തൊട്ടിൽപ്പാലം കാവിലുംപാറയില്‍ ജനവാസകേന്ദ്രത്തിലിറങ്ങി ആക്രമണം നടത്തിയ കുട്ടിയാനയെ മയക്കുവെടി വച്ച് പിടികൂടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. വെറ്ററിനറി സർജന്മാർ ഉടൻ സ്ഥലത്തെത്തും. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കേണ്ടതുണ്ട്. ആവശ്യമെങ്കിൽ കുങ്കിയാനകളെ എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
വെള്ളിയാഴ്ചയാണ് തൊട്ടില്‍പ്പാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റത്. കരിങ്ങാട് മുട്ടിച്ചിറ തങ്കച്ചൻ, ഭാര്യ ആനി എന്നിവരെ വീട്ടുമുറ്റത്ത് വച്ച് കാടിറങ്ങിയെത്തിയ കുട്ടിയാന ആക്രമിക്കുകയായിരുന്നു. കോഴിക്കോട് കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാടാണ് കാട്ടാന ആക്രമണം നടന്നത്. വൈകിട്ട് അഞ്ചുമണിയോടെ മുട്ടിച്ചിറയിൽ തങ്കച്ചന്റെ വീട്ടുമുറ്റത്ത് എത്തിയ കുട്ടിയാന, ഭാര്യ ആനിക്ക് നേരെ പാഞ്ഞടുത്തു. ഇവർ ഓടി രക്ഷപ്പെടുന്നതിനിടെ വീണു പരിക്കേൽക്കുകയായിരുന്നു. പിന്നീട് തങ്കച്ചന് നേരെ തിരിഞ്ഞ ആന ഇയാളെ ചവിട്ടി വീഴ്ത്തി. റോഡിൽ തെറിച്ചുവീണ തങ്കച്ചൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രണ്ടുപേരും കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തങ്കച്ചന്റെ കൈയ്ക്ക് പരിക്കുണ്ട്. കൂട്ടം തെറ്റിയെത്തിയ ആനയെ പിടികൂടി മുത്തങ്ങയിലേക്ക് കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കുറ്റ്യാടി ഫോറസ്റ്റ് ഓഫിസ് നാട്ടുകാരുടെ നേതൃത്വത്തിൽ ഉപരോധിച്ചിരുന്നു.

