മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് വിശ്വാസ വോട്ടെടുപ്പിന് നിര്‍ദ്ദേശിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമെന്ന് ഭരണഘടനാ ബഞ്ച് വിധിച്ചു.
എന്നാൽ രാജിവച്ചതിനാൽ ഉദ്ധവ് താക്കറെ സർക്കാരിനെ പുനഃസ്ഥാപിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഉൾപാർട്ടി വിഷയങ്ങൾ പരിഹരിക്കാൻ വിശ്വാസവോട്ടെടുപ്പല്ല പരിഹാരമെന്ന് ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്രകേസിൽ സുപ്രീം കോടതി വിധി. ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിൽ ശിവസേനയിലെ ഒരു വിഭാഗം എതിർപ്പുയർത്തിയതോടെയാണ് ഉദ്ധവ് താക്കറെയോട് വിശ്വാസവോട്ട് തേടാൻ അന്നത്തെ ഗവർണ്ണർ ഭഗത് സിംഗ് കോഷിയാരി നിർദ്ദേശിച്ചത്.
സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്ന് ബോധ്യമാകുന്ന ഒരു രേഖയും ഗവർണ്ണർക്ക് മുന്നിലില്ലായിരുന്നു എന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബഞ്ച് ചൂണ്ടിക്കാട്ടി. വിശ്വാസ വോട്ടെടുപ്പ് നിയമവിരുദ്ധമായിരുന്നു. ഇല്ലാത്ത അധികാരമാണ് ഗവർണ്ണർ പ്രയോഗിച്ചതെന്നും സുപ്രീംകോടതി വിമർശിച്ചു. ഉദ്ധവ് താക്കറെ വിശ്വാസവോട്ടെടുപ്പ് നേരിടാതെ രാജിവയ്ക്കുകയായിരുന്നു. അതിനാൽ താക്കറെ സർക്കാരിനെ പുനഃസ്ഥാപിക്കാനാവില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാണ് നിയമസഭ കക്ഷി. വിപ്പിനെ നിശ്ചയിക്കാനുള്ള അവകാശം രാഷ്ട്രീയ പാർട്ടികൾക്കാണ്.
ഏക്നാഥ് ഷിന്‍ഡേ വിഭാഗത്തിൻറെ ചീഫ് വിപ്പിനെ സ്പീക്കർ അംഗീകരിച്ചത് ചട്ടവിരുദ്ധമാണ്. ഷിന്‍ഡേ പക്ഷത്തെ എംഎൽഎമാരെ അയോഗ്യരാക്കാനുള്ള അപേക്ഷയിൽ സ്പീക്കർ ന്യായമായ സമയത്തിനുള്ളിൽ തീരുമാനം എടുക്കണം. നിയമസഭ കക്ഷിയിലെ ബലം മാത്രം പരിഗണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളിലെ തർക്കത്തിൽ തീർപ്പ് കല്പിക്കരുതെന്ന നിർദ്ദേശവും കോടതി നല്‍കി.
തൻ്റെ സർക്കാരിനെ വീഴ്ത്തിയത് നിയമവിരുദ്ധ വഴിയിലൂടെയാണെന്ന വിധി ഉദ്ധവ് താക്കറെയ്ക്ക് ധാർമ്മിക വിജയമായി. അധികാരത്തിൽ തുടരാമെങ്കിലും എംഎൽഎമാരുടെ അയോഗ്യത അപേക്ഷ ഉൾപ്പടെയുള്ള വിഷയങ്ങൾ ഷിൻഡെയ്ക്ക് തലവേദനയാകും.
English Summary:
The Governor’s action in proposing a vote of confidence to the Uddhav Thackeray-led government is unconstitutional
You may also like this video: