Site iconSite icon Janayugom Online

ആംബുലന്‍സുകളുടെ പ്രവര്‍ത്തനത്തില്‍ സംശയങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി

ആംബുലന്‍സുകളുടെ പ്രവര്‍ത്തനത്തില്‍ സംശയങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി. എല്ലാ ആംബുലന്‍സുകളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയാനാവില്ലെന്ന് കോടതി പറയുന്നു. ആംബുലന്‍സിന്റെ സൈറണ്‍ കേട്ടാല്‍ എല്ലാവരും വഴിമാറി കൊടുക്കും. പൊലീസ് അടക്കമുള്ളവര്‍ അങ്ങനെയാണ് ചെയ്യുക. എന്നാല്‍ എന്താണ് അവര്‍ ആ വാഹനത്തില്‍ കൊണ്ടുപോകുന്നതെന്ന് ദൈവത്തിന് മാത്രം അറിയാമെന്നും കോടതി പറഞ്ഞു. അതുകൊണ്ട് ആംബുലന്‍സുകളെ നിരീക്ഷിക്കാന്‍ സംവിധാനം വേണം. ആംബുലന്‍സുകള്‍ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ ശ്രദ്ധ വേണം. അതിനായി നിയമം കൊണ്ടുവരണമന്നും ഹൈക്കോടതി വ്യക്തമാക്കി. കൊച്ചി നഗരത്തില്‍ പ്രത്യേകിച്ചൊരു നിയമം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

ആംബുലന്‍സിനകത്ത് നടന്ന ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ടുള്ള ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് ഗോപിനാഥ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഈ പ്രശ്‌നങ്ങള്‍ ഗൗരവ സ്വഭാവത്തിലുള്ളതാണെന്നും, സംസ്ഥാനത്ത് വെളിച്ചത്ത് വന്ന ഇത്തരം സംഭവങ്ങളുടെ പട്ടികയില്‍ വരുന്ന കേസാണിതെന്നും ഗോപിനാഥ് പറഞ്ഞു. ഇതൊരു ഗുരുതര വിഷയമാണെന്ന് നമുക്ക് അറിയാം. പക്ഷേ ഇതിനെ പൊലീസ് എങ്ങനെയാണ് നിയന്ത്രിക്കുക. നഗരത്തില എല്ലാ ആംബുലന്‍സും തടഞ്ഞ് പരിശോധിക്കാന്‍ ഒരിക്കലും പൊലീസിനാവില്ലെന്നും കോടതി വ്യക്തമാക്കി. എല്ലാ ആംബുലന്‍സുകളും യഥാര്‍ത്ഥ രോഗികളെ കൊണ്ടുപോകുന്നവരല്ലെന്ന് തനിക്ക് ഉറപ്പാണെന്നും ജസ്റ്റിസ് ഗോപിനാഥ് പറഞ്ഞു. ഇതൊരു നിരീക്ഷണം മാത്രമാണ്. ആംബുലന്‍സുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.

അതുകൊണ്ട് ഒരു ഉപകരണം വെച്ച് ഇതിനെ ട്രാക്ക് ചെയ്യേണ്ടതുണ്ടെന്നും സര്‍ക്കാര്‍ പ്ലീഡര്‍ പറഞ്ഞു. പ്രത്യേകതയുള്ള ഗ്ലാസുകളും സൈറണുകളും കുറ്റവാളികള്‍ക്ക് ആംബുലന്‍സ് ഒരു മറയാക്കി ഉപയോഗിക്കാന്‍ സഹായകരമാകും. ഇവര്‍ക്ക് ട്രാഫിക് തിരക്കുകളെ മറികടന്ന് പോകാനും സാധിക്കും. ചെന്നൈയില്‍ താന്‍ പോയപ്പോള്‍ അവിടെ തെരുവുകളിലൂടെ ഒരൊറ്റ ആംബുലന്‍സുകള്‍ പോലും പോവുന്നതായി കണ്ടിട്ടില്ല. അത്രയേറെ ജനവാസമുള്ളനഗരമാണത്. എന്നാല്‍ കൊച്ചിയില്‍ ഒരുപാട് ആംബുലന്‍സുകളാണ് റോഡിലുള്ളത്. ഒരു ലൊക്കേഷനില്‍ വലിയ ഗ്രൂപ്പായി തന്നെ ആംബുലന്‍സുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. ഇത് സംശയാസ്പദമാണെന്നും കോടതി നിരീക്ഷിച്ചു. അടുത്തിടെ കേരളത്തില്‍ നടന്നിട്ടുള്ള കൊലപാതകങ്ങളില്‍ ആംബുലന്‍സുകള്‍ ഉപയോഗിച്ചത് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.

eng­lish sum­ma­ry; The High Court has raised doubts about the func­tion­ing of ambulances

you may also like this video;

Exit mobile version