Site iconSite icon Janayugom Online

ക്ഷേത്രത്തില്‍ രണ്ടാനകള്‍ക്ക് അനുമതിയുണ്ടായിരുന്നു,വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടിയെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വെള്ളിയാഴ്ച 11മണിയോടെ വനം മന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി .എഡിഎമ്മുമായി കൂടിയാലോചിച്ചാവും റിപ്പോര്‍ട്ട് തയ്യാറാക്കുക.അന്തിമറിപ്പോര്‍ട്ട് വൈകീട്ടോടെതന്നെ സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ക്ഷേത്രത്തിലെത്തി സംഭവസ്ഥലം പരിശോധിച്ചു. ഇതിനുശേഷം ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.

എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിക്ക് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കും. ആനകള്‍ തമ്മില്‍ ആവശ്യമായ അകലം പാലിച്ചിട്ടുണ്ടെന്നാണ് ജീവനക്കാരുടെ മൊഴിയെന്നും കീര്‍ത്തി പറഞ്ഞു. വിശദപരിശോധന നടന്നുവരികയാണ്. മൊഴികള്‍ രേഖപ്പെടുത്തിവരുന്നു. രണ്ടാനകളെ എഴുന്നള്ളിക്കാനുള്ള അനുമതി ഉണ്ടായിരുന്നു. നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചോയെന്ന് പരിശോധിക്കുമെന്നും വ്യക്തമാക്കി. കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആനകള്‍ വിരണ്ടുണ്ടായ അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്.

തൊട്ടടുത്ത് വന്‍ശബ്ദത്തോടെ പടക്കം പൊട്ടിയതോടെയാണ് ആനകള്‍ വിരണ്ടത്. കുറുവങ്ങാട് വട്ടാങ്കണ്ടി താഴ ലീല (68), താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ (78), വടക്കയില്‍ രാജന്‍ (68) എന്നിവരാണ് മരിച്ചത്. ഉത്സവത്തിനെത്തിച്ച പീതാംബരന്‍ എന്ന ആന വിരണ്ട് ഗോകുല്‍ എന്ന ആനയെ കുത്തുകയും ആ ആന കമ്മിറ്റി ഓഫീസിനുമുകളിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു. 31 പേര്‍ക്കാണ് പരിക്കേറ്റത്. ബീന (51), കല്യാണി (68), കല്യാണിക്കുട്ടി അമ്മ (68), വത്സല (63), ശാന്ത (52), ഷീബ (52), ചന്ദ്രിക (62), അനുഷ (32), അഖില്‍ (22), പ്രദീപന്‍ (42), വത്സരാജ് (60), പത്മാവതി (68), വാസുദേവന്‍ (23), മുരളി (50), ശ്രീധരന്‍ (69), ആദിത്യന്‍ (22), രവീന്ദ്രന്‍ (65), വത്സല (62), പ്രദീപ് (46), സരിത (42), മല്ലിക (62), ശാന്ത (52), നാരായണവര്‍മ (56), പ്രണവ് (25), കല്യാണി (77), പത്മനാഭന്‍ (76), വബിത (45), മഹേഷ് (45), രാഹുല്‍ (23),അഭിനന്ദ (25), ഗിരിജ (65) എന്നിവരാണ് പരിക്കേറ്റവര്‍.

Exit mobile version