Site iconSite icon Janayugom Online

ഭൂമിയെ ലക്ഷ്യമാക്കി വരുന്നു ‘നാശത്തിന്റെ ദൈവം’; മാരക ഉല്‍ക്ക അപ്പോഫിസ് വരുന്നുവെന്ന് മുന്നറിയിപ്പ് നല്‍കി ഐഎസ്ആര്‍ഒ

apophiapophi

അഞ്ചുവര്‍ഷത്തിനകം ഭൂമിയെ ലക്ഷ്യമാക്കി വരുന്ന അപകടകരമായ ഉല്‍ക്കയെ നിരീക്ഷിച്ച് ഐഎസ്ആര്‍ഒ. ‘നാശത്തിന്റെ ദൈവം’ എന്നര്‍ത്ഥമുള്ള അപ്പോഫിസ് എന്നാണ് ഉല്‍ക്കയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.

അപ്പോഫിസ് 2029 ഏപ്രില്‍ 13ന് ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകുമെന്നാണ് വിലയിരുത്തല്‍. ഐഎസ്ആര്‍ഒയുടെ നെറ്റ്‍വര്‍ക്ക് ഫോര്‍ സ്പേസ് ഒബ്ജക്റ്റ്‌സ് ട്രാക്കിങ് ആന്റ് അനാലിസിസ് (നേത്ര) അപ്പോഫിസിനെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഇന്ത്യ ഇതിനെയും മറ്റ് ഭാവി ഭീഷണികളെയും പ്രതിരോധിക്കാന്‍ എല്ലാ രാജ്യങ്ങളുമായും സഹകരിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. 

2004 ലാണ് അപ്പോഫിസിനെ ആദ്യമായി കണ്ടെത്തിയത്. 2029ലും പിന്നീട് 2036ലും ഇന്ത്യയിലൂടെ കടന്നുപോകുമെന്നാണ് കരുതുന്നത്. ഇത് ഭൂമിയിലേക്ക് പതിക്കുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നത്. ഇത് ഭൂമിയില്‍ പതിക്കില്ലെന്നാണ് ശാസ്ത്രജ്ഞര്‍ നേരത്തെ പറഞ്ഞിരുന്നത്. ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും 2029ല്‍ ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കില്ല എന്നാണ് പുതിയ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

ഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ അപ്പോഫിസ് അടുത്ത് വരാന്‍ സാധ്യതയുള്ള ദൂരത്തേക്കാള്‍ ഉയര്‍ന്ന ഭ്രമണപഥത്തിലാണ്. അതുകൊണ്ട് ഇതിനെ സൂക്ഷ്മമായി വിലയിരുത്താന്‍ കഴിയും. ഭൂമിയില്‍ നിന്ന് 32,000 കിലോമീറ്റര്‍ അടുത്തുവരെ ഉല്‍ക്ക എത്തുമെന്നാണ് കണക്കുകൂട്ടല്‍. ഇത്രയും വലിപ്പമുള്ള മറ്റൊരു ഉല്‍ക്കയും ഭൂമിയുടെ അടുത്ത് വന്നിട്ടില്ല. ഇതിന് ഏകദേശം 340 മുതല്‍ 450 മീറ്റര്‍ വരെ വ്യാസമുണ്ട്. 140 മീറ്റര്‍ വ്യാസത്തിന് മുകളിലുള്ള ഏതൊരു ഉല്‍ക്കയും ഭൂമിയോട് ചേര്‍ന്ന് കടന്നുപോകുന്നത് അപകടകരമാണ്.

300 മീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ള ഏതൊരു ഉല്‍ക്കയും വന്‍നാശത്തിന് കാരണമാകുമെന്നാണ് ഐഎസ്ആര്‍ഒ കണക്കാക്കുന്നത്. 10 കിലോമീറ്ററില്‍ കൂടുതല്‍ വ്യാസമുള്ള ഒരു ഉല്‍ക്ക ഭൂമിയില്‍ പതിച്ചാല്‍, അത് വന്‍തോതിലുള്ള വംശനാശത്തിന് കാരണമാകാമെന്ന് ഐഎസ്ആര്‍ഒ നേത്ര തലവനായ ഡോ. എ കെ അനില്‍ കുമാര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ ലോനാറില്‍ ഏകദേശം 5,00,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഉല്‍ക്ക പതിച്ചിരുന്നു. ഒരു ചതുരശ്ര കിലോമീറ്ററിലധികം വിസ്തീര്‍ണ്ണമുള്ള ഒരു തടാകം സൃഷ്ടിക്കാന്‍ ഈ ഉല്‍ക്കാപതനം കാരണമായി. 

Exit mobile version