Site iconSite icon Janayugom Online

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ നാളെ ആരംഭിക്കും

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ നാളെ ആരംഭിക്കും. അതേസമയം ഉത്തരക്കടലാസിലെ രജിസ്റ്റർ നമ്പർ എഴുതുന്നതിൽ വ്യക്തതയില്ലാതെ വിദ്യാർത്ഥികൾ.

ഇത്തവണ മുതൽ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയെഴുതുന്ന കുട്ടികൾക്ക് എട്ടക്ക രജിസ്റ്റർ നമ്പർ ആണ് നൽകിയിട്ടുള്ളത്. എന്നാൽ പരീക്ഷ എഴുതാനായി മിക്ക സ്കൂളുകളിലും സ്റ്റോക്ക് ഉള്ളത് ഏഴു കോളം മാത്രമുള്ള ഉത്തരക്കടലാസാണ്.

രജിസ്റ്റർ നമ്പറിൽ ഒരു നമ്പർ വർധിപ്പിച്ചതല്ലാതെ പുതിയ ഉത്തരക്കടലാസിൽ രജിസ്റ്റർ നമ്പർ എഴുതാനുള്ള കോളങ്ങളുടെ എണ്ണത്തിലും ഇതിനുസൃതമായ മാറ്റം വരുത്തുകയും ഇവ മിക്ക സ്കൂളുകളിലും ലഭ്യമാക്കുകയും ചെയ്തിരുന്നില്ല.

അതുകൊണ്ടു തന്നെ നിലവിൽ സ്റ്റോക്കുള്ള പഴയ ഉത്തരക്കടലാസിൽ തന്നെ വിദ്യാർത്ഥികൾ പരീക്ഷ എഴുതേണ്ടി വരും. ഏഴ് കോളങ്ങളുള്ള പ്രധാന ഉത്തരക്കടലാസുകള്‍ സ്കൂളുകളിൽ സ്റ്റോക്കുള്ള പക്ഷം അവയിൽ ഒരു കോളം അധികമായി വരച്ചുചേർത്ത് ഉൾപ്പെടുത്തണമെന്നും പഴയ സ്റ്റോക്ക് തീരുന്ന മുറക്ക് പുതിയ ഉത്തരപുസ്തകങ്ങൾ ഉപയോഗിക്കേണ്ടതും പാഴാകാതെ അവ ശ്രദ്ധിക്കേണ്ടതുമാണെന്ന് വെ­ള്ളിയാഴ്ച ഇറങ്ങിയ സർക്കുലറിൽ പറയുന്നു.

ഉത്തരക്കടലാസിൽ കുട്ടികൾ അക്കത്തിലും, അക്ഷരത്തിലും രജിസ്റ്റർ നമ്പർ എഴുതേണ്ടതുണ്ട്. ഏഴു കോളം മാത്രമുള്ള ഉത്തരക്കടലാസ് എട്ടക്ക നമ്പർ എഴുതുന്നതിനായി നൽകിയാൽ കുട്ടികൾ വ്യാപകമായി തെറ്റു വരുത്താൻ ഇടയുണ്ട്.

പരീക്ഷ നാളെ ആരംഭിക്കുന്നതിനാൽ ഓരോ സ്കൂളിലും ഇനി പുതിയ ഉത്തരക്കടലാസ് എത്താൻ സാധ്യതയില്ല.

Eng­lish summary;The first year High­er Sec­ondary exam­i­na­tion will begin tomorrow

You may also like this video;

Exit mobile version