Site icon Janayugom Online

സഞ്ജിത്ത് വധക്കേസ് സിബിഐക്ക് വിടണമെന്ന ഹർജി ഹൈക്കോടതി തള്ളി

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ് സിബിഐക്ക് വിടണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹർജിയെ എതിർത്തുകൊണ്ടുള്ള സർക്കാരിന്റെ വാദങ്ങൾ പരിശോധിച്ച കോടതി ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്ന് വിലയിരുത്തി.

കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ ഭാര്യ അർഷികയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇതിനകം പ്രധാന പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തതായും സമയബന്ധിതമായി കുറ്റപത്രം നൽകിയതായും കോടതി വിലയിരുത്തി.

തുടർ അന്വേഷണത്തിന് പൊലീസ് മേധാവി മേൽനോട്ടം വഹിക്കണമെന്നും അവസാനത്തെ പ്രതിയും അറസ്റ്റിലായി എന്ന് ഉറപ്പാക്കും വരെ ഇത് തുടരണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് കെ ഹരിപാൽ ആണ് കേസ് പരിഗണിച്ചത്.

അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികളെ കണ്ടെത്താനും പിടികൂടാനും കേരള പൊലീസിനു സാധിച്ചിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ അന്വേഷണം സിബിഐയ്ക്കു വിടേണ്ട സാഹചര്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

ഇത് അംഗീകരിച്ചാണ് കോടതി സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടെടുത്തിരിക്കുന്നത്. കഴിഞ്ഞ നവംബർ 15നാണ് മമ്പ്രത്തു വച്ചു ബൈക്കിൽ ഭാര്യയ്ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അഞ്ചംഗ സംഘം ഇടിച്ചിട്ട ശേഷം വെട്ടി കൊലപ്പെടുത്തിയത്.

കൊലപാതകം രാഷ്ട്രീയ വൈരാഗ്യമാണെന്നു ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചിരുന്നു. അവസാനത്തെ പ്രതിയും അറസ്റ്റിലായെന്ന് ഉറപ്പാക്കും വരെ പൊലീസ് മേധാവി കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും കോടതി നിർദേശിച്ചു.
Eng­lish summary;The High Court has reject­ed a peti­tion seek­ing trans­fer of the San­jith mur­der case to the CBI

You may also like this video;

Exit mobile version