Site iconSite icon Janayugom Online

മുൻ ഉപരാഷ്ട്രപതിക്ക് സർക്കാർ വസതിയില്ല

ജൂലൈയിൽ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച ജഗ്‌ദീപ് ധൻഖറിന് ഇതുവരെ ഔദ്യോഗിക വസതി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ല. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി, ഈ വർഷത്തെ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യദിവസമായ ജൂലൈ 21നാണ് ധൻഖർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത്. സെപ്റ്റംബറിൽ, അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞ് തെക്കൻ ഡൽഹിയിലെ ഛത്തർപൂർ പ്രദേശത്തുള്ള സ്വകാര്യ ഫാം ഹൗസിലേക്ക് മാറി. ഐഎൻഎൽഡി നേതാവ് അഭയ് ചൗട്ടാലയുടെതാണ് ഛത്തർപൂരിലെ ഗഡായിപൂർ പ്രദേശത്തുള്ള ഫാം ഹൗസ്.
മുൻ ഉപരാഷ്ട്രപതിമാര്‍ക്ക് അർഹമായ ഔദ്യോഗിക വസതി ആവശ്യപ്പെട്ട് ഓഗസ്റ്റ് 22ന് ധൻഖർ ഭവന, നഗരകാര്യ മന്ത്രാലയ സെക്രട്ടറിക്ക് കത്തെഴുതി. എന്നാൽ ഇതുവരെ അർഹമായ താമസസൗകര്യം നൽകിയിട്ടില്ലെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ ചൂണ്ടിക്കാട്ടി.
മുൻ ഉപരാഷ്ട്രപതി എന്ന നിലയിൽ, ധൻഖറിന് പ്രതിമാസം ഏകദേശം രണ്ട് ലക്ഷം രൂപ പെൻഷൻ, ഒരു ടൈപ്പ് 8 ബംഗ്ലാവ്, ഒരു പേഴ്‌സണൽ സെക്രട്ടറി, ഒരു അഡീഷണൽ പേഴ്‌സണൽ സെക്രട്ടറി, ഒരു പേഴ്‌സണൽ അസിസ്റ്റന്റ്, ഒരു ഫിസിഷ്യൻ, ഒരു നഴ്‌സിങ് ഓഫിസർ, നാല് പേഴ്‌സണൽ അറ്റൻഡന്റുകൾ എന്നിവയ്ക്ക് അർഹതയുണ്ട്. ഒരു മുൻ ഉപരാഷ്ട്രപതി മരിച്ചാൽ, അവരുടെ പങ്കാളിക്ക് ചെറിയതരം വീടിനും അർഹതയുണ്ട്. 

Exit mobile version