Site iconSite icon Janayugom Online

കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ ഗര്‍‍ഭം പ്രതികളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് അലസി

ഉത്തര്‍പ്രദേശില്‍ നാലുപേരുടെ ക്രൂരമായ ബലാത്സംഗത്തിനിരയായ യുവതിയുടെ ഗര്‍ഭം പ്രതികളുടെ മര്‍ദ്ദനത്തില്‍ അലസി. ഉത്തര്‍പ്രദേശിലെ സഹരണ്‍പൂരിലാണ് സംഭവം. 24 കാരിയായ യുവതിയ്ക്കാണ് പ്രതികളുടെ ആക്രമണത്തില്‍ ഗര്‍ഭച്ഛിദ്രമുണ്ടായത്.
ജനുവരിയിലാണ് യുവതി ആദ്യം ബലാത്സംഗത്തിനിരയാകുന്നത്. വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറിയ ആള്‍ തന്നെ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ കാട്ടി, പുറത്തുപറഞ്ഞാല്‍ ഇവ സമൂഹമാധ്യമങ്ങളില്‍ ഇടുമെന്നും മാതാപിതാക്കളെ അപകടപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
പിന്നീട് തുടരെത്തുടരെ യുവാവ് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായും ഒരിക്കല്‍ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി മറ്റ് മൂന്ന് യുവാക്കള്‍കൂടി ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി യുവതി വ്യക്തമാക്കി. ബലാത്സംഗത്തിനുപിന്നാലെ ഗര്‍ഭം ധരിച്ചത് അറിഞ്ഞതോടെ പ്രതികള്‍ കൊലപാതക ശ്രമവും നടത്തി. ഇതിനെത്തുടര്‍ന്നാണ് ഗര്‍ഭം അലസിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. 

Eng­lish Sum­ma­ry: The gang-raped wom­an’s preg­nan­cy mis­car­ried after being beat­en by the accused

You may like this video also

Exit mobile version