Site iconSite icon Janayugom Online

പൊതുമുതൽ നശീകരണം കോടതി നിയന്ത്രിക്കണമെന്ന് സർക്കാർ

YCYC

സെക്രട്ടേറിയറ്റ് മാർച്ചിനോട് അനുബന്ധിച്ചുളള യൂത്ത് കോൺഗ്രസ് സമരത്തിൽ നിരന്തരം ഉണ്ടാകുന്ന പൊതുമുതൽ നശീകരണം കോടതി ഇടപെട്ട് നിയന്ത്രിക്കണമെന്ന് സർക്കാർ. 

ഒരു വർഷത്തിനിടെ മൂന്ന് പൊതുമുതൽ നശീകരണ കേസിൽ പ്രതിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലെന്നും സർക്കാർ കോടതിയെ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തില്‍ അടക്കമുളള യൂത്ത് കോൺഗ്രസ് നേതാക്കളുടെ ജാമ്യ ഹർജി കോടതി പരിഗണിക്കുമ്പോളാണ് സർക്കാർ അഭിഭാഷകൻ ഇക്കാര്യം കോടതിയെ അറിയിച്ചത്. ജാമ്യ ഹർജിയിൽ ശനിയാഴ്ച കോടതി വിധി പറയും. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബു എം യു ആണ് കേസ് പരിഗണിച്ചത്. 

നവകേരളയാത്രയോടനുബന്ധിച്ച് യൂത്ത് കോൺഗ്രസുകാർ ആക്രമിക്കപ്പെട്ടെന്ന് ആരോപിച്ച് നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ കഴിഞ്ഞ ഡിസംബർ 20ന് പൊതുമുതൽ നശിപ്പിച്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അടക്കം റിമാൻഡ് ചെയ്തിരുന്ന കാര്യം സീനിയർ എപിപി കല്ലംപളളി മനു കോടതിയെ അറിയിച്ചു. രാഹുലാണ് എല്ലാ അക്രമ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത്. പൊതുമുതൽ വൻതോതിൽ നശിപ്പിക്കുന്നതിനൊപ്പം ക്രമസമാധാന പാലനത്തിന് ചുമതലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിക്കുന്നതായും എപിപി കോടതിയെ അറിയിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരല്ല പൊലീസാണ് അക്രമം അഴിച്ചുവിടുന്നതെന്ന പതിവ് വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. 

Exit mobile version