Site iconSite icon Janayugom Online

ഗ്രൗണ്ടുകള്‍ പൂര്‍ണ സജ്ജമായില്ല; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവ് നല്‍കും

മേയ് ഒന്ന് മുതൽ നടപ്പാക്കാനിരുന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ താല്‍ക്കാലികമായി ഇളവ് നിർദേശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പരിഷ്കരണത്തിനായുള്ള ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാലാണ് ഇളവുകൾ അനുവദിക്കുന്നത്. അതേസമയം, നിലവിലുള്ള റോഡ്-എച്ച് ടെസ്റ്റ് രീതികളില്‍ മാറ്റം വരുത്താനും ഗതാഗതവകുപ്പ് തീരുമാനിച്ചു. മേയ് രണ്ട് മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.
ഇനി മുതല്‍ റോഡ് ടെസ്റ്റിന് ശേഷമായിരിക്കും എച്ച് ടെസ്റ്റ്. നിലവില്‍ എച്ച് ടെസ്റ്റായിരുന്നു ആദ്യം നടത്തിയിരുന്നത്. മാറ്റങ്ങളെക്കുറിച്ചുള്ള വിശദമായ സര്‍ക്കുലര്‍ പിന്നീട് പുറത്തിറക്കുമെന്ന് ഗതാഗത കമ്മിഷണര്‍ അറിയിച്ചു. 

ടെസ്റ്റിന്റെ ഭാഗമായ ‘എച്ച്’ ടെസ്റ്റ് പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ എടുക്കാം. കയറ്റത്തില്‍ നിർത്തി പുറകോട്ടെടുക്കുന്നതും, പാർക്കിങ്ങും, റോഡ് ടെസ്റ്റിനിടയിൽ ചെയ്യിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, കയറ്റത്ത് നിർത്തി പുറകോട്ട് എടുക്കുന്നത് തുടങ്ങിയവ ഉൾപ്പെട്ടതാണ് കാറിന്റെ ലൈസൻസ് എടുക്കാനുള്ള പുതിയ രീതി. ഇതിനുള്ള സജ്ജീകരണങ്ങളെല്ലാം ഗ്രൗണ്ടിൽ ഉണ്ടാകേണ്ടതുണ്ട്. എന്നാൽ ഇവ നിലവിലെ ഗ്രൗണ്ടുകളിൽ പ്രായോഗികമല്ലെന്നതിനാലാണ് ഇളവ് നല്‍കുന്നത്.

അതേസമയം, പ്രതിദിനം നല്‍കുന്ന ലൈസന്‍സുകളുടെ എണ്ണം 60 ആക്കി നിജപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. പുതുതായി ടെസ്റ്റില്‍ പങ്കെടുക്കുന്ന 40 പേര്‍ക്കും തോറ്റവര്‍ക്കുള്ള റീ ടെസ്റ്റില്‍ പങ്കെടുക്കുന്ന 20 പേര്‍ക്കുമാണ് ഒരു ദിവസം അവസരമുണ്ടാവുക.
മേയ് ഒന്ന് മുതല്‍ പ്രതിദിനം 30 ലൈസൻസ് മാത്രം നൽകിയാൽ മതിയെന്ന നിർദേശത്തിലാണ് ഇളവ് വരുത്തിയത്. 

Eng­lish Sum­ma­ry: The grounds were not ful­ly pre­pared; Dri­ving test revi­sion will be relaxed

You may also like this video

Exit mobile version