Site icon Janayugom Online

മറഞ്ഞത് കുട്ടനാടിനെ ഹൃദയത്തോട് ചേര്‍ത്ത കലാകാരന്‍

നെടുമുടി വേണുവിന്റെ വിയോഗത്തിലൂടെ മറഞ്ഞത് കുട്ടനാടിനെ ഹൃദയത്തോട് ചേര്‍ത്ത കലാകാരന്‍. കലാ, സാഹിത്യ രംഗത്തും മറ്റു സാംസ്കാരിക മേഖലയിലും നിരവധി പ്രമുഖരെ കൈരളിക്ക് സമർപ്പിച്ച കുട്ടനാടിനെ നെഞ്ചോട് ചേർത്ത്, ജനിച്ചുവളർന്ന നാടിന്റെ പേര് സ്വന്തം പേരിനൊപ്പം ചേർത്തവർ ചുരുക്കം. കലാ, സാഹിത്യ രംഗത്ത് കുട്ടനാടിന്റെ പ്രശസ്തി വാനോളമുയർത്തിയ പ്രമുഖരായിരുന്നു വിശ്വ സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയും നാടക കൃത്തും കവിയും ഗാനരചയിതാവുമായ കാവാലം നാരായണപ്പണിക്കരും അഭിനയ ചക്രവർത്തി നെടുമുടി വേണുവും. കുട്ടനാടിന്റെ മൂന്ന് കരകളെയാണ് മൂവരും പ്രതിനിധാനം ചെയ്തിരുന്നത്.

ചെറിയ പ്രദേശങ്ങളായ തകഴിയും കാവാലവും നെടുമുടിയും കുട്ടനാടിനേക്കാൾ പ്രശസ്തമായതിന് പിന്നിൽ ഈ പ്രമുഖർ തങ്ങളുടെ പേരിനൊപ്പം ജനിച്ചുവളർന്ന നാടിന്റെ പേര് കൂടി ഉൾപ്പെടുത്തിയതിനാലാണ്. വിശ്വാസാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ള സാഹിത്യത്തിലൂടെ കുട്ടനാടിന്റെ ഖ്യാതി ലോകമെമ്പാടുമെത്തിച്ചപ്പോൾ കാവാലം നാരായണപ്പണിക്കർ കവിതകളിലൂടെയും നാടകഗാനങ്ങളിലൂടെയും നാടൻ പാട്ടുകളിലൂടെയും ഈ കാർഷിക നാടിന്റെ പ്രശസ്തി മാലോകരിലെത്തിച്ചു. അഭിനയ ചക്രവർത്തിയായ നെടുമുടി വേണുവാകട്ടെ, ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി ലോകമെമ്പാടുമുള്ള എല്ലാ വിഭാഗം ആളുകളിലേക്കും തന്റെ പേരിനൊപ്പമുള്ള സ്ഥലത്തിന്റെ പേരിലൂടെ കുട്ടനാടിനെ ലോകത്തിന് കൂടുതൽ സുപരിചിതമാക്കി. കായൽ ടൂറിസത്തിന് പേരുകേട്ട കുട്ടനാട്ടിൽ സഞ്ചാരികൾ ആദ്യമെത്തിച്ചേരുക നെടുമുടിയിലാണ്.

കാവാലം കുട്ടനാടിന്റെ മറ്റൊരു കരയിലും തകഴി വേറൊരു കരയിലുമാണ്. മൂവരും തങ്ങൾ ജനിച്ചുവളർന്ന നാടിന്റെ പേര് തങ്ങളുടെ പേരുകൾക്കൊപ്പം ചേർത്തതിലൂടെ കുട്ടനാടിന്റെ പ്രശസ്തി ലോകമെമ്പാടുമെത്തുന്നതിന് സഹായകമായി. കുട്ടനാടിന്റെ ഇതിഹാസമായ വിശ്വ സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ കഥാപാത്രങ്ങൾക്കധികവും ജന്മം നൽകിയത് ഇതേ നാടായന്നതിനാൽ ആ നിലക്ക് കുട്ടനാടിന്റെ ഖ്യാതി സാഹിത്യ ലോകത്ത് ഇന്നും നിറഞ്ഞുനിൽക്കുന്നുണ്ട്.

കാവാലം നാരായണപ്പണിക്കരുടെ ഗാനങ്ങളുടെയും കവിതകളുടെയുമധികം പ്രമേയവും കുട്ടനാടും നെൽപാടങ്ങളും കർഷകരും തൊഴിലാളികളുമൊക്കെയായിരുന്നു. നെടുമുടിയാകട്ടെ, നാടകത്തിലൂടെ കലാരംഗത്തെത്തി വെള്ളിത്തിരയിൽ ചേക്കേറിയതോടെ ഈ അഭിനയ ചക്രവർത്തി സിനിമാ പ്രേക്ഷകരുടെയാകെ നാവിൻ തുമ്പിൽ എക്കാലവും നിറഞ്ഞുനിൽക്കുന്ന പേരുകളിലൊന്നായി കുട്ടനാട്ടിലെ ഈ കൊച്ചുഗ്രാമത്തിന്റെ പേര് മാറിക്കഴിഞ്ഞു. തകഴിയും കാവാലവും നവതിയോടടുത്ത് ജീവിച്ചെങ്കിലും നെടുമുടി സപ്തതി പിന്നിട്ടപ്പോൾ തന്നെ ജീവിതാഭിനയത്തോട് വിടപറഞ്ഞു.

Exit mobile version