കർണാടകയിൽ വിനോദസഞ്ചാരിയായി എത്തിയ ഫ്രഞ്ച് പൗരൻ ഹംപിയിലെ ഒരു കുന്നിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു. ലോകപ്രശസ്ത പൈതൃക കേന്ദ്രമായ ഹംപിയിലെ അഷ്ടഭുജ സ്നാന കുന്നിൽ നിന്നാണ് ഇയാൾ താഴേക്ക് വീണത്.
52 കാരനായ ബ്രൂണോ റോജർ ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെ അഷ്ടഭുജ സ്നാനകുളത്തിനടുത്തുള്ള വിജനമായ പ്രദേശത്തേക്ക് പോയപ്പോഴാണ് സംഭവമുണ്ടായത്.
വിനോദസഞ്ചാരിയായ ഇയാൾ മല കയറുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നുവെന്ന് പറഞ്ഞു. നടക്കാൻ പോലും കഴിയാതിരുന്ന ഇയാൾ കുന്നിന് താഴെ വിജനമായ പ്രദേശത്ത് വേദന സഹിച്ചുകൊണ്ട് രണ്ട് ദിവസം കഴിച്ചുകൂട്ടി. പിന്നീട് അടുത്തുള്ള ഒരു വാഴത്തോട്ടത്തിലേക്ക് ഇഴഞ്ഞു നീങ്ങിയാണ് എത്തുകയായിരുന്നു.
ഇയാളെ കണ്ടകർഷകർ ഉടൻ തന്നെ പോലീസിനെ അറിയിച്ചു. ഇടതു കാലിനും മുഖത്തിന്‍റെ ഇടതുഭാഗത്തിനും സാരമായ പരിക്കേറ്റ ഇയാളെ പിന്നീട്, പോലീസിലെയും സംസ്ഥാന പുരാവസ്തു വകുപ്പിലെയും ഉദ്യോഗസ്ഥർ ചേർന്ന് ചികിത്സക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കദിരാംപുര ഗ്രാമത്തിലെ ഹോം സ്റ്റേയിൽ താമസിക്കുന്ന ഇയാൾ ഒന്നര ലിറ്റർ വെള്ളം മാത്രം കുടിച്ചാണ് രണ്ടു ദിവസം കഴിച്ചുകൂട്ടിയതെന്ന് പൊലീസിനോട് പറഞ്ഞു

