കണ്ണൂർ വിസി പുനർനിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫയലിൽ സ്വീകരിക്കാതെ തള്ളിയത്. കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജിക്കാർ കോടതിയെ സമീപിച്ചത്. എന്നാൽ നിയമന നടപടികൾ സർവകലാശാല ചട്ടങ്ങൾ പാലിച്ചാണെന്ന് കോടതി നിരീക്ഷിച്ചു. സിംഗിൾ ബെഞ്ച് ഹർജി തള്ളിയതോടെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനൊരുങ്ങുകയാണ് ഹർജിക്കാർ.
2017 നവംബർ മുതൽ ഇക്കഴിഞ്ഞ നവംബർ 22 വരെയായിരുന്നു കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി. എന്നാലിത് അടുത്ത നാല് വർഷത്തേക്കു കൂടി പുനർ നിയമനം നടത്തി ഉത്തരവിറക്കിയതാണ് വിവാദമായത്. നിയമന ഉത്തരവിൽ ഒപ്പിട്ടത് സർക്കാർ സമ്മർദ്ദത്താലാണെന്ന് ഗവർണറുടെ വെളിപ്പെടുത്തലും വിഷയം കൂടുതൽ സങ്കീർണമാക്കി. കണ്ണൂർ വിസി പുനർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ .ആർ ബിന്ദുവിന്റെ ഇടപെടൽ വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നിരുന്നു. അക്കാദമിക് മികവ് നിലനിർത്താൻ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് ഗവർണർക്കാണ് മന്ത്രി കത്ത് നൽകിയത്.
english summary; The High Court dismissed the petition challenging the re-appointment of Kannur VC
you may also like this video;