Site iconSite icon Janayugom Online

യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുന്ന ഗ്ലാസ്ഗോ ഉച്ചകോടി വൃഥാവ്യായാമം

modimodi

കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ 26-ാമത് സമ്മേളനം (കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ്-സിഒപി26) അവസാനിക്കാന്‍ മൂന്നു ദിവസം മാത്രം അവശേഷിക്കെ ഏറെ വാര്‍ത്താപ്രാധാന്യം കൈവരിച്ച അന്താരാഷ്ട്ര നയതന്ത്ര വ്യായാമം പരാജയമാണെന്ന അഭിപ്രായം വ്യാപകമാണ്. മനുഷ്യരാശിയുടെയും ഭൂപ്രപഞ്ചത്തിന്റെയും നിലനില്പില്‍ നിര്‍ണായകമാവേണ്ടിയിരുന്ന സിഒപി26, ലോകനേതാക്കള്‍ അണിനിരന്ന ഒരു വമ്പന്‍ ‘പബ്ലിക് റിലേഷന്‍സ് ഇവന്റാ‘യി മാറിയെന്ന വിമര്‍ശനം നാനാ കോണുകളില്‍ നിന്നും ഉയരുന്നു. സമ്മേളന വേദിയായ സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോ നഗരകേന്ദ്രത്തില്‍ വെള്ളിയാഴ്ച ആയിരങ്ങള്‍ അണനിരന്ന പ്രതിഷേധറാലിയും ബദല്‍ ഉച്ചകോടിയും ലോകജനതയുടെ ഭാവിയെ സംബന്ധിച്ച ആശങ്കയെയും ലോകരാഷ്ട്ര ഭരണകൂടങ്ങളുടെ കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവര്‍ത്തന പരിപാടികളോടുള്ള ആത്മാര്‍ത്ഥതാരാഹിത്യത്തോടുള്ള അമര്‍ഷത്തെയുമാണ് അടയാളപ്പെടുത്തുന്നത്.

കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ലോക സര്‍ക്കാരുകളുടെ സമിതി (ഇന്റര്‍ ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്-ഐപിസിസി)യുടെ നിര്‍ദ്ദിഷ്ട ആറാമത് വിലയിരുത്തല്‍ റിപ്പോര്‍ട്ടിന്റെ ഇതിനകം പുറത്തുവന്ന കരട് ഗ്ലാസ്ഗോ സമ്മേളന പരാജയത്തിന്റെ മൂലകാരണത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്. കരട് റിപ്പോര്‍ട്ടിന്റെ പുറത്തായ മൂന്നാം ഭാഗം നിലവിലുള്ള മുതലാളിത്ത വളര്‍ച്ചാ മാതൃകകള്‍ ഉപേക്ഷിക്കാതെ ഒരു ഗ്രഹമെന്ന നിലയില്‍ ഭൂമിക്ക് അതിന്റെ പരിമിതികളെ അതിജീവിക്കാന്‍ ആവില്ലെന്ന് വ്യക്തമായ മൂന്നറിയിപ്പ് നല്കുന്നു. അടുത്ത നാലു വര്‍ഷങ്ങള്‍ കൊണ്ട് ഹരിതഗൃഹ വാതക വിസര്‍ജനം അതിന്റെ പാരമ്യത്തില്‍ എത്തുമെന്ന് ഐപിസിസി റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്കുന്നു. അതിനപ്പുറത്തേക്ക് സാമ്പത്തിക വളര്‍ച്ചയ്ക്ക് തെല്ലും സാധ്യതയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 


 ഇതുകൂടി വായിക്കൂ: ആഗോളതാപനം: പ്രധാനമന്ത്രി തിരുത്തലുകൾക്ക് തയാറാകുമോ?


