Site iconSite icon Janayugom Online

ഉദ്ഘാടനം ചെയ്താൽ ട്രോഫി ലഭിക്കുമെന്ന് കരുതിയിട്ടല്ല സര്‍ക്കാര്‍ വികസനം നടത്തുന്നത്: മന്ത്രി മുഹമ്മദ് റിയാസ്

Muhemmad RiyazMuhemmad Riyaz

കോഴിക്കോട് എളമരം കടവ് പാലം നാടിന് സമര്‍പ്പിച്ചു. എളമരം കടവിലെ പ്രത്യേക സാഹചര്യവും പ്രദേശത്തിന്റെ ചരിത്രപരമായ പ്രത്യേകതകളും രണ്ടു ജില്ലകളെ ബന്ധിപ്പിക്കുന്ന വിഷയവുമെല്ലാം പരിഗണിച്ചാണ് സംസ്ഥാന സർക്കാർ എളമരം കടവിൽ പാലത്തിനു വേണ്ടി ഫണ്ട് നീക്കിവെച്ചതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പാലത്തിന്റെ പ്രവർത്തിയുടെ മുഴുവൻ ഉത്തരവാദിത്ത്വവും സംസ്ഥാന സർക്കാരിനാണെന്നും മന്ത്രി വ്യക്തമാക്കി. സിആർഐഎഫ് ഫണ്ടിൽ നിന്നും അനുവദിച്ച 35 കോടി രൂപ വിനിയോഗിച്ച് മാവൂർ — വാഴക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചാലിയാറിനു കുറുകെ നിർമ്മിച്ച പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സിആർഐഎഫ് ഫണ്ട് അനുവദിച്ചു കഴിഞ്ഞാൽ അത് റോഡിനാണോ പാലത്തിനാണോ മറ്റെന്തിനെങ്കിലുമാണോ എന്ന് തീരുമാനിക്കുന്നത് സംസ്ഥാന സർക്കാറാണ്. ഏത് പ്രവർത്തിയാണെങ്കിലും എല്ലാവരെയും സഹകരിപ്പിച്ച് മുന്നോട്ടു പോകുന്ന നിലപാടാണ് സംസ്ഥാന സർക്കാറിനുള്ളത്. അതല്ലാതെ ആരെങ്കിലും വന്ന് ഉദ്ഘാടനം ചെയ്താൽ പ്രത്യേക ട്രോഫി ലഭിക്കുമെന്ന് കരുതിയിട്ടല്ല വികസന പ്രവർത്തനം സംസ്ഥാന സർക്കാർ നടത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2025 ഓടെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ പാതയുടെ പ്രവർത്തി പൂർത്തീകരിക്കാൻ തീവ്രശ്രമം നടത്തുമെന്നും മന്ത്രി റിയാസ് വ്യക്തമാക്കി. 

കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം അധ്യക്ഷതവഹിച്ചു. കോഴിക്കോട് ഉത്തര മേഖല ദേശീയ പാത സൂപ്രണ്ടിംഗ് എഞ്ചിനിയർ ജി എസ് ദിലീപ് ലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. എ പി അബ്ദു സമദ് സമദാനി എംപി, ഇ ടി മുഹമ്മദ് ബഷീർ എംപി, എളമരം കരീം എംപി, അഡ്വ. പി ടി എ റഹീം എംഎൽഎ, തുടങ്ങിയവർ മുഖ്യാതിഥികളായി. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് ഷിജിനി ഉണ്ണി, കുന്ദമംഗലം ബ്ലോക്ക് പ്രസിഡണ്ട് ബാബു നെല്ലൂളി, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, കൊണ്ടോട്ടി ബ്ലോക്ക് അംഗം പി അബൂബക്കർ, കുന്ദമംഗലം ബ്ലോക്ക് അംഗം മൈമൂന കടുക്കാംഞ്ചേരി, വാഴക്കാട് ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ. ജന്ന ശിഹാബ്, മാവൂർ ഗ്രാമപഞ്ചായത്ത് അംഗം കെ സി വാസന്തി, ഗ്രാസിം ഇഡസ്ട്രീസ് ജനറൽ മാനേജർ റിട്ട. കേണൽ കെ കെ മനു, ദേശീയപാത ചീഫ് എഞ്ചിനിയർ എം അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പ്രവർത്തിക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കും നിർമ്മാണ ചുമതലയുളള കരാറുകാരനും മന്ത്രി ഉപഹാരം നൽകി.

Eng­lish Sum­ma­ry: The gov­ern­ment is not doing devel­op­ment with the expec­ta­tion of get­ting a tro­phy if it is inau­gu­rat­ed: Min­is­ter Moham­mad Riyaz

You may like this video also

Exit mobile version