Site icon Janayugom Online

ഇടതുമാറ്റത്തിന് കൊളംബിയ; പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആദ്യ ഘട്ടം 29ന്

തെക്കേ അമേരിക്കയുടെ രാഷ്ട്രീയ മാറ്റത്തിന് ചുവടുറപ്പിച്ച് കൊളംബിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം 29 ന് നടക്കും. കൊളംബിയയുടെ ഇടതുപക്ഷ രാഷ്ട്രീയ ധാരയിലേക്കുള്ള മാറ്റത്തിന് പ്രസിഡന്റ് തെരഞ്ഞെടുപ്പിലൂടെ സാക്ഷ്യം വഹിക്കുമെന്നാണ് വിലയിരുത്തല്‍. ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഗുസ്റ്റാവോ പെട്രോയ്ക്ക് മുന്‍തൂക്കം ലഭിക്കുമെന്നാണ് സൂചന. 40 ശതമാനം വോട്ടിന്റെ മുന്നേറ്റമാണ് പ്രവചിക്കുന്നത്. സുസ്ഥിര ദേശീയ വികസനത്തിലേക്കുള്ള ഊര്‍ജ പരിവര്‍ത്തനം, ഇക്വിറ്റി മന്ത്രാലയം, പൊതുസ്ഥാപനങ്ങളില്‍ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം എന്നീ വാഗ്‍ദാനങ്ങളാണ് പെട്രോ മുന്നോട്ടുവയ്ക്കുന്നത്. 

മുൻ പ്രസിഡന്റ് അൽവാറോ ഉറിബെയുടെയും പിൻഗാമികളായ യുവാൻ മാനുവൽ സാന്റോസ്, ഇവാൻ ഡ്യൂക്ക് എന്നിവരുടെയും നയങ്ങളെ നിശിതമായി വിമർശിച്ച പെട്രോ 2018 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡ്യൂക്കിനോട് പൊരുതി തോറ്റെങ്കിലും പിന്നീട് ബൊഗോട്ടയുടെ മേയറായും തുടർന്ന് ദേശീയ സെനറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. വലതുപക്ഷ സഖ്യ സ്ഥാനാര്‍ത്ഥിയായ ഫെഡറിക്കോ ഗുട്ടറസിന് 24 ശതമാനവും വലതുപക്ഷ പോപ്പുലിസ്റ്റ് സ്ഥാനാര്‍ത്ഥി റോഡോൾഫോ ഹെർണാണ്ടസിന് 18 ശതമാനം വോട്ടുകളുമാണ് കണക്കാക്കുന്നത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും കേവല ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ജൂണ്‍ 19 ന് നടക്കും. ആദ്യ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ രണ്ട് സ്ഥാനാര്‍ത്ഥികളാകും രണ്ടാം ഘട്ടത്തില്‍ മത്സരിക്കുക. 

അതിനിടെ, തെരഞ്ഞെടുപ്പിന് മുന്നോടിയായുളള സംഘര്‍ഷ സാധ്യതകളെ സംബന്ധിച്ച് 20 ഓളം രാജ്യങ്ങളില്‍ നിന്നുള്ള നിയമനിര്‍മ്മാതാക്കള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇടതുപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥി ഗുസ്റ്റാവോ പെട്രോയ്ക്കും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഫ്രാൻസിയ മാർക്വേസിനും എതിരായ ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന കത്തില്‍ നൂറോളം രാഷ്ട്രീയ നേതാക്കളാണ് ഒപ്പിട്ടത്. ഒരു അർധസൈനിക സംഘത്തില്‍ നിന്നുള്ള വധഭീഷണിയെത്തുടര്‍ന്ന് കോഫി ആക്‌സിസ് വഴിയുള്ള പര്യടനം പെട്രോ താല്കാലികമായി റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ വർധിക്കുന്നതിനെക്കുറിച്ച് ഇലക്ടറൽ ഒബ്സർവേഷൻ മിഷനും (എംഒഇ) മുന്നറിയിപ്പ് നൽകി. ക്രിമിനൽ ഗ്രൂപ്പായ ക്ലാൻ ഡെൽ ഗോൾഫോ നടത്തിയ സായുധ സമരം തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രധാന അക്രമ സംഭവമായിരുന്നു. 79 ഓളം രാഷ്ട്രീയ നേതാക്കളാണ് കൊളംബിയയില്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുള്ളത്. 

Eng­lish Summary:The first phase of the pres­i­den­tial elec­tion colom­bia will be held on the 29th
You may also like this video

Exit mobile version