Site iconSite icon Janayugom Online

പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

പട്ടണക്കാട് പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ലൈഫ് ഭവനപദ്ധതി പട്ടികയിലുൾപ്പെട്ട് പട്ടണക്കാട് ഗ്രാമപഞ്ചായത്തുമായി കരാറിലേർപെട്ട ഗുണഭോക്താവാണ് ആത്മഹത്യ ചെയ്തത്. കയർതൊഴിലാളിയായിരുന്നു. യുഡിഎഫ് ആണ് ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് മേനാശ്ശേരി ചൂപ്രത്ത് സിദ്ധാർത്ഥനെ(74)യാണ് കഴിഞ്ഞ ദിവസം താല്ക്കാലിക ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉദ്യോഗസ്ഥനെതിരായ ആത്മഹത്യാകുറുപ്പും കണ്ടെത്തിയിട്ടുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. ഓണത്തിനു മുന്നോടിയായി പഞ്ചായത്ത് ഓഫീസിലെത്തിയ സിദ്ധാർത്ഥനോടും ഭാര്യയോടും ഉദ്യോഗസ്ഥൻ മോശമായി പെരുമാറി കരാർ ഉടമ്പടി തിരികെ നൽകുമെന്നു ഭീഷണിപ്പെടുത്തിയതായാണ് പരാതി. ഇതേ തുടർന്നു മാനസിക വിഷമത്തിലായിരുന്നു സിദ്ധാർത്ഥൻ. 

ഗ്രാമപഞ്ചായത്തില്‍ നിന്നും ആള്‍ വന്നു നോക്കിയ ശേഷം മാത്രം പണി തുടങ്ങിയാൽ മതിയെന്നു നേരത്തെ ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചിരുന്നു. സിദ്ധാർത്ഥന്റെ ഭാര്യ ജഗദമ്മയുടെ പേരിലാണ് വീട് അനുവദിച്ചിരിക്കുന്നത്. പഞ്ചായത്തുമായി കരാറിലേർപെട്ടതോടെ പഞ്ചായത്തു നിർദ്ദേശിച്ച പ്രകാരം ഉണ്ടായിരുന്ന വീടുപൊളിച്ചു ഷീറ്റുഷെഡിലായിരുന്നു വയോജന ദമ്പതികൾ താമസിച്ചിരുന്നത്. അതിനാൽ തന്നെ നിർമ്മാണ അനുമതിക്കായി സ്ഥലം വന്നു നോക്കാൻ നിരവധിതവണ ഇവർ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും പലവിധ കാരണങ്ങൾ പറഞ്ഞ് മടക്കിയയച്ചിരുന്നതായാണ് പരാതി. 

ഏറ്റവും ഒടുവിൽ ഓഫീസിലെത്തിയപ്പോഴാണ് കരാർ മടക്കിനൽകുമെന്നു ഭീഷണി മുഴക്കിയത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ മറ്റു ഗുണഭോക്താക്കളും സമാനപരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. വീടിനായി വർഷങ്ങളായി പഞ്ചായത്തിൽ കയറിയിറങ്ങിയ ശേഷമാണ് സിദ്ധാർത്ഥന് ഇക്കുറി വീടനുവദിച്ചത്. ഭർത്താവിന്റെ മരണത്തിനു കാരണക്കാരായ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപെട്ട് ഭാര്യ ജഗദമ്മ പട്ടണക്കാട് പോലീസിൽ പരാതി നൽകി. മുഖ്യമന്ത്രിക്കും തദ്ദേശസ്വയംഭരണവകുപ്പു മന്ത്രിക്കും പരാതി നൽകുന്നുണ്ട്.

Exit mobile version