വിഴിഞ്ഞത്ത് സംഘര്‍ഷം ഒഴിവാക്കാന്‍ എല്ലാം ചെയ്തുവെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വെടിവയ്പ്പ് ഉള്‍പ്പെടെ ഒഴിവാക്കിയാണ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. വെടിവയ്പ്പ് നടന്നിരുന്നെങ്കില്‍ നിരവധിപേര്‍ മരിച്ചുവീഴുമായിരുന്നുവെന്ന് സര്‍ക്കാര്‍ പറഞ്ഞു. വിഴിഞ്ഞം സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ കേന്ദ്ര സേനയെ വിഴിഞ്ഞത്തേക്ക് വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു . വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കണമെന്ന് അഡാനി ഗ്രൂപ്പിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്തെന്ന് കോടതി ആരാഞ്ഞത്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് എന്താണെന്നും കോടതി ചോദിച്ചു. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ബുധനാഴ്ച ഇക്കാര്യത്തില്‍ ഇരു സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്ന് കോടതി ഉത്തരവിട്ടു.
വിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ആരാഞ്ഞു. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായും ബിഷപ്പ് ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ കേസെടുത്തതായും സര്‍ക്കാര്‍ അറിയിച്ചു. പ്രതികളായ വൈദികരടക്കം വിഴിഞ്ഞത്തെ സമരപ്പന്തലില്‍ ഇപ്പോഴും സമരമിരിക്കുന്നുണ്ടെന്ന് അഡാനി ഗ്രൂപ്പ് കോടതിയെ ധരിപ്പിച്ചു. വിശദമായ അന്വേഷണം നടന്നുവരികയാണെന്നും തുടര്‍നടപടികള്‍ ഉടനെ ഉണ്ടാവുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
English Summary: The government has no objection to handing over Vizhinjam security to the central forces
You may also like this video