Site icon Janayugom Online

ആദ്യ സോളാര്‍ ക്രൂയിസ് ‘സൂര്യാംശു’ യാത്രയ്ക്ക് സജ്ജമാവുന്നു

രാജ്യത്തെ ആദ്യ സോളർ ക്രൂയിസായ ‘സൂര്യാംശു’ വിന്റെ നിർമാണം അവസാനഘട്ടത്തിൽ. ഏപ്രിൽ അവസാനത്തോടെ സർവീസ് ആരംഭിക്കാനാണ് പദ്ധതി. നിർമാണവുമായി ബന്ധപ്പെട്ട ഫ്രാൻസിലെ വിദഗ്ധർ എത്തേണ്ടതിനാലാണ് ബോട്ട് കമ്മിഷൻ വൈകുന്നത്. ക്രൂയിസിന്റെ കൺട്രോൾ സിസ്റ്റം ഫ്രഞ്ച് നിർമിതമായതിനാലാണ് ഫ്രാൻസിൽ നിന്നുള്ള വിദഗ്ധരെ തന്നെ എത്തിച്ചു പരിശോധന നടത്തുന്നത്. 3.95 കോടിയാണ് ക്രൂയിസിന്റെ നിർമാണച്ചെലവ്. അപ്പർ ഡെക്കിൽ യോഗങ്ങളും ചെറുപാർട്ടികളും നടത്താനുള്ള സ്ഥലമുണ്ടാകും. 

രാജ്യത്തെ ആദ്യ സൗരോർജ ടൂറിസം ബോട്ടായ ‘ഇന്ദ്ര’ മാർച്ച് അവസാനം എറണാകുളത്ത് സർവീസ് തുടങ്ങും. സീ കുട്ടനാട് മാതൃകയിൽ ഒരു ദിവസം രണ്ടു സർവീസുകളാണ് നടത്തുക. ഇതിനു പുറമേ, ഇത്തവണത്തെ ബജറ്റിൽ ടൂറിസം മേഖലയിൽ സർവീസ് നടത്താൻ രണ്ടു ബോട്ടുകൾക്ക് കൂടി തുക അനുവദിച്ചിട്ടുണ്ട്. എവിടെയാകും പുതിയ ബോട്ടുകൾ സർവീസ് നടത്തുകയെന്നു തീരുമാനിച്ചിട്ടില്ല. 

സീ കുട്ടനാട്, വേഗ ബോട്ടുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചതിനെത്തുടർന്നാണ് കൂടുതൽ ഇടങ്ങളിൽ ടൂറിസം സർവീസിന് സംസ്ഥാന ജലഗതാഗത വകുപ്പ് തയ്യാറെടുക്കുന്നത്. കൊല്ലം അഷ്ടമുടിയിൽ ‘സീ കുട്ടനാട്‘മാതൃകയിൽ സഞ്ചാരികളെ ലക്ഷ്യമിട്ട് ഇറക്കുന്ന ‘സീ അഷ്ടമുടി‘ബോട്ട് മാർച്ച് 10ന് കമ്മിഷൻ ചെയ്യും. 1.7 കോടിയോളം രൂപ ചെലവിട്ടാണ് ഇരുനില ബോട്ട് സജ്ജമാക്കുന്നത്. താഴത്തെ നിലയിൽ 60 സീറ്റുകളും മുകൾ നിലയിൽ 30 സീറ്റുകളുമാണ് ഉള്ളത്. 

ബോട്ടിലെ ഫാനും ലൈറ്റും സൗരോർജത്തിലാകും പ്രവർത്തിക്കുക. ദിവസവും രണ്ടു ട്രിപ്പുകൾ നടത്താനാണ് ആലോചന. ക്രൂയിസർ ബോട്ട് നീറ്റിലിറക്കി രജിസ്ട്രേഷന് ഡിസംബറിലാണ് കൊല്ലത്തേക്ക് കൊണ്ടുപോയത്. നോൺ എസിയാണ്. 90 സീറ്റുണ്ട്. സീ കുട്ടനാടിലെപ്പോലെ കുടുംബശ്രീയുടെ രുചികരമായ ഭക്ഷണവുമുണ്ടാകും. ജലഗതാഗതവകുപ്പ് ടൂറിസത്തിന് ഊന്നൽ നൽകി കൂടുതൽ ബോട്ടുകൾ ഓടിച്ചത് കായൽസഞ്ചാരികളെ ആകർഷിച്ചിരുന്നു.

Eng­lish Summary;The first solar cruise ‘Suryaamshu’ is set to sail

You may also like this video

Exit mobile version