Site iconSite icon Janayugom Online

ശിരോവസ്ത്ര വിവാദം; കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന്‌ സ്റ്റേയില്ല

ശിരോവസ്ത്ര വിവാദത്തിൽ ഹൈക്കോടതിയിൽ നിന്ന് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് തിരിച്ചടി. ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേയില്ല. ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സ്കൂളിന്റെ ആവശ്യം ഹൈക്കോടതി തള്ളി. സ്കൂളിന്റെ ഹർജിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ശിരോവസ്ത്ര വിവാദത്തിന് പിന്നാലെ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ പഠനം 8ാം ക്ലാസുകാരി ഉപേക്ഷിച്ചിരുന്നു. മാനസികമായി ബുദ്ധിമുട്ട് നേരിട്ടതിനാൽ സ്കൂളിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് കുട്ടിയുടെ പിതാവ്‌ മാധ്യമങ്ങളോട് പറഞ്ഞു. 

തനിക്കും കുടുംബത്തിനും സ്കൂൾ മാനേജ്മെന്റ് നീതി നിഷേധിച്ചതായും മകൾ ക്ലാസിൽ എത്താതിരുന്നപ്പോൾ ഒരു തവണ പോലും സ്കൂളിൽ നിന്നും ആരും വിളിച്ചില്ല. ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ കുട്ടി പലപ്പോഴും സ്കൂളിന് പുറത്ത് നിൽക്കേണ്ടി വന്നിട്ടുണ്ടെന്നും അച്ഛൻ പറഞ്ഞു. മകൾ സ്കൂൾ മാറ്റാൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പും പൊതുസമൂഹവും ഒപ്പമുണ്ടായിട്ടും സ്കൂൾ മാനേജ്മെന്റ് പിടിവാശി തുടർന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

അതേസമയം കുട്ടിക്ക് പള്ളുരുത്തി സ്കൂളിൽ പഠിക്കാനുള്ള എല്ലാ അവകാശവും ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. സ്കൂൾ അധികൃതർ കുട്ടിയെ വിളിച്ച് പ്രശ്നങ്ങൾ പരിഹരിക്കണം. കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദത്തിന് ഉത്തരവാദികൾ മറുപടി പറയണമെന്നും മന്ത്രി പറഞ്ഞു. അതേസമയം സ്കൂളിലെ നിയമങ്ങളും നിബന്ധനകളും പാലിച്ച് വിദ്യാർത്ഥിനി വന്നാൽ വിദ്യ നൽകാൻ സ്കൂൾ തയ്യാറാണെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ആൽബി ഇന്നലെ പ്രതികരിച്ചു.

Exit mobile version