Site iconSite icon Janayugom Online

മീൻ ലോറി സ്കൂട്ടറിന് പിന്നിൽ ഇടിച്ചു, ചക്രം ദേഹത്ത് കൂടി കയറിയിറങ്ങി; എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മീൻ കയറ്റി വന്ന ലോറി സ്കൂട്ടറിനു പിന്നിലിടിച്ച് എൻജിനിയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. മുഹമ്മദ് യാസീൻ (22) ആണ് മരിച്ചത്. തോട്ടയ്ക്കാട് നൂർമഹല്ലിൽ റഫീഖ് മൗലവിയുടെയും സുധീനയുടെയും മകനാണ്. ചാത്തമ്പാറ ജങ്ഷനിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

സുഹൃത്തിനൊപ്പം ക്ലാസ് കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ചാത്തമ്പാറ ജങ്ഷനിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ അതേ ദിശയിൽ വന്ന ലോറി ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ മുഹമ്മദ് യാസീന്റെ ദേഹത്തുകൂടി ലോറിയുടെ ചക്രം കയറിയിറങ്ങിയെന്ന് അപകടം കണ്ടവര്‍ പറഞ്ഞു. സ്കൂട്ടറിന്റെ പിന്നിലിരിക്കുകയായിരുന്നു യാസിൻ. സ്കൂട്ടർ ഓടിച്ചിരുന്ന സുഹൃത്ത് പുതുശേരിമുക്ക് സ്വദേശി മുഹമ്മദ് ഇർഫാനെ(21) പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയോടെ കടുവയിൽ മുസ്‌ലിം ജമാഅത്ത് കബറിസ്താനിൽ കബറടക്കി. സുഹൃത്തുക്കളും അധ്യാപകരുമടക്കം നൂറു കണക്കിനാളുകളാണ് അവസാനമായി ഒരുനോക്ക് കാണാനായി വീട്ടിലും പള്ളിയിലുമെത്തിയത്.

Exit mobile version