Site iconSite icon Janayugom Online

ആറ് കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി സര്‍ക്കാര്‍

ഭാരിച്ച ചികിത്സാ ചെലവ് വരുന്ന ഗുരുതര രോഗങ്ങളുള്ള ആറ് കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പ് സൗജന്യ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജുവനൈല്‍ മൈലോമോണോസിറ്റിക്ക് ലുക്കീമിയ, ഡ്യൂറല്‍ ആര്‍ട്ടീരിയോ വീനസ് ഫിസ്റ്റുല, ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ, പ്രൈമറി ഹൈപ്പര്‍ഓക്‌സലൂറിയ ടൈപ്പ് 1, ക്ലാസിക് ഹോഡ്കിന്‍സ് ലിംഫോമ, ഷ്വാക്മാന്‍ ഡയമണ്ട് സിന്‍ട്രോം തുടങ്ങിയ രോഗങ്ങളുടെ സൗജന്യ ചികിത്സയ്ക്കായാണ് അനുമതി നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യകിരണം സംസ്ഥാനതല സമിതിയാണ് ഇതുസംബന്ധിച്ച് അംഗീകാരം നല്‍കിയത്. സ്വകാര്യ മേഖലയില്‍ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ചികിത്സകളാണ് സൗജന്യമായി ലഭ്യമാക്കുന്നത്. തലശേരി സ്വദേശിയായ ഒരു വയസുളള്ള കുട്ടിയ്ക്ക് ജുവനൈല്‍ മൈലോമോണോസിറ്റിക് ലുക്കീമിയ രോഗത്തിന് മലബാര്‍ കാന്‍സര്‍ സെന്റര്‍ വഴി ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍, പാലക്കാട് സ്വദേശി 14 വയസുള്ള കുട്ടിയ്ക്ക് ഡ്യൂറല്‍ ആര്‍ട്ടീരിയോ വീനസ് ഫിസ്റ്റുലയ്ക്ക് ശ്രീചിത്ര വഴി എംബോളൈസേഷന്‍, പാലക്കാട് സ്വദേശിയായ 5 വയസുകാരന് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയ്ക്ക് മലബാര്‍ കാന്‍സര്‍ സെന്ററില്‍ നിന്നും ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍, തിരുവനന്തപുരം സ്വദേശിയായ രണ്ട് വയസുകാരിയ്ക്ക് പ്രൈമറി ഹൈപ്പര്‍ഓക്‌സലൂറിയയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, തിരുവനന്തപുരം സ്വദേശി 6 വയസുകാരന് ക്ലാസിക് ഹോഡ്കിന്‍സ് ലിംഫോമയ്ക്ക് എസ് എ ടി ആശുപത്രിയില്‍ നിന്നും ഓട്ടോലോഗസ് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍, തിരുവനന്തപുരം സ്വദേശി 10 വയസുകാരിയ്ക്ക് ഷ്വാക്മാന്‍ ഡയമണ്ട് സിന്‍ട്രോം രോഗത്തിന് മലബാര്‍ കാന്‍സര്‍ സെന്റര്‍ വഴി ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ എന്നീ ചികിത്സകള്‍ക്കാണ് അനുമതി നല്‍കിയത്.

Eng­lish Summary:The gov­ern­ment has ensured free treat­ment for six children
You may also like this video

Exit mobile version