Site iconSite icon Janayugom Online

വൃദ്ധജനങ്ങളുടെ ഭാവിയും സാര്‍വത്രിക സാമൂഹ്യ സുരക്ഷാപദ്ധതിയുടെ പ്രസക്തിയും

ഐക്യരാഷ്ട്രസഭ ഒരിക്കല്‍ കൂടി പ്രായം ചെന്നവര്‍ക്കുള്ള സാര്‍വദേശീയ ദിനമായി — ഇന്റര്‍നാഷണല്‍ ഡേ ഫോര്‍ ഓള്‍ഡര്‍ പേഴ്സണ്‍സ്-2022 ഒക്ടോബര്‍ ഒന്നിന് ആഘോഷിക്കുകയുണ്ടായി. നല്ല കാര്യം തന്നെ. കാരണം, പ്രസ്തുത ദിവസമെങ്കിലും ലോകത്തിന്റെ ഏതാനും ഭാഗങ്ങളില്‍ ആരോഗ്യത്തോടെ പ്രായം ചെന്നവര്‍ കുറേപ്പേരെങ്കിലും ജീവിച്ചിരിക്കുന്നുണ്ടെന്ന് ഓര്‍മ്മ പുതുക്കാനെങ്കിലും കഴിയുമല്ലോ. ഐക്യരാഷ്ട്രസഭയ്ക്കു കീഴില്‍ പ്രവര്‍ത്തനം നടത്തിവരുന്ന സാമ്പത്തിക‑സാമൂഹ്യ കാര്യങ്ങള്‍ക്കുള്ള വകുപ്പ്-യുഎന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്റ് സോഷ്യല്‍ അഫയേഴ്സ് (യുഎന്‍ഡിഇഎസ്എ) ഈയിടെ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആഗോള ജനസംഖ്യാ സാധ്യതകള്‍ 2022- “വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്റ്റസ് 2022” എന്ന പേരാണ് ഇതിനു നല്കപ്പെട്ടിരിക്കുന്നത്. വരാനിരിക്കുന്ന പതിറ്റാണ്ടുകളില്‍ ആഗോള ജനസംഖ്യാ മാതൃകയില്‍ സംഭവിക്കാനിടയുള്ള മാറ്റങ്ങളാണ് ഇതിലെ പ്രതിപാദ്യവിഷയം.
ലോക ജനസംഖ്യാ വളര്‍ച്ചനിരക്കുകള്‍ സ്ഥിരതയാര്‍ജിക്കുകയോ നേരിയ തോതില്‍ ഇടിയുകയോ ചെയ്തിരിക്കുന്ന പശ്ചാത്തലം നിലവിലിരിക്കെ 2050 ആകുന്നതോടെ ലോക ജനസംഖ്യയുടെ 16 ശതമാനമെങ്കിലും 65 വയസ് പൂര്‍ത്തിയാക്കിയവരായിരിക്കും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അപ്പോഴേക്ക് ലോക ജനസംഖ്യയാണെങ്കില്‍ 9.7 ബില്യനില്‍ എത്തിയിരിക്കും. ഇന്ത്യയിലെ ലൈഫ് എക്സ്പ്പെറ്റന്‍സിയാണെങ്കില്‍ 1940 കള്‍ക്കുശേഷം ഇരട്ടിയായി വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. അതായത് 32ല്‍ നിന്ന് 70 ലേക്ക്. മറ്റു നിരവധി രാജ്യങ്ങളുടേത് ഇതിലും ഏറെയാണ്. സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ നേട്ടം തികച്ചും അഭിമാനകരം തന്നെയാണ് സംശയമില്ല. ഈ വിഷയത്തില്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം, അപ്പോഴേക്ക് ജനനനിരക്ക് നിലവിലുള്ള ആറ് ശിശുക്കളെന്നത് വെറും രണ്ടായി കുറയുകയും ചെയ്യും എന്നാണ്. തന്മൂലം സ്ത്രീകളുടെ ആവര്‍ത്തിച്ചുള്ള ഗര്‍ഭധാരണത്തില്‍ നിന്നും പ്രസവങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്നും കൂടുതല്‍ ആശ്വാസം കിട്ടുകയും ചെയ്യും. അതേ അവസരത്തില്‍തന്നെ 2050 ആകുമ്പോള്‍ ഇന്ത്യന്‍ ജനസംഖ്യ 1.7 ബില്യനായി ഉയരുകമാത്രമല്ല, ലോക ജനസംഖ്യയില്‍ ചൈനയെ കവച്ചുവയ്ക്കുകയും ചെയ്തേക്കാമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
നാം ഈ ലേഖനത്തില്‍ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്ന പ്രായം ചെന്നവരുടെ കാര്യമെടുത്താല്‍ കാണാന്‍ കഴിയുക, 2011ല്‍ ഈ വിഭാഗം ജനസംഖ്യയുടെ ഒന്‍പത് ശതമാനത്തില്‍ നിന്ന് 2036ല്‍ 18 ശതമാനത്തിലേക്ക് കുതിച്ചുയരുമെന്നത് പ്രധാന വെല്ലുവിളിയായി മാറുക എന്നതാണ്. യുഎന്‍ കമ്മിഷന്റെ വിലയിരുത്തലില്‍ ഈ വിഭാഗക്കാരുടെ നിത്യജീവിതം കൂടുതല്‍ ഗുണമേന്മയുള്ളതാക്കി മാറ്റുകയും അവര്‍ക്ക് ആരോഗ്യകരവും സുഖകരവുമായൊരു സ്വൈരജീവിതം ഉറപ്പാക്കാനുള്ള ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ്.


