ലോകപ്രശസ്ത റോക്ക് ബാൻഡ് ‘ഗ്രേറ്റ്‌ഫുൾ ഡെഡ്’ സഹസ്ഥാപകനും പ്രമുഖ ഗിറ്റാറിസ്റ്റുമായ ബോബ് വെയർ (78) അന്തരിച്ചു. വെള്ളിയാഴ്ച അദ്ദേഹത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മരണവാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ജൂലൈയിൽ കാൻസർ സ്ഥിരീകരിച്ചിരുന്ന അദ്ദേഹം, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പ്രിയപ്പെട്ടവർക്കരികിൽ വെച്ചാണ് അന്തരിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു. മരണം എവിടെ വെച്ചായിരുന്നു എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.
ഗ്രേറ്റ്‌ഫുൾ ഡെഡിന്റെ മുഖമുദ്രയായിരുന്ന റിഥം ഗിറ്റാറിസ്റ്റും പ്രധാന ഗായകനുമായിരുന്നു ബോബ് വെയർ. ബാൻഡിന്റെ ഇതിഹാസ താരം ജെറി ഗാർഷ്യയ്‌ക്കൊപ്പം ചേർന്ന് ദശകങ്ങളോളം അദ്ദേഹം ബാൻഡിനെ നയിച്ചു. ലോകപ്രശസ്തമായ ‘ട്രക്കിൻ’ എന്ന ഗാനത്തിന് ശബ്ദം നൽകിയതും, ‘ഷുഗർ മഗ്നോളിയ’, ‘പ്ലേയിങ് ഇൻ ദി ബാൻഡ് ‘, ‘ജാക്ക് സ്ട്രോ’ തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ രചിച്ചതും വെയർ ആയിരുന്നു. അദ്ദേഹത്തിന്റെ ആകർഷകമായ രൂപവും വൈവിധ്യമാർന്ന സംഗീത ശൈലിയും ഗ്രേറ്റ്‌ഫുൾ ഡെഡിന്റെ ജനപ്രീതി വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. ബ്രിട്ടീഷ് പത്രമായ ദി ഇൻഡിപെൻഡന്റ് അദ്ദേഹത്തെ “റോക്ക് സംഗീതത്തിലെ ഏറ്റവും മികച്ച റിഥം ഗിറ്റാറിസ്റ്റ്” എന്നാണ് വിശേഷിപ്പിച്ചത്. 1995ൽ ജെറി ഗാർഷ്യയുടെ മരണശേഷം ‘റാറ്റ്ടോഗ്’ എന്ന സ്വന്തം ബാൻഡിലൂടെയും മറ്റ് ഗ്രേറ്റ്‌ഫുൾ ഡെഡ് അംഗങ്ങൾക്കൊപ്പമുള്ള സംഗീത പരിപാടികളിലൂടെയും അദ്ദേഹം സജീവമായിരുന്നു. റോക്ക് സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് ബോബ് വെയറുടെ വിയോഗം.

