Site iconSite icon Janayugom Online

തൊഴിലാളി കര്‍ഷക പ്രക്ഷോഭം വിജയിക്കാന്‍ പൊതു രാഷ്ട്രീയ ലക്ഷ്യം

ModiModi

ന്ത്യൻ തൊഴിലാളിവർഗം വീണ്ടും ഒരു ദ്വിദിന പണിമുടക്ക് സമരത്തിന്റെ അന്തിമഘട്ട തയാറെടുപ്പിലാണ്. മാർച്ച് 28 നു കാലത്ത് ആറ് മണിക്ക് ആരംഭിച്ച് 29നു അര്‍ധരാത്രിവരെ നീളുന്ന പണിമുടക്കിലും പ്രതിഷേധങ്ങളിലും കോടാനുകോടി തൊഴിലാളികൾക്ക് പുറമെ കര്‍ഷകരും ഇതര അധ്വാനിക്കുന്ന ജനവിഭാഗങ്ങളും അണിനിരക്കും. ഒരു നൂറ്റാണ്ടുകാലത്തെ പോരാട്ടങ്ങളിലൂടെ തൊഴിലാളിവർഗം നേടിയെടുത്ത അവകാശങ്ങൾ അപ്പാടെ നിഷേധിക്കുന്ന നരേന്ദ്രമോഡി സർക്കാരിന്റെ ലേബർ കോഡുകൾ പിൻവലിക്കണമെന്ന ആവശ്യങ്ങൾക്കൊപ്പം കര്‍ഷകപ്രക്ഷോഭം പിൻവലിക്കാൻ നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന ആവശ്യവും പണിമുടക്കിലൂടെ ഉന്നയിക്കപ്പെടുന്നു. രാജ്യത്തെ തൊഴിലാളികളും ജീവനക്കാരും കർഷകരും ഉന്നയിക്കുന്ന ആവശ്യങ്ങളോട് പ്രതികരിക്കാനോ അതേപ്പറ്റി ചർച്ച ചെയ്യാനോ വിസമ്മതിക്കുന്ന നിഷേധാത്മക നിലപാടാണ് കേന്ദ്രസർക്കാർ നിരന്തരം അവലംബിച്ചുപോരുന്നത്. രാജ്യത്തിന്റെ പൊതുസമ്പത്തു കൊള്ളയടിക്കാൻ തങ്ങളുടെ ചങ്ങാതിമാരായ കോര്‍പറേറ്റുകൾക്കു നിയമനിർമ്മാണത്തിലൂടെയും അല്ലാതെയും ഒത്താശചെയ്യുന്ന ഭരണകൂടം തൊഴിലാളികളുടെയും കർഷകരുടെയും ഐക്യത്തെയും കൂട്ടായ വിലപേശലിനുള്ള അവകാശത്തെയും തകർക്കാനുള്ള സമസ്തതന്ത്രങ്ങളും അടവുകളുമാണ് എടുത്തു പ്രയോഗിച്ചുവരുന്നത്. നിയമാനുസൃതം മുൻകൂർ നോട്ടീസ് നൽകി പണിമുടക്കിന് തയ്യാറെടുക്കുന്ന തൊഴിലാളികൾക്കുനേരെ പിരിച്ചുവിടലിന്റെയും നിരവധി ദിവസത്തെ വേതന നഷ്ടത്തിന്റെയും ഭീഷണി പൊതുമേഖലാ സ്ഥാപന മേധാവികളിൽനിന്നു തന്നെ ഉയർന്നിരിക്കുന്നു. തങ്ങളുടെ സംഘടിതശക്തിയിലുള്ള ഉറച്ച ആത്മവിശ്വാസമാണ് ധീരതയോടെ മുന്നേറാൻ അവരെ പ്രാപ്തരാക്കുന്നത്.


ഇതുകൂടി വായിക്കൂ: കര്‍ഷക പ്രക്ഷോഭം രാഷ്ട്രീയമാനം കൈവരിക്കുന്നു


നരസിംഹറാവു സർക്കാർ തുടക്കംകുറിച്ച ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും ലക്ഷ്യങ്ങൾ കൈവരിക്കണമെങ്കിൽ തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും അവരുടെ സംഘടിതശക്തി തകർക്കപ്പെടുകയും വേണം. കർഷകരുടെ ഭൂമിയുടെമേലുള്ള അവകാശം കവർന്നെടുക്കപ്പെടുകയും അത് കോര്‍പറേറ്റുകളിൽ നിക്ഷിപ്തമാക്കുകയും വേണം. വോട്ടർമാരുടെ 40 ശതമാനത്തിൽ താഴെമാത്രം വരുന്നവരുടെ പിന്തുണയോടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ വൈകല്യങ്ങളെ മുതലെടുത്ത് പാർലമെന്റിലും നിയമസഭകളിലും നേടിയ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് പാർലമെന്ററി ജനാധിപത്യ മര്യാദകൾ ലംഘിച്ചുള്ള നിയമനിര്‍മ്മാണത്തിലൂടെയാണ് അവർ തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നത്. നിരന്തരവും തീവ്രവുമായ പ്രക്ഷോഭ സമരങ്ങളിലൂടെയെ അതിനെ പരാജയപ്പെടുത്താനാവു. എന്നാല്‍പോലും ഒത്തുതീർപ്പുകളും വാഗ്ദാനങ്ങളും പാലിക്കപ്പെടുകയില്ല എന്നത് കർഷക സമരത്തോട് മോഡിസർക്കാർ കാണിച്ച കൊടുംവഞ്ചന തെളിയിക്കുന്നു. മിനിമം താങ്ങുവിലയ്ക്കുവേണ്ടി കർഷകരെ വീണ്ടും സമരത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ് ഭരണകൂടം. രാഷ്ട്രീയത്തെയും രാഷ്ട്രീയപാർട്ടികളെയും അകറ്റിനിർത്തി, അരാഷ്ട്രീയത മുഖമുദ്രയാക്കിയ കർഷക പ്രക്ഷോഭത്തിന് അതിന്റെ ലക്ഷ്യങ്ങളോ രാഷ്ട്രീയ നേട്ടങ്ങളോ കൈവരിക്കാനായില്ല. എന്നിരിക്കിലും കര്‍ഷകപ്രക്ഷോഭം കർഷകരുടെയും തൊഴിലാളികളുടെയും വർഗപരമായ ഐക്യത്തിലേക്കുള്ള നിർണായകമായ ഒരു ചുവടുവയ്പായിരുന്നു എന്ന വസ്തുത അവഗണിക്കാവുന്നതല്ല.


ഇതുകൂടി വായിക്കൂ: കുതിക്കുന്ന കാർഷിക രംഗവും കിതയ്ക്കുന്ന ഇന്ത്യയിലെ കര്‍ഷകനും


രാജ്യഭരണം കയ്യാളുന്നത് ഹിന്ദുത്വ വർഗീയത മുഖമുദ്രയാക്കിയ ഫാസിസ്റ്റ് ശക്തിയാണ്. ചങ്ങാത്ത മുതലാളിത്വത്തിന്റെ പണക്കൊഴുപ്പാണ് അവരെ നിലനിർത്തുന്നത്. ഈ അവിശുദ്ധ കൂട്ടുകെട്ടിന് അറുതിവരുത്താതെ തൊഴിലാളികളുടെയും മറ്റ് അധ്വാനിക്കുന്നവരുടെയും കർഷക, ഗ്രാമീണ ജനവിഭാഗങ്ങളുടെയും അവകാശ സംരക്ഷണം അസാധ്യമാണ്. അതിനുതകുന്ന ജനാധിപത്യ, മതനിരപേക്ഷ, വർഗരാഷ്ട്രീയവും വിശാലമായ രാഷ്ട്രീയ ഐക്യനിരയുമാണ് ഇന്നിന്റെ ആവശ്യം. പണിമുടക്കിനും യോജിച്ച പ്രക്ഷോഭണത്തിനും നേതൃത്വം നൽകുന്ന കർഷക, തൊഴിലാളി സംഘടനകളുടെ പൊതുലക്ഷ്യമായിരിക്കണം അത്തരം ഒരു രാഷ്ട്രീയം.

You may also like this video;

Exit mobile version