സംസ്ഥാനത്ത് റവന്യു വകുപ്പ് വിതരണം ചെയ്യുന്ന പട്ടയങ്ങള്‍ ഡിജിറ്റലായി. ഇനി മുതല്‍ എല്ലാവര്‍ക്കും ഇ‑പട്ടയങ്ങള്‍ ആയിരിക്കും നല്‍കുക. ഇന്നലെ നടന്ന ജില്ലാതല പട്ടയ മേളയില്‍ തിരൂര്‍ ലാന്റ് ട്രൈബ്യൂണലില്‍ നിന്നുള്ള ഉണ്ണീന്‍കുട്ടിക്ക് ആദ്യ ഇ‑പട്ടയം റവന്യു മന്ത്രി കെ രാജന്‍ നല്കി. നിലവില്‍ പേപ്പറില്‍ അച്ചടിച്ച പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ഈ പട്ടയങ്ങള്‍ നഷ്ടപ്പെട്ടാല്‍ അതിന് പകര്‍പ്പുകള്‍ എടുക്കുവാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യമുണ്ടായിരുന്നു. പട്ടയ ഫയലുകള്‍ ഒരു പ്രത്യേക കാലയളവ് മാത്രമേ സൂക്ഷിക്കുന്നുള്ളു.
കൂടാതെ ഫയലുകള്‍ നഷ്ടപ്പെടുന്ന സ്ഥിതിയും ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പട്ടയ രേഖകള്‍ കണ്ടെത്തി പകര്‍പ്പുകള്‍ ലഭിക്കാത്തത് വലുതായ ബുദ്ധിമുട്ടുകള്‍ക്കും പരാതികള്‍ക്കും ഇടയാക്കുന്നുണ്ട്. ഇതിനൊരു പരിഹാരമാണ് ഇ‑പട്ടയം. സോഫ്റ്റ്‌വേര്‍ അധിഷ്ഠിതമായി ഡിജിറ്റലായി നല്‍കുന്ന പട്ടയമാണ് ഇ‑പട്ടയം. നല്‍കുന്ന പട്ടയങ്ങളുടെ വിവരങ്ങള്‍ സ്റ്റേറ്റ് ഡാറ്റാ സെന്ററില്‍ നഷ്ടപ്പെടാത്ത രീതിയില്‍ സംരക്ഷിക്കും. ക്യു ആര്‍ കോഡും ഡിജിറ്റല്‍ സിഗ്നേച്ചറുമുള്ള പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.
ആദ്യ ഘട്ടമായി ലാന്റ് ട്രൈബ്യൂണല്‍ നല്‍കുന്ന ക്രയസര്‍ട്ടിഫിക്കറ്റുകളാണ് ഇ‑പട്ടയങ്ങളാക്കിയിട്ടുള്ളത്. തുടര്‍ന്ന് ഭൂപതിവ് പട്ടയങ്ങളും ഇ‑പട്ടയങ്ങളായി നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇ‑പട്ടയങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഒരു വ്യക്തിക്ക് നല്‍കിയ പട്ടയങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാവും. ഇതുമൂലം വീണ്ടും പട്ടയങ്ങള്‍ക്ക് അപേക്ഷിക്കുന്നതും ഒഴിവാക്കാനാകും. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെയുള്ള റവന്യു വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു നാഴികക്കല്ലാണ് പട്ടയങ്ങള്‍ സ്മാര്‍ട്ടാക്കിയ നടപടി.
English Summary:The first smart pattayam is in Malappuram
You may also like this video