Site iconSite icon Janayugom Online

മലയാളത്തിന്റെ മഹാനടി ആറാം പുരസ്‌കാര നിറവിൽ

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഉര്‍വശിയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത് ഇത്‌ ആറാം തവണ. 1989 (മഴവിൽക്കാവടി, വർത്തമാനകാലം), 1990 (തലയണമന്ത്രം), 1991 (ഭരതം, മുഖചിത്രം, കാക്കത്തൊള്ളായിരം, കടിഞ്ഞൂൽകല്യാണം), 1995 (കഴകം), 2006 (മധുചന്ദ്രലേഖ) വർഷങ്ങളിലാണ്‌ ഉർവശിയെത്തേടി സംസ്ഥാന പുരസ്‌കാരങ്ങൾ എത്തിയത്‌. മൂന്ന് തവണ തുടര്‍ച്ചയായി മികച്ച നടിയായ ഏക മലയാളി നടിയും ഉർവശിയാണ്. തന്നെ ഏൽപ്പിക്കുന്ന ഏത്‌ കഥാപാത്രവും മികച്ച രീതിയിൽ വെള്ളിത്തിരയിലെത്തിക്കുന്ന ഉർവശിയുടെ അഭിനയപാടവം പ്രേക്ഷകരെ പലതവണ അമ്പരപ്പിച്ചിട്ടുണ്ട്‌. മലയാളത്തിന്റെ മഹാനടിയെന്ന് ഉര്‍വശിയെ സംശയമില്ലാതെ വിളിക്കാം. 

അവാര്‍ഡ് നേട്ടത്തില്‍ വലിയ സന്തോഷമുണ്ടെന്ന് ഉർവശി പറഞ്ഞു. ഒരിക്കലും അഭിനയിക്കുമ്പോൾ അവാര്‍ഡിന്റെ കാര്യം നമ്മുടെ മുന്നിൽ വരാറില്ല. ഡയറക്ടറാണ്‌ ആദ്യത്തെ അവാർഡ്‌ തരുന്ന ആൾ. അദ്ദേഹം ഓക്കെ പറയുന്നതാണ്‌ ഏറ്റവും വലിയ അവാർഡ്‌. ഉള്ളൊഴുക്ക്‌ റിലീസ്‌ ചെയ്‌തപ്പോൾ ഒരുപാട്‌ പേരിൽനിന്ന്‌ അഭിനന്ദനം ലഭിച്ചിരുന്നു. ഓരോരുത്തരും അഭിനന്ദിക്കുന്നത്‌ ഓരോ പുരസ്‌കാരമാണ്‌. സർക്കാർ തലത്തിലുള്ള ഒരംഗീകാരമായാണ്‌ ഇപ്പോഴത്തെ അവാര്‍ഡ്. പാർവതിയുമായി ‘ഉള്ളൊഴുക്കി’ൽ മത്സരിച്ചഭിനയിക്കുകയായിരുന്നുവെന്ന് ഉര്‍വശി പറഞ്ഞു. പാർവതി ഉണ്ടായിരുന്നത്‌ കൊണ്ടാണ്‌ നല്ലരീതിയിൽ വർക്ക്‌ ചെയ്യാൻ പറ്റിയത്‌. പാർവതിയും അവാർഡിന്‌ അർഹയാണ്‌. അത്രയും മികച്ച അഭിനയമായിരുന്നു അവരുടേത്‌. ശാരീരികമായും മാനസികമായും ഒത്തിരി പ്രയാസം അനുഭവിച്ചായിരുന്നു അഭിനയം. ഷൂട്ടിങ്‌ ഉള്ള ദിവസം രാവിലെ മുതൽ വൈകിട്ടുവരെ അരയ്‌ക്കൊപ്പം വെള്ളത്തിലാണ്‌ നിന്നത്‌. എന്റെ കാലൊക്കെ കുറേ കറുത്തുപ്പോയി. 44 ദിവസത്തോളം പൊട്ടിക്കരഞ്ഞിരിക്കാൻ പറ്റില്ലെന്ന്‌ താനാണ്‌ ഡയറക്ടറോട്‌ പറഞ്ഞത്‌. കരയാതെ കരയുന്നതാണ്‌ ഏറ്റവും വലിയ പ്രയാസം. കരഞ്ഞെങ്കിൽ അത്‌ പെയ്‌തൊഴിയും. ഇങ്ങനെ ഒരുവേഷം ചെയ്യാൻ എനിക്കായി കാത്തിരുന്ന ചിത്രത്തിന്റെ സംവിധായകൻ ക്രിസ്‌റ്റോ ടോമിയോട്‌ നന്ദിയുണ്ടെന്നും ഉര്‍വശി പറഞ്ഞു

Exit mobile version