Site iconSite icon Janayugom Online

“സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്താന്‍ ഓടണം”; ബിജെപി പട്ടികയില്‍ ആദ്യഘട്ട അടി തുടങ്ങി

സംസ്ഥാനത്ത് ലോക‌്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടിക പുറത്തുവന്നതോടെ ബിജെപിയിലും എന്‍ഡിഎയിലും അടി തുടങ്ങി. എ ക്ലാസ് മണ്ഡലങ്ങളായി കണക്കാക്കുന്നവയില്‍ പോലും ആരുമറിയാത്തവരെ സ്ഥാനാര്‍ത്ഥികളാക്കിയെന്നാണ് വിമര്‍ശനം. അടുത്തിടെ മാത്രം പാര്‍ട്ടിയിലേക്കെത്തിയവരെയും വോട്ട് പിടിക്കാന്‍ ശേഷിയില്ലാത്തവരെയും സ്ഥാനാര്‍ത്ഥികളായി കെട്ടിയിറക്കിയ നേതൃത്വത്തിനെതിരെ അണികളുടെ രോഷം പ്രകടമായിത്തുടങ്ങി. കേരളത്തില്‍ രണ്ടക്ക സീറ്റ് കിട്ടുമെന്ന ഡയലോഗ് മാത്രമെയുള്ളൂവെന്നും അതിനുള്ള ആലോചനകള്‍ പോലും നേതൃത്വം നടത്തുന്നില്ലെന്നുമാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട, ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ദേശീയ നേതൃത്വം ഇന്നലെ പ്രഖ്യാപിച്ചത്. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന പി സി ജോര്‍ജാണ് ആദ്യവെടി പൊട്ടിച്ചത്. സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്റണിയെ പത്തനംതിട്ടയിലെ വോട്ടര്‍മാര്‍ക്ക് പരിചയമില്ലെന്നും ഓട്ടം കൂടുതല്‍ വേണ്ടിവരുമെന്നുമാണ് പി സി ജോര്‍ജ് തുറന്നടിച്ചത്. “സ്ഥാനാര്‍ത്ഥിയായി ഞാന്‍ ഓടുന്നതില്‍ കൂടുതല്‍ ഓടിയാല്‍ മാത്രമെ അനില്‍ ആന്റണിയെ പരിചയപ്പെടുത്താനാകൂ. ശ്രമിച്ചു നോക്കാം” എന്നായിരുന്നു പി സി ജോര്‍ജിന്റെ വാക്കുകള്‍. 

പി സി പതിവ് ശൈലിയില്‍ തുറന്നടിച്ച കാര്യം തന്നെയാണ് പത്തനംതിട്ട ഉള്‍പ്പെടെയുള്ള പല മണ്ഡലങ്ങളിലും ബിജെപി പ്രവര്‍ത്തകരുടെ മനസിലുള്ളത്. വിജയസാധ്യതയുള്ള മണ്ഡലമായി കരുതുകയും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തന്നെ കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിയാവുകയും ചെയ്ത പത്തനംതിട്ടയില്‍ ഇത്തവണ അനില്‍ ആന്റണിയെ രംഗത്തിറക്കിയത് തങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നാണ് ജില്ലയിലെ നേതാക്കള്‍ രഹസ്യമായി പറയുന്നത്.
ഏറ്റവും പ്രധാന മണ്ഡലമായി കരുതിയിരുന്ന തിരുവനന്തപുരത്ത് കേന്ദ്രമന്ത്രിമാരായ നിര്‍മ്മലാ സീതാരാമനോ എസ് ജയശങ്കറോ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ ലഭിക്കുമെന്നായിരുന്നു സംസ്ഥാനത്തെയും ജില്ലയിലെയും ബിജെപി നേതാക്കളുടെ പ്രതീക്ഷ. അതല്ലെങ്കില്‍ കുമ്മനം രാജശേഖരനെ പോലെ അറിയപ്പെടുന്ന നേതാക്കളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ വന്നാല്‍ വോട്ട് സമാഹരിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇത് പരിഗണിക്കാതെയാണ് തലസ്ഥാന മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി രാജീവ് ചന്ദ്രശേഖറിനെ കെട്ടിയിറക്കിയത്.
പാര്‍ട്ടിയില്‍ ചേര്‍ന്ന് മൂന്ന് മാസം പോലുമാകാത്ത സി രഘുനാഥിനെയാണ് കണ്ണൂരില്‍ മത്സരിക്കാന്‍ ബിജെപി നിയോഗിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ വളരെക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന നേതാക്കളെ തഴഞ്ഞുകൊണ്ടാണ്, ഇത്രയും കാലം കോണ്‍ഗ്രസ് നേതാവായി നടന്ന രഘുനാഥിന് അവസരം കൊടുത്തതെന്നാണ് പ്രവര്‍ത്തകരുടെയും ജില്ലയിലെ നേതാക്കളുടെയും പരാതി. 

പാലക്കാട് സീറ്റോ, കോഴിക്കോട് സീറ്റോ ലഭിക്കുമെന്നാണ് ശോഭ സുരേന്ദ്രന്‍ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ തവണ പാലക്കാട് സീറ്റ് വേണമെന്ന ആഗ്രഹമുണ്ടായിരുന്ന ശോഭയെ ആറ്റിങ്ങലിലേക്ക് മാറ്റുകയായിരുന്നു. അതില്‍ വിഷമമുണ്ടായിരുന്നെങ്കിലും, ആറ്റിങ്ങലില്‍ പരമാവധി പരിശ്രമിച്ച തന്നെ വി മുരളീധരന് വേണ്ടി ഇത്തവണ പന്ത് പോലെ തട്ടിയെന്നാണ് ശോഭ സുരേന്ദ്രന്റെ പരാതി.
കെ സുരേന്ദ്രന്‍ ലോക്‌സഭയിലേക്കും നിയമസഭയിലേക്കുമെല്ലാം മത്സരിച്ച കാസര്‍കോട് ജില്ലയിലേക്കും ഒരു മികച്ച സ്ഥാനാര്‍ത്ഥിയെ വേണമെന്ന ആവശ്യവും ദേശീയ നേതൃത്വം തള്ളി. എം എല്‍ അശ്വിനിയെയാണ് കാസര്‍കോട് മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

Eng­lish Sum­ma­ry: The first phase of the BJP list has begun

You may also like this video

Exit mobile version