Site iconSite icon Janayugom Online

വയനാട് ദുരന്തബാധിതർക്കെതിരെയുള്ള ജപ്തി നടപടികൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചു

വയനാട് ജില്ലയിലെ ചൂരൽമല ഉൾപ്പെടെ ദുരന്തബാധിത പ്രദേശങ്ങൾ ഉൾപ്പെടുന്ന വൈത്തിരി താലൂക്കിലെ വായ്പകളിൻമേലുള്ള റവന്യു റിക്കവറി നടപടികൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചതായി റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. ഒരു അറിയിപ്പുണ്ടാകുന്നതു വരെ ജപ്തി നടപടികൾ നിർത്തി വയ്ക്കുന്നതിനാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ ജൂലൈ മാസം റവന്യു മന്ത്രി കെ രാജൻ നിയമസഭയിൽ അവതരിപ്പിച്ച് സഭ പാസാക്കിയ കേരള റവന്യു റിക്കവറി ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത്.

 

സാധാരണ ഗതിയിൽ ജപ്തി നടപടികൾ നേരിടുമ്പോൾ റവന്യു മന്ത്രിയുടെ ഉത്തരവിൽ ജപ്തി സ്റ്റേ ചെയ്തും കുടിശിക തുക തവണകളായി അടക്കാനും അനുമതി നൽകിയിരുന്നു. എന്നാൽ ചില ബാങ്കുകൾ കോടതിയിൽ പോവുകയും കോടതി സർക്കാരിന് ബാങ്കുകളുടെ ജപ്തി നടപടികൾ സ്റ്റേ ചെയ്യാനുള്ള അധികാരം ഇല്ലായെന്നും വിധിക്കുകയുണ്ടായി. ഈ വിധി സാധാരണക്കാരായ ജനങ്ങളെ ഒട്ടേറെ ബാധിക്കുകയുണ്ടായി. ഈ വിധിയുടെ മറവിൽ പല ധനകാര്യ സ്ഥാപനങ്ങളും കടുത്ത നടപടിയുമായും മുന്നോട്ടു പോയിരുന്നു. ആ പശ്ചാത്തലത്തിലാണ് റവന്യു മന്ത്രിയുടെ നേതൃത്വത്തിൽ റവന്യു റിക്കവറി നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിന് ശേഷം ജൂലൈ 24ന് ആണ് ഗവർണർ ഒപ്പിട്ട് നിയമമായി മാറിയത്. ആ നിയമമാണ് ഇപ്പോൾ വയനാട്ടിലെ ദുരിതമനുഭവിക്കുന്നവർക്ക് തുണയായത്.

Exit mobile version