Site iconSite icon Janayugom Online

സെലന്‍സ്കിയെ പുറത്താക്കുകയാണ് ലക്ഷ്യം: പ്രഖ്യാപനവുമായി സെര്‍ജി ലാവ്റോവ്

ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിയുടെ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. കരിങ്കടല്‍ തുറമുഖങ്ങളില്‍ നിന്ന് ധാന്യക്കയറ്റുമതി പുനരാരംഭിക്കാനുള്ള ഉക്രെയ്‍ന്റെ ശ്രമങ്ങള്‍ക്കിടെയാണ് ലാവ്റോവിന്റെ പരാമര്‍ശം. തീര്‍ത്തും അസ്വീകാര്യമായ ഭരണത്തിന്റെ ഭാരത്തില്‍ നിന്ന് സ്വയം മോചിപ്പിക്കാന്‍ ഉക്രെയ്‍ന്‍ ജനതയെ സഹായിക്കുന്നതിന് റഷ്യ തീരുമാനിച്ചതായി കെയ്‌റോയിൽ നടന്ന അറബ് ലീഗ് ഉച്ചകോടിയിൽ ലാവ്റോവ് പറഞ്ഞു. 

സെെനിക നടപടിയുടെ ആരംഭത്തില്‍ സെലന്‍സ്കി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പദ്ധതിയില്ലെന്ന് റഷ്യ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ആ നിലപാടില്‍ നിന്ന് തീര്‍ത്തും വിരുദ്ധമാണ് ലാവ്റോവിന്റെ പ്രഖ്യാപനം. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് റഷ്യ തയാറാണെന്നും എന്നാല്‍ യുദ്ധം തുടരാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉക്രെയ്‍നെ പ്രോത്സാഹിപ്പിക്കുകയാണെന്നും ലാവ്റോവ് ആരോപിച്ചു. റഷ്യയെ യുദ്ധക്കളത്തിൽ പരാജയപ്പെടുത്തുന്നത് വരെ ചർച്ചകൾ ആരംഭിക്കേണ്ടതില്ലെന്ന് പാശ്ചാത്യ രാജ്യങ്ങൾ ഉക്രെയ്‍നെ നിര്‍ബന്ധിക്കുകയാണെന്നും ലാവ്റോവ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ, നോര്‍ഡ് സ്ട്രീം പെെപ്പ്‍ലെെന്‍ വഴിയുള്ള പ്രതിദിന ഇന്ധന വിതരണം 33 ദശലക്ഷം ക്യുബിക് മീറ്ററായി വെട്ടികുറയ്ക്കമെന്ന് റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രിത ഊര്‍ജ കമ്പനിയായ ഗാസ്‍പ്രോം അറിയിച്ചു. നിലവില്‍ പെെപ്പ്‍ലെെന്‍ ശേഷിയുടെ 20 ശതമാനമാണ് വെട്ടിക്കുറച്ചത്. സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നടപടി. 10 ദിവസത്തെ അറ്റകുറ്റപ്പണികൾക്ക് ശേഷം ജർമ്മനി വഴി യൂറോപ്പിലേക്കുള്ള വാതക വിതരണം കഴിഞ്ഞയാഴ്ച പുനഃസ്ഥാപിച്ചിരുന്നു. പെെപ്പ്‍ലെെന്‍ ശേ­ഷിയുടെ 40 ശതമാനമാണ് പുനസ്ഥാപിച്ചത്. ഇന്ധന വിതരണം വെട്ടിക്കുറയ്ക്കുന്നതിന് സാങ്കേതിക ന്യായീകരണമില്ലെന്ന് ജര്‍മ്മന്‍ സര്‍ക്കാര്‍ പ്രതികരിച്ചു. 

മോസ്‌കോയ്‌ക്കെതിരായ ഉപരോധം വർധിപ്പിച്ച് റഷ്യയുടെ ‍ഇന്ധന യുദ്ധത്തോട് പ്രതികരിക്കാൻ വ്ലാദിമിര്‍ സെലന്‍സ്കി യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടു. ഇന്ധന വിതരണത്തിലെ റഷ്യയുടെ നീക്കങ്ങള്‍ക്ക് പിന്നാലെ, റേഷന്‍ അടിസ്ഥാനത്തിലുള്ള ഇന്ധന വിതരണ പദ്ധതിക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കി. 27 അംഗരാജ്യങ്ങളും ഇന്ധന ഉപയോഗം 15 ശതമാനം കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശത്തെ പിന്തുണച്ചു. ഇന്ധന ഉപഭോഗം 45 ക്യുബിക് മീറ്റര്‍ കുറയ്ക്കാനാണ് പദ്ധതി. ഉക്രെയ്‍നെ പിന്തുണച്ചതിന് ഇന്ധന വിതരണം വെട്ടിക്കുറച്ച് യൂറോപ്യന്‍ രാജ്യങ്ങളെ ഭീഷണിപ്പെടുത്താനാണ് വ്ലാദിമിര്‍ പുടിന്‍ ശ്രമിക്കുന്നതെന്നും യൂണിയന്‍ ആരോപിച്ചു. 

റഷ്യക്കെതിരായ ഉപരോധം 2023 ജനുവരി വരെ നീട്ടാനും യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. അതേസമയം, കരാര്‍ പ്രകാരമുള്ള ധാന്യക്കയറ്റുമതി എപ്പോള്‍ ആരംഭിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. റഷ്യ ആക്രമണം തുടരുകയാണെങ്കില്‍ കയറ്റുമതി പുനരാരംഭിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഉക്രെയ്ന്‍. എന്നാല്‍ ഒഡേസയിലുണ്ടായ ആക്രമണം സെെനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്നും ധാന്യക്കയറ്റുമതിയെ ബാധിക്കില്ലെന്നുമാണ് റഷ്യയുടെ വാദം. 

Eng­lish Summary:The goal is to oust Zelen­sky: Sergey Lavrov with the announcement
You may also like this video

Exit mobile version