കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ തുടരാമെന്ന് വാരണാസി സിവില്‍ കോടതി. സര്‍വേയുടെ ചുമതലയുള്ള അഭിഭാഷക കമ്മിഷനെ മാറ്റണമെന്ന ആവശ്യവും കോടതി തള്ളി. ഈ മാസം പതിനേഴോടെ സര്‍വേ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
അഡ്വക്കേറ്റ് കമ്മീഷണര്‍ അജയ് കുമാര്‍ മിശ്ര പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മസ്ജിദ് കമ്മിറ്റി കോടതിയെ സമീപിച്ചിരുന്നത്. മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച അപേക്ഷയില്‍ ഇന്നലെ വാദമുഖങ്ങള്‍ പൂര്‍ത്തിയായിരുന്നു. മസ്ജിദിനോടുചേര്‍ന്ന തര്‍ക്കപ്രദേശത്ത് നിത്യപ്രാര്‍ത്ഥന അനുവദിക്കണമെന്ന അഞ്ച് സ്ത്രീകളുടെ ഹര്‍ജിയിലാണ് സിവില്‍ കോടതി ജഡ്ജി രവികുമാര്‍ ദിവാകര്‍ സര്‍വേ നടത്താന്‍ ഉത്തരവിട്ടത്.
കാശി വിശ്വനാഥ ക്ഷേത്രം, ഗ്യാന്‍വാപി മസ്ജിദ് എന്നിവ സ്ഥിതി ചെയ്യുന്ന മേഖലയില്‍ സര്‍വേ നടത്താനും, നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മിച്ചതെന്ന ഹിന്ദുസംഘടനകളുടെ വാദം മുമ്പ് പലതവണ തള്ളിയതാണെങ്കിലും വാരണാസി സിവില്‍ കോടതി സര്‍വേ നടത്താന്‍ ഉത്തരവിടുകയായിരുന്നു. സര്‍വേയ്ക്കെതിരെ മുസ്ലിം വിഭാഗക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഗ്യാന്‍വാപി വിഷയം ഒരിക്കല്‍കൂടി കോടതിയിലേക്ക് എത്തിയത്.
English Summary:The gyanvapi mosque survey may continue
You may also like this video