Site iconSite icon Janayugom Online

ഗ്യാസ് പൊട്ടിത്തെറിച്ചു വീടിനു തീപിടിച്ചു; ഗൃഹനാഥന് പരിക്ക്

city gascity gas

വട്ടിയൂര്‍ക്കാവില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു. വട്ടിയൂർക്കാവ് ചെമ്പുക്കോണം വാർഡ് 35 സിആർഎ 24 എയില്‍, ഭാസ്കരൻ നായര്‍ എന്നയാളുടെ ലക്ഷ്മി എന്ന വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ പൊള്ളലേറ്റ ഭാസ്കരൻ നായരെ നാട്ടുകാർ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. ഫയര്‍ഫോസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെങ്കല്‍ച്ചൂള നിലയത്തിലെ സേനാംഗങ്ങള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
സേന വീട്ടിലെത്തുമ്പോൾ അടുക്കള ഭാഗത്തും വർക്ക് ഏരിയയിലും തീ കത്തി കൊണ്ടിരിക്കുകയായിരുന്നു. ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്. 

ഗ്യാസ് ലീക്കായതിനെ തുടര്‍ന്ന് ഫ്രിഡ്ജ് ഓട്ടോമാറ്റിക്കായി റീ സ്റ്റാർട്ട് ആയി ഗ്യാസ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തില്‍ ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ, മറ്റ് അടുക്കള സാമഗ്രികൾ എന്നിവ കത്തി നശിച്ചു. രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് അടുക്കളയില്‍ ഉണ്ടായിരുന്നത്. പൊട്ടിത്തെറിയില്‍ ഒരു ഗ്യാസ് സിലിണ്ടര്‍ പുറത്തേക്കു തെറിച്ചു പോയി. പൊട്ടിത്തെറിയുടെ ശബ്ദം 300 മീറ്റർ അകലെ വരെ കേട്ടതായി നാട്ടുകാർ പറഞ്ഞു. ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സേനാംഗങ്ങളായ നിതിൻരാജ്, അനീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Exit mobile version