 

ഐക്യരാഷ്ട്രസഭ നിയോഗിച്ച ശാസ്ത്രജ്ഞര്‍ തയാറാക്കിയ ആറാമത് ഐപിസിസി റിപ്പോര്‍ട്ടിന്റെ കരട് ചോര്‍ത്തി നല്കിയത് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളില്‍ വെള്ളം ചേര്‍ക്കപ്പെടും എന്ന ശാസ്ത്രജ്ഞരുടെ ആശങ്കയുടെ പശ്ചാത്തലത്തിലാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങളെ സംബന്ധിച്ച ശാസ്ത്രലോകത്തിന്റെ ധാരണകളും അവയെ നേരിടാന്‍ നാളിതുവരെ കൈക്കൊണ്ട നടപടികളുടെ തികഞ്ഞ അപര്യാപ്തതയുമാണ്, യാഥാര്‍ത്ഥ്യം ലോകത്തെ അറിയിക്കാന്‍ റിപ്പോര്‍ട്ട് ചോര്‍ത്തി നല്കാന്‍ നിര്‍ബന്ധിതമാക്കിയത്. റിപ്പോര്‍ട്ടിന്റെ ശാസ്ത്രീയ നിഗമനങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ ഇന്ത്യയടക്കം സര്‍ക്കാരുകളും ആഗോള കോര്‍പറേറ്റ് മുതലാളിത്തവും കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തിവരുന്നതെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. വ്യാവസായിക വികസനവും അനുബന്ധ മുതലാളിത്ത സാമൂഹിക, സാമ്പത്തിക വികസനവും നിലനില്ക്കാവുന്നതല്ലെന്ന് ശാസ്ത്രജ്ഞരില്‍ ഗണ്യമായ ഒരു വിഭാഗം ഉറച്ചു വിശ്വസിക്കുന്നു. അത് മുമ്പും പരക്കെ അംഗീകരിക്കപ്പെട്ടുപോന്ന ധാരണയാണെങ്കിലും‍ ലോകത്തെ സുപ്രധാന കാലാവസ്ഥാ പഠന റിപ്പോര്‍ട്ടില്‍ അത് അസന്ദിഗ്ധ ഭാഷയില്‍ സ്ഥാനം പിടിക്കുന്നത് ഇതാദ്യമാണ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് കരാര്‍ നടപ്പാക്കുക എന്നാല്‍, മുതലാളിത്ത വികസനത്തിന്റെയും വളര്‍ച്ചയുടെയും നിയമങ്ങളെയും യുക്തിയെയും സമ്പൂര്‍ണമായി നിഷേധിക്കുകയും നിരാകരിക്കുകയുമായിരിക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

 


 ഇതുകൂടി വായിക്കൂ: പരിസ്ഥിതിക്കായി ഒരുമിക്കണം: സിപിഐ


 

കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച് 196 രാജ്യങ്ങള്‍ ഒപ്പുവച്ച പാരിസ് കരാര്‍ (2015) ഹരിതഗൃഹവാതക വിസര്‍ജനം വ്യവസായവല്‍കൃതപൂര്‍വ താപനിലയില്‍ നിന്നും രണ്ട് ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തണമെന്ന ലക്ഷ്യമാണ് മുന്നോട്ടുവച്ചിരുന്നത്. അത് 1.5 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും ഉയരുന്നത് വിനാശകരമായിരിക്കുമെന്നും കരാര്‍ അടിവരയിടുന്നു. ആ ലക്ഷ്യം 2030ല്‍ കൈവരിക്കാന്‍ ഉതകുന്ന കര്‍ക്കശ നടപടികള്‍ സ്വീകരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക്, വിശിഷ്യാ വ്യവസായവല്‍കൃത ലോകത്തിന്, നാളിതുവരെ കഴിഞ്ഞിട്ടില്ലെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു. 2050ല്‍ പൂജ്യം തലത്തിലേക്ക് താപനില കൊണ്ടുവരണമെന്നും കരാര്‍ ലക്ഷ്യം വച്ചിരുന്നു. എന്നാല്‍ ഗ്ലാസ്ഗോയില്‍ തുടര്‍ന്നുവരുന്ന സിഒപി26ല്‍ ഇതുവരെ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകളും ചര്‍ച്ചകളും ആ ലക്ഷ്യങ്ങള്‍ സമയബന്ധിതമായി കൈവരിക്കാനാവില്ലെന്ന വ്യക്തമായ സൂചനകളാണ് നല്കുന്നത്. വന്‍ സമ്പദ്ഘടനകള്‍ എന്ന നിലയില്‍ ഹരിതഗൃഹ വാതകങ്ങളുടെ പൂജ്യം വിസര്‍ജനം തത്വത്തില്‍ ഇന്ത്യയും ബ്രസീലും അംഗീകരിക്കുന്നു. എന്നാല്‍ ഇന്ത്യ ലക്ഷ്യം കൈവരിക്കാന്‍ 2070 ആണ് നിശ്ചയിച്ച സമയപരിധി. ആഗോള മാധ്യമങ്ങള്‍ അതിന് ഏറെ പ്രാധാന്യം നല്കുന്നുവെങ്കിലും ലക്ഷ്യപ്രാപ്തിയുടെ പ്രായോഗികത സംശയാസ്പദമാണ്.