ഇതുകൂടി വായിക്കൂ:  ഇന്ത്യൻ സമ്പദ് വ്യവസ്ഥ താഴേക്ക്


ഇന്ത്യയില്‍ പ്രായമായവരുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് നടന്ന പഠനങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നത് തീര്‍ത്തും ദയനീയമായൊരു ചിത്രമാണ്. ഇതില്‍ അതിപ്രധാനമായൊരു പഠനം നടത്തിയിരിക്കുന്നത് തമിഴ്‌നാട് സര്‍ക്കാരും അബ്ദുല്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബ് (ജെപിഎഎല്‍) എന്ന സ്ഥാപനവും സംയുക്തമായി നടത്തിയ ഒരു പഠനത്തിലെ വിവരങ്ങളാണ്. അറുപത് വയസോ അതിലധികമോ ആയ വൃദ്ധജനങ്ങളില്‍ 30–50 ശതമാനത്തോളം മാനസിക തകര്‍ച്ച അഭിമുഖീകരിക്കുന്നവരാണെന്നായിരുന്നു പഠനത്തിലെ ഞെട്ടിക്കുന്ന കണ്ടെത്തല്‍. മാനസികമായ തകര്‍ച്ച നേരിട്ടിരുന്നവരിലേറെയും സ്ത്രീകളായിരുന്നു എന്നുമാണ് ഇതിലൂടെ പുറത്തുവന്നത്. തമിഴ്‌നാട്ടിലെ അനുഭവം സാക്ഷ്യപ്പെടുത്തുന്നത് മാനസികാരോഗ്യം തകര്‍ന്നുപോയവരില്‍ 74 ശതമാനം പേരും സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നുമുള്ള ഒറ്റപ്പെടലിന്റെ ഇരകളാണെന്നാണ്. സ്ത്രീകളില്‍ ഏറെയും വിധവകളുമാണ്. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തില്‍ പ്രായമായവര്‍ക്ക് നിസാരമായ സാമ്പത്തിക സഹായമെങ്കിലും ലഭ്യമായാല്‍ അതില്‍ അവര്‍ക്ക് അളവറ്റ ആശ്വാസമായിരിക്കും നല്കുകയും ചെയ്യുക. ഈ അര്‍ത്ഥത്തിലാണ് വാര്‍ധക്യകാല പെന്‍ഷന്‍ വ്യവസ്ഥയുടെ പ്രസക്തി വ്യക്തമാകുന്നത്. ലോകമാകെ തന്നെ വാര്‍ധക്യകാല പെന്‍ഷന്‍ വ്യവസ്ഥ, സാമൂഹ്യസുരക്ഷയുടെ അവിഭാജ്യഘടകമാക്കി മാറ്റിയിരിക്കുന്നതും ഇക്കാരണത്താലാണ്.
ഇന്ത്യയില്‍ നിരവധി നോണ്‍കോണ്‍ട്രിബ്യൂട്ടറി-സര്‍ക്കാര്‍ പങ്കാളിത്തമില്ലാത്ത- പെൻ‍ഷന്‍ പദ്ധതികളുണ്ട്‍. പ്രായം ചെന്നവര്‍ക്കുപുറമെ, വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മറ്റും ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുന്നുണ്ട്. കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പദ്ധതി (എന്‍എസ്‌എപി)യുടെ ദാനമാണിത്. സാധാരണനിലയില്‍ ഇത്തരം പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പ് കേന്ദ്ര സഹായത്തിന്റെ മുറപോലെയുള്ള ലഭ്യതയെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍ 2006നു ശേഷം പണം ലഭ്യമാക്കുന്നതില്‍ കൃത്യതപാലിക്കുന്നില്ലെന്നു മാത്രമല്ല വെറും തുച്ഛമായ പ്രതിമാസ സഹായമായ 200 രൂപയില്‍ ഈ പെൻഷന്‍ സഹായം ഒതുങ്ങിപ്പോവുകയുമാണ്. വിധവകള്‍ക്കാണെങ്കില്‍ ഈ തുക 100 രൂപ നിരക്കില്‍ നിന്നുമുയര്‍ത്തി 300 രൂപയുമാക്കിയിരിക്കുന്നു.


