ചിരുന്നില്ല. സുരക്ഷാ സേനകൾ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയതോടെയാണ് വികസനം സാധ്യമായത്. ഗ്രാമവാസികള്‍ക്ക് ഇനി ബാങ്കിങ് സേവനങ്ങള്‍ സുഗമമായി നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

ഇതിനുമുമ്പ് മൊബൈൽ ടവർ‌ ഇല്ലാത്തതിനാല്‍ വിവാഹിതരായ ഓരോ സ്ത്രീക്കും പ്രതിമാസം 1,000 രൂപ ലഭിക്കുന്ന പദ്ധതി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആനുകൂല്യ കൈമാറ്റം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തുന്നതിന് കണക്ടിവിറ്റി പ്രശ്നം ബാധിച്ചിരുന്നതായി അധികൃതർ പറഞ്ഞു. കൂടാതെ ഈ നെറ്റ്‌വർക്ക് ഗ്രാമത്തിന് മാത്രമല്ല അ‍ഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള മറ്റ് ഗ്രാമങ്ങൾക്കും സഹായകമാകുമെന്നും കൂട്ടിചേര്‍ത്തു.

Exit mobile version