Site iconSite icon Janayugom Online

ചൂട് കനക്കുന്നു; വെള്ളം കുടിക്കാന്‍ സ്കൂളുകളില്‍ വാട്ടര്‍ ബെല്‍

കുട്ടികൾക്ക് ക്ലാസ് സമയത്ത് ശുദ്ധജലം ലഭ്യമാക്കാനുള്ള വാട്ടർബെൽ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചു. മണക്കാട് കാർത്തിക തിരുനാൾ ഗവണ്‍മെന്റ് വി ആന്റ് എച്ച്എസ്എസിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സ്‌കൂളുകളിൽ വാട്ടർ ബെൽ സംവിധാനം കൊണ്ടുവരാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

ക്ലാസ് സമയത്ത് കുട്ടികൾ മതിയായ അളവിൽ ശുദ്ധജലം കുടിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കുട്ടികൾക്ക് വെള്ളം കുടിക്കുന്നതിനായി രാവിലെ 10.30 നും ഉച്ചക്ക് രണ്ടിനും വാട്ടർ ബെൽ മുഴക്കി അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേളകൾ അനുവദിക്കും. വെള്ളം വീട്ടിൽ നിന്നുംകൊണ്ട് വരാത്ത വിദ്യാർത്ഥികൾക്കായി സ്കൂളുകളിൽ ശുദ്ധജലം ഉറപ്പാക്കുകയും വേണം. ഈ നിർദേശങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തുന്നതിനായി ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ, റിജിയണൽ ഡപ്യുട്ടി ഡയറക്ടർമാർ (ഹയർ സെക്കന്‍ഡറി വിഭാഗം), അസിസ്റ്റന്റ് ഡയറക്ടർമാർ (വിഎച്ച്എസ്ഇ വിഭാഗം) തങ്ങളുടെ അധികാര പരിധിയിൽ വരുന്ന സ്കൂളുകളിലെ പ്രധാനാധ്യാപകർ/പ്രിൻസിപ്പൽമാർ എന്നിവർക്ക് നിർദേശം നൽകേണ്ടതാണെന്ന സർക്കുലർ കഴിഞ്ഞ ദിവസം പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യമാണ് നമ്മുടെ സമ്പത്ത് എന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവർത്തനമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. ഈ പദ്ധതിയോട് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. 

Eng­lish Summary:The heat is over­whelm­ing; Water bell in schools for drink­ing water
You may also like this video

Exit mobile version