ലോകത്തിലെ പ്രമുഖ ഹരിതഗൃഹ വാതക വിസര്‍ജ്യ സ്രോതസുകളായ യുഎസ് അടക്കം പല രാജ്യങ്ങളും 2022 അവസാനത്തില്‍ കല്‍ക്കരി, പെട്രോളിയം ഇന്ധനങ്ങള്‍, വാതകങ്ങള്‍ എന്നിവയ്ക്കുമേലുള്ള നിക്ഷേപം അവസാനിപ്പിക്കുമെന്ന് പറയുന്നു. എന്നാല്‍ യുഎസും ചൈനയും ഇന്ത്യയുമടക്കം 46 രാഷ്ട്രങ്ങള്‍ കല്‍ക്കരി ഉപയോഗം അവസാനിപ്പിക്കാന്‍ വിസമ്മതിക്കുന്നു എന്നത് അമ്പരപ്പിക്കുന്ന വിരോധാഭാസമാണ്. 2025 ഓടെ പൂജ്യം ഹരിതഗൃഹ വാതക വിസര്‍ജനം എന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍ അവയില്‍ 80 ശതമാനവും പുറപ്പെടുവിക്കുന്ന ജി-20 രാജ്യങ്ങള്‍ അവരുടെ സമ്പദ്ഘടനകളെ തദനുസൃതം പുനഃക്രമീകരിക്കേണ്ടതുണ്ട്. അവയില്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന ആളോഹരി ഹരിതഗൃഹ വാതക വിസര്‍ജ്യത്തിന്റെ ഉല്പാദകരായ യു എസും ഏറ്റവും ഉയര്‍ന്ന വിസര്‍ജ്യത്തിന്റെ ഉല്പാദകരായ ചൈനയും മാത്രം പുറത്തുവിടുന്നത് 40 ശതമാനത്തോളം ഹരിതഗൃഹ വാതകമാണ്.

 


 ഇതുകൂടി വായിക്കൂ: കാലാവസ്ഥാ വ്യതിയാനം; ഇന്ത്യ ദുരന്തമുഖത്ത്


 

വികസന വളര്‍ച്ചാതന്ത്രങ്ങളിലും രീതികളിലും മൗലികമായ മാറ്റം കൂടാതെ ഡിഗ്രി സെല്‍ഷ്യസ് എന്ന താപന ലക്ഷ്യം കൈവരിക്കുക അസാധ്യമാണ്. വ്യാവസായിക വികസനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും ഗതാഗത സമ്പ്രദായങ്ങള്‍ക്കും ആവശ്യമായ ഊര്‍ജം, ഇന്ധനം എന്നിവയ്ക്ക് ഉറവവറ്റുന്ന കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവയെ വന്‍തോതില്‍ ആശ്രയിക്കുന്ന വികസിത, വികസ്വര സമ്പദ്ഘടനകള്‍ക്ക് അടുത്ത 8–9 വര്‍ഷങ്ങള്‍ കൊണ്ട് പാരമ്പര്യേതര ഊര്‍ജത്തിലേക്ക് എത്രത്തോളം മാറാന്‍ കഴിയുമെന്നതാണ് വെല്ലുവിളി. സമ്പൂര്‍ണവും ത്വരിതഗതിയിലുള്ള അത്തരം മാറ്റങ്ങള്‍ക്ക് എത്ര സര്‍ക്കാരുകളും സാമ്പത്തിക ശക്തികളും സന്നദ്ധവും പ്രാപ്തവുമാണ് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിയാത്തിടത്തോളം സിഒപി26 അടക്കമുള്ള ആഗോള വ്യായാമങ്ങള്‍ തികഞ്ഞ കപടനാട്യവും അര്‍ത്ഥശൂന്യവുമായി തുടരുകയേ ഉള്ളു.

വികസിതലോകം പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളും അതുമൂലം ഉണ്ടാകുന്ന ആഗോളതാപനവും അവരുടെ ഭൗമാതിര്‍ത്തികളില്‍ ഒതുങ്ങിനില്ക്കുന്നില്ല. അതിന്റെ ഇരകളാക്കപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും ലോകത്തിലെ അവികസിത, വികസ്വര, ദരിദ്രരാജ്യങ്ങളാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ തീവ്ര ദുരന്തങ്ങളില്‍ നിന്നും ആര്‍ക്കും മോചനമില്ലെന്ന് യുഎസ്, യൂറോപ്പ് മുതല്‍ ഇന്ത്യയടക്കം രാജ്യങ്ങളില്‍ ആവര്‍ത്തിച്ചു സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ വികസിത ലോകത്തിന്റെ നിലനില്പിന് വികസനത്തിന്റെ എല്ലാ നന്മകളും നിഷേധിക്കപ്പെടുകയും കടുത്ത പ്രകൃതി പ്രതിഭാസങ്ങളുടെ ഇരകളാവുകയും ചെയ്യുന്ന ദക്ഷിണലോകം അവഗണിക്കപ്പെടുന്നത് കടുത്ത അനീതിയും തികഞ്ഞ മനുഷ്യത്വരാഹിത്യവുമാണ്.

 


 ഇതുകൂടി വായിക്കൂ: മുതലാളിത്തത്തെ തള്ളി ഐപിസിസി റിപ്പോര്‍ട്ട്


ലോകത്തെ കാര്‍ബണ്‍ വിമുക്തമാക്കാന്‍ 100–150 ലക്ഷം കോടി ഡോളര്‍ ആഗോള സമ്പദ്ഘടന ചെലവിടേണ്ടതുണ്ട്. അതിന്റെ ആറില്‍ ഒരംശംപോലും ചെലവിടാന്‍ സമ്പന്ന രാഷ്ട്രങ്ങള്‍ ഇനിയും സന്നദ്ധമായിട്ടില്ല. സമ്പന്ന രാഷ്ട്രങ്ങളുടെ സമ്പത്തിന്റെ ഉറവിടം ദരിദ്ര ദക്ഷിണ രാഷ്ട്രങ്ങളായിരുന്നു എന്നത് ആഗോള സമ്പദ്ഘടനയുടെ ബാലപാഠത്തില്‍ നിന്നുതന്നെ വ്യക്തമാണ്. അവഗണിക്കപ്പെട്ടവരും കോളനിവാഴ്ചയുടെയും സാമ്രാജ്യത്വത്തിന്റെയും ആഗോളീകരണത്തിന്റെയും സമകാലിക വികസന വ്യവഹാരത്തിന്റെയും ഇരകളായ മഹാഭൂരിപക്ഷത്തെയും അവഗണിച്ച് ഭൂപ്രകൃതിയില്‍ മനുഷ്യരാശിക്കെന്നല്ല ജീവന് ആധാരമായ ജൈവ പ്രപഞ്ചത്തിനു തന്നെയും നിലനില്പില്ലെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ കാലാവസ്ഥ വ്യതിയാനത്തെ അഭിമുഖീകരിക്കുക സാധ്യമല്ല.

Exit mobile version