ഇതുകൂടി വായിക്കൂ:  ജീവിത സായാഹ്നങ്ങളിലെ മനുഷ്യ ജീവിതം


ഇന്ത്യയിലെ നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ ശരാശരി പെന്‍ഷന്‍ തുക നിര്‍ദ്ദിഷ്ട ദേശീയ പദ്ധതി ഉള്‍പ്പെടുന്നതിനപ്പുറം തുക സ്വന്തം നിലയില്‍ സ്വരൂപിച്ച് നല്‍കിവരുന്നുണ്ട്. ചില സംസ്ഥാനങ്ങള്‍ ഏറെക്കുറെ 100 ശതമാനത്തോളം വിധവകള്‍ക്കും പ്രായം ചെന്നവര്‍ക്കും മറ്റ് അവശവിഭാഗക്കാര്‍ക്കുമായി പ്രതിമാസം ഒരു നിശ്ചിത തുക സഹായധനമായി എത്തിച്ചു വരുന്നു. ശരാശരി 75 മുതല്‍ 80 ശതമാനം വരെ എങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ ലക്ഷ്യം നേടിയെന്നു കരുതാവുന്നതാണ്.
സമൂഹത്തിലെ ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ട് പ്രയോഗത്തിലിരിക്കുന്ന- “ടാര്‍ഗെറ്റ്സ്”- സാമൂഹ്യ ക്ഷേമപദ്ധതികള്‍ വേണ്ടത്ര ഫലപ്രദമാവുന്നില്ലെന്നതാണ് പൊതുവിതരണ സംവിധാനം (പിഡിഎസ്) സാമാന്യം തൃപ്തികരമായി പ്രവര്‍ത്തനം നടത്തിയിരുന്ന കേരള സംസ്ഥാനത്തിന്റെ അനുഭവവും വെളിവാക്കുന്നത്. ഈ പദ്ധതിയുടെ കവറേജ് ബിപിഎല്‍ കുടുംബങ്ങള്‍ക്കായി മാത്രം ഒതുക്കിനിര്‍ത്തുന്നതില്‍ നിരവധി പിഴവുകള്‍ പ്രകടമാകുന്നുണ്ട്. അനര്‍ഹരായവര്‍ ഉള്‍ക്കൊള്ളിക്കപ്പെടുന്നതായും അര്‍ഹരായവര്‍ പുറന്തള്ളപ്പെടുന്നതായും വ്യാപകമായ പരാതികള്‍ ഉയരുന്നുമുണ്ട്. വാര്‍ധക്യകാല പെൻഷന്‍ വിഷയത്തില്‍ ടാര്‍ഗെറ്റിങ് വിദ്യ ഒരിക്കലും ആശാസ്യമല്ല. ഒന്നാമത്, പ്രത്യേകമായി തെരഞ്ഞെടുക്കപ്പെടുക കുടുംബങ്ങളായിരിക്കും. വ്യക്തികള്‍ അതില്‍ പരിഗണിക്കപ്പെടുകയില്ല. സാമാന്യം മെച്ചപ്പെട്ട വരുമാനവും ജീവിതനിലവാരവുമുള്ളൊരു കുടുംബമാണെങ്കില്‍ തന്നെയും അതില്‍ ഒരു വിധവയോ പ്രായംചെന്ന വ്യക്തിയോ വളരെയധികം പരാധീനതകള്‍ വ്യക്തിപരമായി നേരിടുന്നുണ്ടാകാം. അധികൃതരുടെ കണക്കെടുപ്പില്‍ ഇവര്‍ ഒഴിവാക്കപ്പെടുകയും ചെയ്യും. ഇത്തരം വ്യക്തികള്‍ക്ക് പ്രത്യേകമായൊരു പെന്‍ഷന്‍ തുക അത് എത്ര ചെറുതായാല്‍ തന്നെയും കൃത്യമായി കിട്ടുമെന്നൊരു സ്ഥിതി വരുമെങ്കില്‍ അത് നിസാരമായൊരു ആശ്വാസമായിരിക്കില്ല. അവര്‍ക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ധര്‍മ്മസ്ഥാപനങ്ങളെയോ ആശ്രയിക്കാതെതന്നെ ഒരു പരിധിവരെയെങ്കിലും സ്വന്തം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമാകും. അടുത്ത ബന്ധുക്കള്‍ക്കും ഇത് ആശ്വാസകരമായിരിക്കും.
പ്രത്യേകം ലക്ഷ്യമാക്കിയുള്ള ആനുകൂല്യവിതരണ പ്രക്രിയയില്‍ രണ്ടാമത്തെ പ്രശ്നമായി പരിഗണിക്കപ്പെടേണ്ടത് അത് ഉളവാക്കുന്ന സങ്കീര്‍ണതകളായിരിക്കും. ബിബിഎന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള ആധികാരികരേഖകളാണതില്‍ പ്രധാനം. ദേശീയ പെന്‍ഷന്‍ പദ്ധതി നടത്തിപ്പില്‍ അനുഭവപ്പെട്ടതിനു സമാനമായ സങ്കീര്‍ണതകള്‍ ഇതിലും ആവര്‍ത്തിക്കപ്പെടാന്‍ ഇടയുണ്ട്. താണവരുമാനവും താണ വിദ്യാഭ്യാസ നിലവാരവുമുള്ള പ്രായാധിക്യമുള്ളവര്‍ക്കായിരിക്കും നിസാരമായൊരു പെന്‍ഷന്‍ തുക കൃത്യമായി കിട്ടുന്നതില്‍ ഏറ്റവും അധികം സംതൃപ്തിയും ആശ്വാസവും ലഭിക്കുക. അവര്‍ക്ക് തന്നെയായിരിക്കും അതിലേക്കായി വേണ്ടിവന്നേക്കാവുന്ന വ്യവസ്ഥകള്‍ പാലിക്കുന്നതിന് ഏറെ പണിപ്പെടേണ്ടതായി വരുകയും ചെയ്യുക.


