Site iconSite icon Janayugom Online

രൂപയുടെ വളര്‍ച്ച പടവലങ്ങ പോലെ; 80ലേക്ക് കൂപ്പുകുത്തി

രൂപയുടെ വിനിമയ മൂല്യത്തില്‍ വീണ്ടും റെക്കോഡ് ഇടിവ്. ഡോളറിനെതിരെ 79.81ലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. 22 പൈസയുടെ ഇടിവാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയത്. വിദേശകറന്‍സികളുമായുള്ള വിനിമയത്തിൽ ഡോളർ 20 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചുയര്‍ന്നു. നിലവില്‍ ഡോളര്‍ ഇന്‍ഡക്സ് 108.59 എന്ന നിലയിലാണ്. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഡോളറിനെതിരെ രൂപയുടെ പതനം തുടരുകയാണ്. ചൊവ്വാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 79.59 എന്ന നിലയില്‍ എത്തിയിരുന്നു. സെന്‍ട്രല്‍ ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തുന്നതും പണപ്പെരുപ്പ ആശങ്കയും മൂലം വിദേശ നിക്ഷേപകര്‍ ആഭ്യന്തര വിപണികളില്‍ നിന്ന് വന്‍ തോതില്‍ പണം പിന്‍വലിക്കുന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. 

യുഎസില്‍ ചില്ലറപ്പണപ്പെരുപ്പം നാലു പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 9.1 ശതമാനത്തിലാണ്. ഇതാണ് ഫെഡറല്‍ റിസേര്‍വിനെ പലിശ നിരക്ക് ഉയര്‍ത്താന്‍ നിര്‍ബന്ധിതമാക്കിയത്. അതിനിടെ ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടം രേഖപ്പെടുത്തി. സെന്‍സെക്സ് 372 പോയിന്റ് ഇടിഞ്ഞ് 53,514.15ത്തിലെത്തി. നിഫ്റ്റി സൂചിക 91.65 പോയിന്റും ഇടിവ് രേഖപ്പെടുത്തി. 

Eng­lish Summary:The growth of the rupee is like a boom; Increased to 80
You may also like this video

Exit mobile version