റഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തിന് പരിസമാപ്തി ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉക്രൈൻ പ്രസിഡന്റ് വൊളോദിമിര്‍ സെലൻസ്‌കിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും. കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ യുദ്ധം അവസാനിക്കുന്ന കാര്യത്തില്‍ സമവായമായിരുന്നില്ല. ഇതിന് തുടര്‍ച്ചയായാണ് ട്രപും സെലന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച.
നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ട്, യുകെ പ്രധാനമന്ത്രി സിര്‍ കെയ്ര്‍ സ്റ്റാര്‍മെര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോനി, ജര്‍മന്‍ ചാന്‍സലര്‍ ഫ്രഡ്‌റിച്ച് മെര്‍സ്, ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ദെര്‍ ലയാന്‍ തുടങ്ങിയവർ ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വൈറ്റ് ഹൗസിലെ ചര്‍ച്ചയ്ക്കിടെ ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും സെലന്‍സ്‌കിയോട് കയര്‍ത്തിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഉക്രെയ്ന്‍ ഒറ്റപ്പെടാതിരിക്കാനുമാണ് യൂറോപ്യന്‍ നേതാക്കള്‍ സെലന്‍സ്‌കിയെ അനുഗമിക്കുന്നത്.