ഇതുകൂടി വായിക്കൂ:  കടം കയറി തകരുന്ന സമ്പദ്‌വ്യവസ്ഥകൾ


ഇതിനെല്ലാം ഉപരിയായി “ബ്യൂറോക്രാറ്റിക് അപ്പതി”- ഭരണ വ്യവസ്ഥയുടെ ഉദാസീനത‑വ്യാപകമായി അനുഭവപ്പെടേണ്ടിവരുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം പെന്‍ഷന്‍ സമൂഹത്തിനു മൊത്തത്തിലും പ്രായം ചെന്നവര്‍ക്ക് പ്രത്യേകിച്ചും കണക്കിലെടുത്താല്‍ അത് നിസാരമായി കാണുന്നത് ശരിയല്ല. സര്‍ക്കാര്‍ അനുവദിക്കുന്ന സൗജന്യങ്ങള്‍ കൈമാറുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് സര്‍വീസിലിരിക്കുന്നവര്‍ വിസ്മരിക്കരുത്. നാളെ തങ്ങള്‍ക്കും ഇതേ അനുഭവമായിരിക്കും അഭിമുഖീകരിക്കേണ്ടിവരുക എന്ന വസ്തുത ഒരിക്കലെങ്കിലും അവര്‍ ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും.
അതുപോലെ തന്നെ, അനര്‍ഹരായവരാണ് സര്‍ക്കാര്‍ വക ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളെന്നു കണ്ടെത്തിയാല്‍ അതിനെതിരെ ശക്തമായ നടപടികളെടുക്കാനും സര്‍വീസിലുള്ളവര്‍ ശ്രദ്ധിക്കാതിരിക്കരുത്. അര്‍ഹരായവര്‍ ഒഴിവാക്കപ്പെടരുതെന്നതുപോലെ തന്നെ പ്രധാനമാണ് അനര്‍ഹരായവര്‍ ഗുണഭോക്താക്കളാവരുതെന്ന് ഉറപ്പാക്കണമെന്നതും. ചുരുക്കത്തില്‍ വസ്തുനിഷ്ഠവും സുതാര്യവുമായ സമീപനമാണ് ഈ വിഷയത്തില്‍ ബ്യൂറോക്രസിയുടെ ഭാഗത്തുനിന്നും സമൂഹം പ്രതീക്ഷിക്കുന്നത്.
കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളും ഒരുപക്ഷെ പ്രാദേശിക ഭരണകൂടങ്ങളും പെന്‍ഷന്‍ വ്യവസ്ഥ സാര്‍വത്രികമാക്കാനാണ് ഇറങ്ങിത്തിരിക്കുകയെങ്കില്‍ പെന്‍ഷന്‍ ബജറ്റിന്റെ വലുപ്പം വര്‍ധിക്കുമെന്നത് ഉറപ്പാണല്ലോ. തുടര്‍ന്നുള്ള അധിക ചെലവ് എളുപ്പത്തില്‍ നീതീകരിക്കാനും സാധ്യതകള്‍ കുറവാണ്. ഇന്ത്യയുടെ സാമൂഹ്യ സഹായ ചെലവുകള്‍ക്കുള്ള ബജറ്റ് വിഹിതം ഇപ്പോള്‍തന്നെ തുലോം കുറവുമാണ്. ഈ സ്ഥിതിയില്‍ 40 മില്യന്‍ പേര്‍ക്ക് കൂടി അധിക പെന്‍ഷന്‍ സഹായമെത്തിക്കുക എന്നത് നിസാരമായ കാര്യമല്ല. തമിഴ്‌നാട്ടിലെ കാര്യമെടുത്താല്‍ പ്രതിമാസം 1000 രൂപ നിരക്കില്‍ പ്രായംചെന്നവര്‍ക്കും വിധവകള്‍ക്കുമുള്ള പെന്‍ഷന്‍ പദ്ധതി ഈ വിഭാഗത്തിലുളള മൂന്നിലൊന്നു പേര്‍ക്ക് മാത്രമെ ബാധകമാക്കപ്പെട്ടിട്ടുള്ളൂ എങ്കില്‍ തന്നെയും പ്രതിവര്‍ഷം നാലായിരം കോടി രൂപയോളമാണ് ചെലവ് വരുന്നത്. ശേഷിക്കുന്ന ഗുണഭോക്താക്കളില്‍ 20 ശതമാനം വരെ ഒഴിവാക്കിയാല്‍പോലും പ്രതിവര്‍ഷ ബാധ്യത 10,000 കോടി രൂപയോളമായിരിക്കും. സാര്‍വത്രിക പെന്‍ഷന്‍, സാമൂഹ്യ സുരക്ഷാപദ്ധതിയുടെ ഭാഗമായി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നതെങ്കില്‍ അത് അത്ര വലിയൊരു അധിക ബാധ്യതയാവില്ലെന്നാണ് പൊതു നിഗമനം. കാരണം സംസ്ഥാന ജനസംഖ്യയുടെ വെറും ഒരു ശതമാനം മാത്രം വരുന്ന സംസ്ഥാന പെന്‍ഷന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനും മറ്റ് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ക്കുമായും നടപ്പ് ധനകാര്യ വര്‍ഷത്തില്‍ (2022–23) ചെലവു വരുക 40,000 കോടി രൂപയോളമായിരിക്കും എന്നതുതന്നെ. ഈ വിഭാഗക്കാര്‍ക്ക് മുഴുവനായും വാര്‍ധക്യകാല സുരക്ഷയും വിധവകള്‍ക്കുള്ള ആനുകൂല്യങ്ങളും ഒറ്റയടിക്ക് അനുവദിക്കേണ്ടകാര്യവുമുണ്ടാവില്ല. എന്തെന്നാല്‍ സര്‍വീസ് പെന്‍ഷനു പുറമെയുള്ള പ്രത്യേക ആനുകൂല്യമാണല്ലോ ഇത്. അതേ അവസരത്തില്‍ നിലവിലുള്ള വൃദ്ധജന‑വിധവ കുടുംബപെന്‍ഷന്‍ പ്രതിമാസതുക 1000 രൂപ നിരക്കില്‍ മുടങ്ങിപ്പോകുന്നതും കുറ്റകരമായ അനാസ്ഥയായി വ്യാഖ്യാനിക്കപ്പെടും.


