Site iconSite icon Janayugom Online

വമ്പന്മാര്‍ കുരുങ്ങി; ലിവര്‍പൂളിനും സിറ്റിക്കും ചെല്‍സിക്കും സമനില

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരെല്ലാം സമനിലയില്‍ കുരുങ്ങി. തലപ്പത്തുള്ള ലിവര്‍പൂളിനെ 1–1ന് സമനിലയില്‍ തളച്ച് നോട്ടിങ്ഹാം ഫോറസ്റ്റ് രണ്ടാമതെത്തി. 

നോട്ടിങ്ഹാം ഷെയറിലെ സിറ്റി ഗ്രൗണ്ട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ടാം മിനിറ്റില്‍ ലിവര്‍പൂളിനെ ഞെട്ടിച്ചുകൊണ്ട് നോട്ടിങ്ഹാമാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ ആദ്യപകുതിയില്‍ ഈ ഗോളിന് മറുപടി നല്‍കാന്‍ ലിവര്‍പൂളിനായില്ല. രണ്ടാം പകുതിയുടെ 66-ാം മിനിറ്റില്‍ ഡിഗോ ജോട്ടയാണ് ലിവര്‍പൂളിന് സമനില ഗോള്‍ കണ്ടെത്തിയത്. കോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് ഹെഡറിലൂടെ ജോട്ട വിജയകരമായി വലയിലെത്തിക്കുകയായിരുന്നു. വിജയഗോളിന് വേണ്ടി ലിവര്‍പൂള്‍ ശ്രമിച്ചെങ്കിലും നോട്ടിങ്ഹാം പ്രതിരോധം ഉറച്ചുനിന്നതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിന് 20 മത്സരങ്ങളില്‍ നിന്ന് 47 പോയിന്റാണുള്ളത്. ഒരു മത്സരം അധികം കളിച്ച നോട്ടിങ്­ഹാമിന് 41 പോയിന്റുണ്ട്. 

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ പിടിച്ച് ബ്രെ­ന്റ്ഫോര്‍ഡ്. ആദ്യം രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിയ ശേഷമാണ് സിറ്റി സമനില വഴങ്ങിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലാണ് നാല് ഗോ­­­­­­­­­­­­­­­­­­­­­­­­­­­ളുകളും പിറന്നത്. 66-ാം മിനിറ്റില്‍ കെവിന്‍ ഡിബ്രുയാന്റെ പാസില്‍ നിന്ന് ഫി­ല്‍ ഫോഡന്‍ സിറ്റിയെ മുന്നിലെത്തിച്ചു. 78-ാം മിനിറ്റില്‍ ഫോഡന്‍ വീണ്ടും വല കുലുക്കിയതോടെ സിറ്റി രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തി. എന്നാല്‍ അധികം വൈകാതെ ബ്രെന്റ്ഫോര്‍ഡ് തിരിച്ചടിച്ചു. 82-ാം മിനിറ്റില്‍ യോനെ വിസയാണ് ഒരു ഗോള്‍ മടക്കിയത്. മത്സരം അവസാനനിമിഷത്തിലേക്കെത്തിയപ്പോള്‍ ക്രിസ്റ്റ്യന്‍ നോര്‍ഗാര്‍ഡ് സിറ്റിയുടെ വിജയപ്രതീക്ഷകളെ തകര്‍ത്ത് ബ്രെന്റ്ഫോര്‍ഡിന് സമനില ഗോള്‍ സമ്മാനിച്ചു. 35 പോയിന്റോടെ ആറാം സ്ഥാനത്താണ് സിറ്റി. 28 പോയിന്റുള്ള ബ്രെന്റ്ഫോര്‍ഡ് 10-ാമതാണ്. 

ആവേശപ്പോരാട്ടത്തില്‍ ചെല്‍സിയെ ബേണ്‍മൗത്ത് 2–2ന് സമനിലയില്‍ തളച്ചു. ചെല്‍സിക്കായി കോള്‍ പാള്‍മര്‍, റീസ് ജെയിംസ് എന്നിവര്‍ ഗോളുകള്‍ കണ്ടെത്തിയപ്പോള്‍ ബേണ്‍മൗത്തിനായി ജസ്റ്റിന്‍ ക്ലൂവെര്‍ട്ട്, ആന്റോയിന്‍ സെമെനെയോ എന്നിവരാണ് സ്കോറര്‍മാര്‍. 21 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റോടെ നാലാം സ്ഥാനത്താണ് ചെല്‍സി. 34 പോയിന്റോടെ ബേണ്‍മൗത്ത് ഏഴാമതാണ്. 

Exit mobile version