Site iconSite icon Janayugom Online

പരിശോധനയ്ക്കെത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗം ജീവനക്കാരെ ഹോട്ടലിനുള്ളില്‍ പൂട്ടിയിട്ടു

food saftyfood safty

ആര്യങ്കോട് ചെമ്പൂരില്‍ പരിശോധനയ്ക്കെത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗം ജീവനക്കാരെ ഹോട്ടലിനുള്ളില്‍ പൂട്ടിയിട്ടു. വ്യാഴാഴ്ച ചെമ്പൂര് വലിയവിളപ്പുറത്ത് വിന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള അജീഷ് ഹോട്ടലിലാണ് സംഭവം. പൊലീസിന്റെ സാന്നിധ്യത്തില്‍ പാറശാല ഭക്ഷ്യസുരക്ഷാ ഓഫീസില്‍ നിന്ന് പരിശോധനയ്ക്കെത്തിയ വനിതാ ജീവനക്കാരുള്‍പ്പെടെയുള്ളവരെ ഹോട്ടലുടമയുടെ നേതൃത്വത്തില്‍ പൂട്ടിയിടുകയായിരുന്നു.
ഭക്ഷ്യസുരക്ഷാ വിഭാഗം കമ്മിഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഈ ഹോട്ടലില്‍ നേരത്തെ പരിശോധന നടത്തിയിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ആഹാരങ്ങള്‍ പാകം ചെയ്യുന്നതെന്നും പഴകിയ ഭക്ഷണമാണ് വില്‍ക്കുന്നതെന്നും ലൈസന്‍സില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് കടയ്ക്കെതിരെ നോട്ടീസ് നല്‍കി പിഴയും ചുമത്തി.
പോരായ‌്മകള്‍ പരിഹരിച്ച് തുറക്കാന്‍ അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാതെ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിച്ചു. ഇതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ വീണ്ടും ഹോട്ടലിലെത്തിയത്. ഇതിനിടയില്‍ ജീവനക്കാരെ തടഞ്ഞുവച്ച് കടയ്ക്കുള്ളിലാക്കി പൂട്ടുകയായിരുന്നു.
സംഭവമറിഞ്ഞ് ആര്യങ്കോട് എസ്ഐ രാജേഷിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തിയാണ് ജീവനക്കാരെ മോചിപ്പിച്ചത്. തുടര്‍ന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ സ്ഥാപനം സീല്‍ ചെയ്തു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരാതിയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ വിന്‍സെന്റ്, ഇയാളുടെ ബന്ധു ജഫ്രി, ഹോട്ടലിലെ സഹായി രാജന്‍ എന്നിവരെ പ്രതികളാക്കി കേസെടുത്തു. 

Eng­lish Sum­ma­ry: The food safe­ty depart­ment who came for inspec­tion locked the staff inside the hotel

You may also like this video 

Exit mobile version