ഇതുകൂടി വായിക്കൂ:  ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ: പെരുകിവരുന്ന വൈരുധ്യങ്ങള്‍


സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ പ്രായം ചെന്നവര്‍ക്കും വൈധവ്യം നേരിടുന്നവര്‍ക്കും ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടിവരുന്നവര്‍ക്കും സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാകേണ്ട ആനുകൂല്യങ്ങളില്‍ ഒന്നു മാത്രമാണ്. ഈ വിഭാഗക്കാര്‍ക്ക് മറ്റ് നിരവധി ആനുകൂല്യങ്ങള്‍ക്കുള്ള അര്‍ഹതകൂടിയുണ്ട്. ഇക്കൂട്ടത്തില്‍ പൊതു ആരോഗ്യ സുരക്ഷയും മാനസികാരോഗ്യം ഉറപ്പാക്കലും മെച്ചപ്പെട്ട നേത്ര‑ദന്തചികിത്സാ സൗകര്യങ്ങളും ഭിന്നശേഷിക്കുള്ള പ്രതിവിധികളും മെച്ചപ്പെട്ട ജീവിത ഗുണമേന്മയും ഉള്‍പ്പെടുന്നു. അംഗപരിമിതി നേരിടുന്നവരുടെ വിഭാഗത്തില്‍ 70 ശതമാനം പേര്‍ക്കെങ്കിലും കാഴ്ചപരിമിതി ഗുരുതരമായ ഒരു പ്രതിസന്ധിയാണ്. മാനസികാരോഗ്യവും അതുവഴി ശാരീരികാരോഗ്യവും മെച്ചപ്പെടുത്തുന്നതില്‍ കാഴ്ചപരിമിതി ഒഴിവാക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാഴ്ച കുറവായവര്‍ക്ക് ഭയം കൂടും, കാലുകള്‍ തെറ്റിയുള്ള വീഴ്ച സ്വാഭാവികമാകും, ആശ്രിതത്വം വര്‍ധിക്കും, ആയുര്‍ദൈര്‍ഘ്യം കുറയുകയും ചെയ്യും. ഹൈദരാബാദ് ഓക്കുലര്‍ മൊര്‍ബിസിറ്റി ഇൻ ദി എല്‍ഡര്‍ളി സ്റ്റഡി (എച്ച്ഒഎംഇഎസ്) അഥവാ “ഹോംസ്” എന്ന നേത്രരോഗ വിദഗ്ധനാണ് കാഴ്ചശക്തിക്ക് ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രായാധിക്യമുള്ളവര്‍ക്കിടയിലുള്ള ശക്തമായ സ്വാധീനം സംബന്ധമായി പഠിക്കുകയും റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തിരിക്കുന്നത്. കാഴ്ചശക്തിപോലെ തന്നെ പ്രധാനമാണ് ശ്രവണശക്തിയും. ഇതു രണ്ടും ഉറപ്പാക്കാനായാല്‍ അമിത രക്തസമ്മര്‍ദ്ദവും ഹൃദ്രോഗ സാധ്യതകളും പരമാവധി ഒഴിവാക്കാന്‍ കഴിയും എന്നാണ് കണ്ടെത്തല്‍.
മുകളില്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ നിന്നും വെളിവാക്കപ്പെടുന്നത് പെന്‍ഷന്‍, സുരക്ഷാപദ്ധതികള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് വെറും സാമ്പത്തിക സഹായം ലഭ്യമാക്കുക മാത്രമല്ല, മറിച്ച് പ്രായംചെന്നവരുടെയും വിധവകളുടെയും ഭിന്നശേഷിക്കാരുടെയും സമഗ്ര സുരക്ഷാ വ്യവസ്ഥയാണ്. ഒരു “ഏജിങ് സൊസൈറ്റി“യില്‍ അനിവാര്യമായ ഭരണാധികാരികള്‍ ഒരുക്കിക്കൊടുക്കേണ്ടത് ഇതാണ്. മാറിവരുന്ന സാമ്പത്തിക‑സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുത്തായിരിക്കണം ഇത്തരമൊരു സമഗ്ര പദ്ധതിക്ക് അന്തിമരൂപം നല്‍കുവാന്‍ എന്നതും വിസ്മരിക്കരുത്.

Exit mobile version