Site iconSite icon Janayugom Online

‘ചുരുളി’ നിയമ ലംഘനം നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലെത്തിയ ‘ചുരുളി’ നിയമ ലംഘനം നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി. സംവിധായകനോട് വള്ളുവനാടന്‍, കണ്ണൂര്‍ ഭാഷാ ശൈലികളില്‍ മാത്രം ചിത്രമെടുക്കാന്‍ പറയാന്‍ കോടതിക്ക് കഴിയില്ല, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേല്‍ കൈകടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. ചുരുളിയിലെ ഭാഷ സഭ്യമല്ലെന്നും പ്രദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ‘വള്ളുവനാടന്‍ ശൈലിയിലോ കണ്ണൂര്‍ ശൈലിയിലോ മാത്രമേ സിനിമയെടുക്കാന്‍ പാടുള്ളൂ എന്ന് സംവിധായകനോട് എങ്ങനെയാണ് കോടതി ആവശ്യപ്പെടുക? ചുരുളിയിലേത് ആ ഗ്രാമത്തിലെ ആളുകള്‍ സംസാരിക്കുന്ന ഭാഷയാണ്. സിനിമ നിലവിലുള്ള ഏതെങ്കിലും നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് മാത്രമേ കോടതിക്ക് നിരീക്ഷിക്കാന്‍ കഴിയുകയുള്ളൂ. അതോടൊപ്പം തന്നെ ആവിഷ്‌കാര സ്വാതന്ത്ര്യവും പരിഗണിക്കേണ്ടതുണ്ട്. ഇതില്‍ ക്രിമിനല്‍ കുറ്റങ്ങളൊന്നുമില്ലെന്നാണ് പ്രഥമദൃഷ്ട്യാ കോടതിക്ക് തോന്നുന്നത്’, ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. 

ചുരുളിയില്‍ സഭ്യമല്ലാത്ത ഭാഷയാണുപയോഗിച്ചത് എന്നാരോപിച്ച് പെഗ്ഗി ഫെന്‍ എന്ന വ്യക്തിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിക്കൊണ്ട് സെന്‍സര്‍ബോര്‍ഡ് തന്നെ നിയമലംഘനം നടത്തിയെന്നും ഇത്തരം ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ത്യന്‍ പീനല്‍ കോഡിന്റെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു. സി.എ അനൂപ്, കൃഷ്ണ ആര്‍ എന്നിവരാണ് ഹരജിക്കാരനുവേണ്ടി ഹാജരായത്. എന്നാല്‍, ഹരജിക്കാരന്‍ സൗകര്യപൂര്‍വം സിനിമയുടെ ഇതിവൃത്തം ഒഴിവാക്കി കഥാപാത്രങ്ങള്‍ മോശം ഭാഷാപ്രയോഗങ്ങള്‍ നടത്തുന്ന ചില രംഗങ്ങള്‍ മാത്രം തെരഞ്ഞെടുത്താണ് പരാതിയുമായി എത്തിയിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഒടിടി പ്ലാറ്റ്‌ഫോമില്‍നിന്നും ചിത്രം നീക്കം ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം. ഈ ആവശ്യം തള്ളിയ കോടതി, അത് കലാകാരന്റെ വകതിരിവാണെന്നും നിരീക്ഷിച്ചു. തുടര്‍ന്ന് ചിത്രത്തിന്റെ പ്രമേയം കേസ് പരിഗണിച്ച ബെഞ്ച് ചുരുക്കി വിശദീകരിച്ചു. ‘ഒരു കാടിനുള്ളില്‍ സംവിധായകന്‍ നിര്‍മ്മിച്ചെടുത്ത സാങ്കല്‍പിക ഗ്രാമമാണ് ചുരുളി. ചുരുളിയിലെ ആളുകള്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവുമില്ല. നാടുവിട്ടെത്തിയ ക്രിമിനലുകള്‍ മാത്രമുള്ള സ്ഥലമാണത്. വൃത്തികെട്ടതും അശ്ലീലവുമായ ഭാഷയാണ് അവരുടേത്. 

ക്രിമിനലിനെ അന്വേഷിച്ച് രണ്ട് പൊലീസുകാര്‍ അവിടേക്കെത്തുന്നു. അന്വേഷണത്തിനിടെ പൊലീസുകാരും സമാന ഭാഷതന്നെ ഉപയോഗിക്കുകയും ഒടുവില്‍ അയാളെ കണ്ടെത്തുകയും ചെയ്യുന്നു. പൊതുസംസ്‌കാരത്തിനും സഭ്യതയ്ക്കും ചേര്‍ന്നതല്ല സിനിമയിലെ ഭാഷാ പ്രയോഗമെന്നും ഇത്തരം സിനിമകള്‍ കുറ്റകൃത്യങ്ങളെ പരിപോഷിപ്പിക്കുന്നു എന്നുമാണ് പരാതിക്കാരന്റെ വാദം’, കോടതി ചൂണ്ടിക്കാട്ടി. ‘സിനിമ സംവിധായകന്റെ കലയാണ്. അദ്ദേഹത്തിന് അതിനുള്ള ആവിഷ്‌കാര സ്വാതന്ത്ര്യവുമുണ്ട്. ഭരണഘടനയുടെ 19ാം അനുച്ഛേദം അഭിപ്രായസ്വാതന്ത്ര്യം പൗരന്മാരുടെ മൗലികാവകാശമാണെന്ന് വിഭാവനം ചെയ്യുന്നു. ആര്‍ട്ടിക്കിള്‍ 19 (2)ല്‍ വിശദീകരണങ്ങളോടുകൂടിയ നിയന്ത്രങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്’, കോടതി വ്യക്തമാക്കി. ഈ സിനിമ തിയേറ്ററുകളിലല്ല ഒടിടിയിലാണ് റിലീസ് ചെയ്തത്. അതുകൊണ്ടുതന്നെ ആളുകളെ തടവിലിട്ട് കാണിക്കുന്നു എന്ന പരാതിക്ക് അടിസ്ഥാനമില്ലെന്നും കോടതി വിലയിരുത്തി. കേസില്‍ കോടതി ഡിജിപിയെ കക്ഷിചേര്‍ത്തു. ഡിജിപിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സമിതി സിനിമ കണ്ട് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ENGLISH SUMMARY:The High Court has ruled that ‘Chu­ruli’ has not vio­lat­ed the law
You may also like this video

Exit mobile version