Site icon Janayugom Online

ഗ്യാലറിയില്‍ ആവേശത്തോടെ വരവേറ്റു; സെറീന വിജയിച്ചു തുടങ്ങി

വിടവാങ്ങല്‍ ടൂര്‍ണമെന്റില്‍ വിജയത്തോടെ തുടങ്ങി അമേരിക്കയുടെ സെറീന വില്യംസ്. യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ മോണ്ടെനെഗ്രോയുടെ ഡാങ്ക കോവിനിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6–3, 6–3) പരാജയപ്പെടുത്തിയ സെറീന രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 22 ഗ്രാന്‍ഡ്സ്‌ലാം നേടിയ സെറീന ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തിലെ കോര്‍ട്ടില്‍ 23,000ത്തിലധികം കാണികളെ സാക്ഷി നിര്‍ത്തിയായിരുന്നു വിജയം പിടിച്ചെടുത്തത്. ആറു തവണ ജേതാവായ താരത്തിന്റെ യുഎസ് ഓപ്പണ്‍ കരിയറിലെ 14 ടൂര്‍ണമെന്റുകളില്‍ നിന്നുള്ള 107-ാം ജയം കൂടിയായിരുന്നു ഇത്. 41-ാം ജന്മദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ നേട്ടം. 

വിരമിക്കലിനെക്കുറിച്ച് താന്‍ അവ്യക്തമായി തുടരുകയാണെന്നാണ് യുഎസ് ഓപ്പണിലെ ആദ്യ റൗണ്ട് വിജയത്തിനു ശേഷം സെറീന വില്യംസ് പ്രതികരിച്ചത്. ഞാന്‍ അക്കാര്യത്തില്‍ അവ്യക്തതയിലാണ്. അങ്ങനെ തന്നെ ഞാന്‍ തുടരുകയും ചെയ്യും. കാരണം എന്തു സംഭവിക്കുമെന്നു നിങ്ങള്‍ക്കു അറിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം പുരുഷ സിംഗിള്‍സില്‍ ഗ്രീസിന്റെ ലോക അഞ്ചാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് കൊളംബിയയുടെ ഡാനിയല്‍ ഇലാഹി ഗാലനോട് ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. സ്കോര്‍ 0–6, 1–6, 6–3, 5–7. തന്റെ ഡബിള്‍സ് പങ്കാളിയും ബാല്യകാല സുഹൃത്തും ആയ തനാസി കോക്കിനാക്കിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഓസ്ട്രേലിയയുടെ 23-ാം സീഡ് നിക് കിര്‍ഗിയോസ് വീഴ്ത്തി. നിക് 6–3, 6–4, 7–6 എന്ന സ്കോറിന് ആണ് നാട്ടുകാരനെ വീഴ്ത്തിയത്. 

Eng­lish Summary:The gallery was enthu­si­as­ti­cal­ly wel­comed; Ser­e­na start­ed winning
You may also like this video

Exit mobile version