Site iconSite icon Janayugom Online

ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; കൈപ്പത്തി അറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈപ്പത്തികൾ അറ്റു. കർണാടക ബാഗൽക്കോട്ട് ജില്ലയിലെ ഇൽക്കലിലാണ് സംഭവം. ബസവരാജേശ്വരി യരണാല എന്ന സ്ത്രീയുടെ കൈപ്പത്തികളാണ് പൊട്ടിത്തെറിയിൽ നഷ്ടപ്പെട്ടത്. ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയറാണ് പൊട്ടിത്തെറിച്ചത്. അയല്‍വാസിയുടെ പേരില്‍ വന്ന കൊറിയര്‍ വാങ്ങി പരിശോധിക്കുന്നതിനിടെയായിരുന്നു സംഭവം. കഴിഞ്ഞ മാസം പതിനഞ്ചിനാണ് ബസവരാജേശ്വരിയുടെ പക്കല്‍ കൊറിയര്‍ എത്തിയത്. അയല്‍വാസിയായ ശശികലയുടെ പേരില്‍ ബുക്ക് ചെയ്തതായിരുന്നു കൊറിയര്‍. ഡെലിവറി ബോയ് ശശികലയുടെ ഫോണില്‍ വിളിച്ചപ്പോള്‍ അവര്‍ സ്ഥലത്തുണ്ടായിരുന്നില്ല. പാക്കേജ് അടുത്ത വീട്ടിലെ ബസവരാജേശ്വരിയെ ഏല്‍പ്പിക്കാന്‍ പറഞ്ഞു.

ഓണ്‍ലൈനില്‍ ഒന്നും ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്നും വന്ന പാക്കേജ് വാങ്ങിവച്ചാല്‍ മതിയെന്നും ശശികല പറഞ്ഞു. ഇതുകേട്ട് ബസവരാജേശ്വരി അടുത്തുള്ള കൊറിയര്‍ കമ്പനി ഓഫിസില്‍ ചെന്ന് പാഴ്സല്‍ വാങ്ങിക്കൊണ്ടുവന്നശേഷം കവര്‍ തുറന്നപ്പോള്‍ ഉള്ളില്‍ ഒരു ഹെയര്‍ ഡ്രൈയര്‍. അത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കാന്‍ കണക്ട് ചെയ്ത് നോക്കിയപ്പോഴാണ് ഹെയര്‍ ഡ്രൈയര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.

ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയപ്പോഴേക്കും ബസവരാജേശ്വരിയുടെ കൈകള്‍ ചിതറിത്തെറിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. നവംബറില്‍ നടന്ന സംഭവത്തിന്‍റെ വിവരങ്ങള്‍ ബസവരാജേശ്വരിയുടെ ഭര്‍തൃസഹോദരന്‍ ശിവന്‍ഗൗഡ യര്‍നാല്‍ കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. ബസവരാജേശ്വരിയുടെ ഭര്‍ത്താവ് പാപ്പണ്ണ യര്‍നാല്‍ സൈനികനായിരുന്നു. 2017ല്‍ ജമ്മു കശ്മീരില്‍ വച്ച് ഷോക്കേറ്റ് മരിച്ചു. യൂസര്‍ മാന്വല്‍ നോക്കാതെ ഉപയോഗിച്ചതുകൊണ്ടാണ് ബസവരാജേശ്വരിയുടെ കയ്യിലിരുന്ന ഹെയര്‍ ഡ്രൈയര്‍ പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക പരിശോധനയ്ക്കുശേഷം ബാഗല്‍കോട്ട് എസ്പി അമര്‍നാഥ് റെഡ്ഡി അറിയിച്ചു. പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്. 

Exit mobile version